തിരുവോണം

pookalam
നിറവിന്റെ ഉത്സവമാണ്‌ തിരുവോണം. നിറങ്ങളുടെ മഹോത്സവം മലയാളിയുടെ മനസ്സില്‍ മധുരം പകരുന്ന ആവണിപ്പൊന്നോണം. ഒരു ജീവിതത്തിന്റെ ബോധധാരയെ ഒരുമിച്ചോര്‍ക്കുന്നതാണ്‌ തിരുവോണമെന്ന്‌ വിശേഷജ്ഞര്‍ പറയുന്നു. “നവ്യദര്‍ശനത്തിനുള്ള മനുഷ്യഹൃദയത്തിന്റെ സ്വപ്‌നദാഹം തന്നെയല്ലേ ഓണത്തിന്റെ കലാപൂര്‍ണ്ണിമ?”

ഓണത്തിന്റെ ഐതിഹ്യപ്പെരുമ മഹാവിഷ്‌ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയോടും അസുര ചക്രവര്‍ത്തി മഹാബലിയോടും ബന്ധപ്പെട്ടുകിടക്കുന്നു. മൂന്നടി മണ്ണ്‌ ദാനം നല്‍കാനാവാതെ, വിരാട്‌രൂപിയായ വാമനന്‌ മുന്നില്‍ നമ്രശിരസ്‌കനായി നിലകൊണ്ട മഹാബലി പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്‌ത്തപ്പെട്ടു. ആണ്ടിലൊരിക്കല്‍ നാടുകാണാന്‍ വരുന്ന പ്രജാവത്സലനായ ചക്രവര്‍ത്തിയെ എതിരേല്‍ക്കാന്‍ പൂക്കളമൊരുക്കി കേരളീയര്‍ കാത്തിരിക്കുന്നുവെന്നാണ്‌ ഓണത്തിന്റെ സങ്കല്‌പം. ബുദ്ധമതത്തോടും ചേരമാന്‍ പെരുമാളിനോടും ഓണത്തെ ചേര്‍ത്തുവായിക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിച്ചിട്ടുണ്ട്‌. എന്നാല്‍ കാലത്തിന്റെ പെരുക്കക്കള്ളികളില്‍ തളച്ചിടാന്‍ പറ്റാത്ത വിധം ഓണം എന്ന വിസ്‌മയം വളര്‍ന്നു വികസിച്ചിരിക്കുന്നു. സ്‌നേഹത്തിന്റേയും സമത്വത്തിന്റേയും സമൂഹനന്മയുടേയും വര്‍ണ്ണപ്പീലികള്‍ ചൂടി നവമാനം കൈവരിച്ചിരിക്കുന്നു. ഓണം ഇന്ന്‌ പൂര്‍ണ്ണതയുടെ, ഐശ്വര്യത്തിന്റെ, ആമോദത്തിന്റെ, ഒരുമയുടെ ശ്രാവണപൂര്‍ണ്ണിമയാണ്‌.

