ചിന്ത

G. N Pillai
G. N. Pillai

ആന്തരികമായ ക്രിയാശക്തിയാണ്‌ ചിന്ത. ചിന്തയുടെ നാദമാണ്‌ വാക്ക്‌. ബോധമനസ്സിന്റെ പ്രക്രിയയാണ്‌ ചിന്ത. എന്നാല്‍ അബോധമണ്‌ഡലത്തില്‍ നിന്നാണ്‌ വാക്കുകളുടെ പ്രവാഹം. അകത്ത്‌ ഒരരുവി തെളിഞ്ഞുവരുന്നതുപോലെയാണ്‌ ചിന്ത ഉണരുന്നത്‌. ചിന്ത ഒരു ചലനമാണ്‌. പുറം വായിച്ചാല്‍ അത്‌ മനസ്സിലാവില്ല. ഊര്‍ജ്ജമുണ്ടായിക്കഴിഞ്ഞാല്‍ ചലനമുണ്ടാവുന്നു.

എന്താണ്‌ ഒരു ചിന്ത? ഇതൊരു ഓര്‍ഡറിങ്‌ ആണ്‌. ചിന്തയുടെ ഒരു ഭാഗം കണക്കുകൂട്ടലാണ്‌. നിങ്ങള്‍ ആസ്വദിച്ചതിന്റെ പിന്നിലേക്ക്‌ ചെന്ന്‌ അതിന്റെ കാര്യകാരണ ബന്ധങ്ങള്‍ അറിയുന്നതാണ്‌ ചിന്ത. ചിന്താശക്തിയെന്നാല്‍ ഒന്നിനെ മറ്റൊന്നുമായി ചേര്‍ത്ത്‌ കൊളുത്തിപ്പിടിക്കുവാനുള്ള ശക്തിയാണ്‌. രണ്ടു സാധനങ്ങളെ ചേര്‍ത്ത്‌ പിടിക്കലാണ്‌; ഒന്നിനെ മറ്റൊന്നിനോട്‌ ബന്ധിപ്പിക്കലാണ്‌ ചിന്ത. ചിന്തയുടെ ഒരു ഘട്ടത്തില്‍ വിശ്വാസമുണ്ടാക്കാന്‍വേണ്ടി നാം നമ്മെത്തന്നെ വിശ്വസിപ്പിക്കുന്നുണ്ട്‌. ചിന്തയുടെ ഹാര്‍മൊണൈസേഷനാണ്‌ പഠനം.

ചിന്തിക്കണമെങ്കില്‍ ഉള്ളില്‍ നിന്നുണരുന്ന ബിംബാവലികളില്‍നിന്ന്‌ മാറിനില്‍ക്കണം. മനസ്സില്‍ വന്ന ക്രിയയെ പരിശോധിക്കാന്‍ തുടങ്ങുക. അബോധമനസ്സില്‍നിന്ന്‌ വരുന്ന ചോദനകളെ ആദ്യം അറിയാന്‍ ശ്രമിക്കുക. ബോധമനസ്സ്‌ വളര്‍ന്നവര്‍ക്ക്‌ ചിന്തകളെ സബ്ലിമേറ്റ്‌ ചെയ്യാന്‍ കഴിയും. മനനംകൊണ്ട്‌, ചിതറിപ്പോയ മാനസികോര്‍ജ്ജത്തെ തിരിച്ചുകൊണ്ടുവന്ന്‌ സബ്ലൈം ചെയ്യാനും കഴിയും. അനുഭവങ്ങളെല്ലാം ആനന്ദകരമാണെങ്കില്‍ ജീവിതം ഒരിക്കലും പ്രോഗ്രസ്സീവ്‌ ആയിരിക്കുകയില്ല. ചിന്ത വളരില്ല. ഏതൊരു ചിന്തയും ആന്തരികമായ ആഘാതത്തിന്റെ ഫലമായിട്ടേ ഉണ്ടാവുന്നുള്ളു.

പൊന്‍നിറമുള്ള വിശുദ്ധചിന്ത മാനവവര്‍ഗ്ഗത്തിന്റേതാണ്‌. ചിന്തകൊണ്ട്‌ അഹങ്കാരത്തെ ആനീകരിക്കുവാന്‍ കഴിയും. മനനവൃത്തികൊണ്ടാണ്‌ ഇത്‌ കഴിയേണ്ടത്‌. ഇത്‌ സരസ്വതീരഹസ്യം കൂടിയാണ്‌.

– ജി.എന്‍.പിള്ള

Share Button