വാങ്മയങ്ങളുടെ നക്ഷത്രലോകം
സൂക്ഷ്മത്തിനും സ്ഥൂലത്തിനുമിടയ്ക്കുള്ള ഭാവപ്രപഞ്ചത്തിലാണ് എഴുത്തുകാരന്റെ വ്യാപാരം. ഈ ഭാവപ്രപഞ്ചത്തില്‍ ത്രികാലങ്ങളും ത്രിലോകങ്ങളുമുണ്ട്. ഭാവപ്രപഞ്ചത്തിലെ ത്രികാലങ്ങളേയും ത്രിലോകങ്ങളേയും ജയിക്കുമ്പോഴാണ് എഴുത്തുകാരന്റെ സപര്യ സഫലമാകുന്നത്. ഈ ത്രിത്വങ്ങളെ ജയിക്കുവാന്‍ സമര്‍ത്ഥമായ യത്നം നടത്തിയിട്ടുണ്ട് എന്നതാണ് ടി.ആര്. എന്ന കഥാകാരന്റെ സവിശേഷത.
ത്രികാലങ്ങളുടേയും ത്രിലോകങ്ങളുടേയും പെരുക്കത്തില്‍ നിന്നാണ് നവമാനം. ഈ നവമാനത്തിന്റെ സാംഖ്യഗണിതം ഒമ്പതാകാം; അമ്പതാകാം. ആ കണക്ക് എഴുത്തുകാരന്റെ സ്വന്തമാണ്.
ഭാവപ്രപഞ്ചത്തിന്റെ ത്രിലോകങ്ങളില്‍ (ഉന്നതം, സമതലം, നിമ്നം) ആഴം തേടിയാണ് ടി.ആറിന്റെ യാത്ര. അപൂര്‍വ്വതയുടെ കാര്യത്തില്‍ ഭൂമിയേക്കാള്‍ മെച്ചപ്പെട്ടതാണ് പാതാളം. നമ്മെ പരിഭ്രമിപ്പിക്കുന്ന ഭാവസങ്കലനങ്ങള് അവിടെയുണ്ട്. ആഴങ്ങളിലെ ഭാവവൈചിത്ര്യങ്ങളെ അതിശയകരമായി ടി.ആര്. അവതരിപ്പിക്കുന്നു.
ഏറെ ആഴങ്ങളിലേക്ക് പോകുമ്പോള്‍ ചുവപ്പുതന്നെയാണ് സ്ഥായിയായ വര്‍ണ്ണം. ടി.ആര്. കഥകളില്‍ തുടുത്തുനില്ക്കുന്നതും ഈ കടുംനിറം തന്നെയാണ്. ഹരിതത്തില്‍ നിന്ന് പടര്‍ന്നിറങ്ങി നീലിമയിലേക്ക് നാമ്പുനീട്ടുന്ന ചുവപ്പ്. ചുവന്ന മേശവിരി, ചെമ്പരത്തിപ്പൂവ്, തുടുത്ത തക്കാളി, ചോരപ്പൂക്കള്‍, ചുവന്നു തുടുത്ത കണ്ണുകള്‍, ചുവന്നെഴുന്നുയരുന്ന പട്ടട, ചെത്തിപ്പൂക്കള്‍ ഇങ്ങനെ ചുവന്നുതുടുത്ത ബിംബങ്ങള്‍ ടി.ആര്. കഥകളില്‍ സുലഭമാണ്.
‘ഒരോര്‍മ്മയുടെ ചുവന്നപ്രപഞ്ചത്തില് സംവര്‍ത്തനന്‍ ഏകനായി അലഞ്ഞു’. ‘ഉത്പത്തി വിചാരം രണ്ട്’ എന്ന കഥയിലെ ഈ വരികള്‍ ശ്രദ്ധിക്കുക.
‘ഭൂമിയുടെ ചുവന്നുതുടുത്ത ചുണ്ടുകളില്‍ നീലരാത്രി തങ്ങിനിന്നു.’ എന്ന ‘പ്രഭാത’ത്തിലെ സങ്കല്‍പ്പത്തിന്റെ ചാരുത ഓര്‍ത്തെടുക്കുക.
നിറങ്ങളില്‍ ചുവപ്പെന്നപോലെ, മറ്റു ചില പ്രതീകങ്ങളും ടി.ആര്. കഥകളില്‍ ആവര്‍ത്തിച്ചുവരുന്നുണ്ട്; കുരിശ്, വ്രണം, കത്തി, പിളര്‍ന്ന മാറിടം, പാറ, എല്ലിന്കൂട്ടം, പുകക്കെട്ട്…
ഗന്ധബിംബങ്ങള്‍ ടി.ആര്. വിരളമായി മാത്രം ഉപയോഗിച്ചുകാണുന്നു. അവ ഉപയോഗിക്കുമ്പോഴും ദൃശ്യബിംബങ്ങള്‍ അകമ്പടിയായുണ്ട്. ‘നിഴല്പ്പുരയില്’ എന്ന കഥയിലെ ‘പഴുത്തൊലിക്കുന്ന വ്രണത്തിന്റെ മണമുള്ള ഉച്ച’ എന്ന വരി ഉദാഹരണം.
ദൂരകാലങ്ങളുടെ കുരിശില്നിന്നുള്ള മോചനം കൊതിക്കുന്നവരാണ് ടി.ആറിന്റെ കഥാപാത്രങ്ങള്‍. ‘മാറ്റമില്ലാത്ത വര്‍ഷങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന ഭാവി കാണുമ്പോള്‍ നടുങ്ങിപ്പോകുന്നു. നിറഭേദംപോലുമില്ലാത്ത കുറെ പതിവുകളുള്ള ഈ ലോകം തനിക്ക് മടുത്തു’ എന്നാണ് ‘മണ്‍കൂനകള്‍’ എന്ന കഥയിലെ പരിദേവനം. ‘സമയത്തില്‍ തുടരുന്നവന് സമയത്തെ കഴുകിക്കളയുന്നതെങ്ങനെ?’ എന്നതാണ് ‘രത്നാകരന്റെ ദാമ്പത്യം’ എന്ന രചനയിലെ സന്ദേഹം.
മരണം നന്മയുടെ പര്യായവും തുടര്‍ന്നുള്ള ജീവിതം തിന്മയുടെ അനുനാസികവുമാണെന്ന് ടി.ആര്. ഓര്‍മ്മിപ്പിക്കുന്നു. ഏറ്റവും വലിയ നന്മ മനുഷ്യത്വം തന്നെയാണെന്നും.
മനുഷ്യന്റെ മനസ്സില്‍ ജന്മാന്തരങ്ങളായി ഊറിക്കിടക്കുന്ന ‘ഭയം’ എന്ന ഭാവത്തിന്റെ വിരേചനക്രിയയാണ് ‘കോനാരി’ എന്ന കഥ. ‘കാടിന്റെ അതിരില്‍ വേതാളപ്പോത്. പോതിന്, പുലരി വിരിയുന്ന പോതിന്, കാടു പാതാളപ്പൂട്ടിട്ടു. പൂട്ടുണര്ന്ന്, പൂവുലഞ്ഞ് പുലരിയെത്തി. ഒടുക്കത്തെ കല്ലഴിച്ച് കൂമന്തറയിലെ അന്തിക്കുഴിയില് വിളര്ത്തുപൊട്ടുന്ന നിഴലറിയാതെ, പാതാളപ്പൂട്ട് ഉലച്ചുതുറന്ന്, പുലരിപ്പൂവിരിഞ്ഞു. കാടിന്റെ മനംപൊട്ടി.’
തുള്ളിയുറയുന്ന ഗ്രാമ്യകാമത്തിന്റെ കര്‍മ്മപദ്ധതിയാണ് ‘കൊരുന്ന്യോടത്ത് കോമുട്ടി’ എന്ന കഥ ‘കോമുട്ടി അനക്കമറ്റു കിടന്നു. ജാനമ്മ കോമുട്ടിയുടെ മേല്‍ ഉടഞ്ഞുവീണു. രാവൊടുങ്ങുംവരെ ആണുംപെണ്ണും ഉടഞ്ഞുവാര്ന്നു.’
രതിയുടെ പച്ചയായ വിവരണമല്ല, ചാരുതയാര്‍ന്ന ധ്വന്യാത്മകവര്ണ്ണനകള് ടി.ആര്. കഥകളിലുണ്ട്. ‘അശാന്തി’ എന്ന കഥയുടെ പിന്കുറിപ്പായ ‘ഉള്‍ക്കടല്‍’ എന്ന ഒന്നര പേജോളം വരുന്ന ഭാഗം രതിയുടെ സൂചകവര്ണ്ണനകള് നിറഞ്ഞതാണ്. ‘ഗോയുഥികം’ എന്ന മിനിക്കഥയിലും പ്രകൃതിവര്‍ണ്ണനകളും രതിസൂചനകളും സുലഭമാണ്.
കാമം അവസാനിക്കുക സര്വ്വനാശത്തിലാണെന്ന് ‘പ്രവാഹം’ എന്ന കഥയിലെ കുരുടന്റെ സുവിശേഷം വ്യക്തമാക്കുന്നു. ‘അറിഞ്ഞതിനേക്കാള്‍ ഏറെ ദുഃഖംഅറിയാനിരിക്കുന്നു. അല്ലെങ്കില്‍ ദുഃഖമില്ലെന്നും അറിയുക’ എന്നും കുരുടന് മൊഴിയുന്നു.
മുറിഞ്ഞുപാളിയ നിലാവില്, ചെറുസംഘങ്ങള്‍ ഭൂതങ്ങളെപ്പോലെ, നിഴലുകളെപ്പോലെ തോണിയാത്ര ചെയ്യുന്നു. എന്നിട്ട് ചരല്‍പ്പാതയിലൂടെ വിരസരായി നടക്കുന്നു. ഗന്ധങ്ങളില്ലാത്ത, വായുവില്ലാത്ത, സ്ഫടികക്കൂട്ടിലെത്താനുള്ള വ്യഗ്രത.
‘ഉല്പ്പത്തിവിചാരം രണ്ട്’ എന്ന കഥയിലെ ഈ വരികളിലെ അര്‍ത്ഥമാനം അമ്പരപ്പിക്കുന്നതാണ്. ‘എന്റെ വീട്ടില്‍ ചോളം സൂക്ഷിക്കുന്നത് എവിടെയാണ്’എന്ന കഥയിലെ വരികളിലെ ധ്വനനശക്തിയും.
‘എന്റെ പുര നിറയെ വ്യാപിക്കുന്ന മണം വിങ്ങിവീര്ക്കുന്ന ചോളത്തിന്റേതായിരുന്നു. നക്ഷത്രത്തിന്റെ ആകൃതിയും നിറവുമുള്ള ചോളമണിയില് പഴയ മണ്ണേകിയ മാംസമാണ്. മാംസത്തിന്റെ മധ്യത്തില്‍, സൂക്ഷ്മവൃത്തത്തില് കൊഴുത്ത ദ്രാവകം തിളയ്ക്കുന്നു. ഗോപുരഭിത്തികള് തുളച്ച് പുറത്തുപ്രവേശിക്കാന് കൊതിക്കുന്ന ഊക്കുള്ള ദ്രാവകം. അതിന്റെ രൂക്ഷഗന്ധം ഒരു ശാപത്തെപ്പോലെ എന്നെയും ഓമനയേയും എപ്പോഴും വേട്ടയാടി.’
വിസ്മൃതിക്കും വിസ്മൃതിക്കും ഇടയിലെ ഓര്‍മ്മ ഹ്രസ്വമായ ഇടവേള. ഒന്നിനും വേണ്ടിയല്ലാതെ ദുഃഖിക്കാനുള്ള ഇടവേള. ഒടുവില്‍ നിതാന്തനിശ്ചലമായ വിസ്മൃതി ‘മറക്കപ്പെടുന്നവര്‍ മരിക്കുകയാണ്. മറ്റുള്ളവര്‍ക്കുവേണ്ടി താനും എത്രതവണ മരിച്ചു’ എന്ന് ‘ആവര്‍ത്തന’ത്തിലെ നായകന് ചകിതനാകുന്നു.
ദൈവത്തിന്റെ ബോധാകാശത്തില്‍ പിശാചിന്റെ സത്യങ്ങള്‍ മിന്നല്പിണരുകളായി. മൂന്നു മിന്നല്പിണര്. മൂന്നു സത്യങ്ങള്‍, ഭൂമിയിലേറ്റവും മധുരമുള്ള വിഷം പക്ഷികളുടെ ശ്വാസകോശത്തില്‍ ഊറുന്ന മധുവാണ്. ലിംഗഭേദം വരുമ്പോള്‍, തവളകള്‍ മനുഷ്യരെപ്പോലെ ആഹ്ലാദിക്കുന്നില്ല. ലൂയി പതിനാലാമന്‍ പ്രപഞ്ചത്തിന്റെ ആധാരശിലയാണ്.
‘ഉണര്‍ന്നവരും ഉറങ്ങുന്നവരും’ എന്ന കഥയിലെ സത്യദര്‍ശനം ഇങ്ങനെയാണ്.
മലയാളകഥാപ്രപഞ്ചത്തില് വാങ്മയങ്ങളുടെ ഒരു നക്ഷത്രലോകം ചമച്ച ടി.ആര്. എന്ന എഴുത്തുകാരന്റെ കഥാസങ്കല്പം ശ്രദ്ധേയമാണ്.
‘കഥയുടെ മാദ്ധ്യമം നിമിഷപരമ്പരയിലൂടെ നീളുന്ന പദപരമ്പരയും അത് നിഴലിക്കുന്ന കാലപ്രവാഹവുമാണ്’ ഓരോ അക്ഷരവും ഓരോ വാക്കും കടക്കുമ്പോള്‍ നാം ഓരോ നിമിഷം കൂടി പിന്നിടുകയാണെന്നും ടി.ആര്. പറഞ്ഞുവെച്ചു.
‘അല്ലെങ്കില്‍, ആദ്യവാക്യത്തിന്റ നിയമപ്രാബല്യമുള്ള അനന്തരാവകാശിയാവണം അടുത്ത വാക്യമെന്ന് നീ ശഠിക്കുന്നതെന്തിന്?’ എന്ന ‘നാടുവാഴിയുടെ തയ്യല്‍ക്കാര’നിലെ ചോദ്യം ടി.ആര്. കഥകളിലേക്കുള്ള ഒരു താക്കോല്പ്പഴുതാണെന്നും നാം അറിയുന്നു.
– എ.പി. നളിനന്