boatrace

അത്തം തൊട്ട്‌ പത്തുനാള്‍ തിരുവോണം വരെ തുടിച്ചുനില്‍ക്കുന്ന ഈ കാര്‍ഷികോത്സവത്തിന്റെ ആഘോഷപ്പൊലിമ നാലാം ഓണം വരെ തുടരുന്നു. കൃത്യമായി പറഞ്ഞാല്‍ അത്തച്ചമയം തൊട്ട്‌, നാലാം ഓണം കഴിഞ്ഞ്‌ പിറ്റേന്ന്‌ നടക്കുന്ന ഉത്രട്ടാതി വള്ളംകളി വരെ കേരളക്കര ഓണാഘോഷത്തിന്റെ തിമര്‍പ്പിലാണ്‌. മദ്ധ്യകേരളത്തില്‍ പുലിക്കളിയും കുമ്മാട്ടിക്കളിയും ആഘോഷങ്ങള്‍ക്ക്‌ പൊലിമ കൂട്ടുന്നു. ഓണത്തല്ലും പന്തുകളിയും ഊഞ്ഞാലാട്ടവും കൈകൊട്ടിക്കളിയും തുമ്പിതുള്ളലുമായി നാടാകെ ഉണരുന്നു. തുമ്പയും അതിരാണിയും മുക്കുറ്റിയും വേലിയരിപ്പൂവും വിടര്‍ന്ന്‌ നില്‍ക്കുന്ന നാട്ടുവഴികളില്‍ തുയിലുണര്‍ത്തുന്ന പൂപ്പൊലി പാട്ടുകളുടെ ആരവം – “മഞ്ഞപ്പൂവേ പൂത്തിരുളേ, നാളേയ്‌ക്കൊരു കൊട്ട പൂ തരുമോ?” എന്നും “ചങ്ങല വാതില്‍ക്കലയ്യപ്പാ, കുന്നുകുലുക്കി പൂ തരണേ” എന്നും ഉറക്കെ അഭ്യര്‍ത്ഥിക്കുന്ന, “ആന പോകുന്ന പൂമരത്തിന്റെ ചോടെ പോകുന്നതാരെടാ?” എന്ന ചോദ്യത്തിന്‌ “ആരനുമല്ല കൂരനുമല്ല കുറ്റിക്കാട്ടുണ്ണി കുറുമ്പന്നി” എന്ന്‌ മറുവാക്കോതുന്ന, “തൃക്കാക്കരപ്പനൊരു വിഡ്‌ഢിത്തം പറ്റി പൂവന്‍ പഴം തിന്ന്‌ പല്ലൊക്കെ പോയി, വണ്ണന്‍പഴം നിന്ന്‌ പല്ലൊക്കെ വന്നു”, “നേന്ത്രപ്പഴത്തോടു മല്ലടിച്ചു കൊന്ത്രം പല്ലൊക്കെ കൊഴിഞ്ഞുപോയി, ഉപ്പേരി പപ്പടം തിന്നുതിന്നു ഉള്ള രുചിയും പറപറന്നു” എന്ന ഹാസ്യത്തിന്റെ മേമ്പൊടി കലര്‍ന്ന ഈരടികള്‍ മൂളുന്ന, പൂവട്ടികള്‍ കഴുത്തില്‍ ചൂടിയ കൗമാരം. കൊയ്‌ത്തുത്സവത്തിന്റെ നാട്ടരങ്ങില്‍ നൃത്തം ചെയ്യുന്ന പൂത്തുമ്പികള്‍…

Sadhya1

വര്‍ണ്ണപ്പൂക്കളമാണ്‌ തിരുവോണത്തിന്റെ ശോഭ. പത്തുനിരകളില്‍ പൂക്കളമൊരുക്കുന്ന പതിവ്‌ പലയിടത്തുമുണ്ട്‌. ഗണപതി, ശിവശക്തി, ശിവന്‍, ബ്രഹ്മാവ്‌, പഞ്ചപ്രാണങ്ങള്‍, ഷണ്‍മുഖന്‍, ഗുരുനാഥന്‍, അഷ്‌ടദിക്‌പാലകര്‍, ഇന്ദ്രന്‍, വിഷ്‌ണു എന്നിങ്ങനെയാണ്‌ ഓരോ നിരകളുടേയും ദേവതാ സങ്കല്‌പം. തൃക്കാക്കരയപ്പന്‌ പൂവട നേദിക്കുന്ന പതിവുമുണ്ട്‌. കോടിയുടുത്ത്‌, തെളിദീപത്തിന്‌ മുന്നില്‍ വിഭവസമൃദ്ധമായ സദ്യയുണ്ണുന്നതാണ്‌ ഓണത്തിന്റെ ധന്യത. തിരുവോണനാളില്‍ പഴവും പായസവും പ്രധാനമാണ്‌. “കുട്ടേട്ടന്റെ കുറിപ്പുകള്‍” എന്ന പുസ്‌തകത്തില്‍ “പഴന്നുറുക്കും പിണ്ടിപ്പായസവും” എന്നൊരു ശീര്‍ഷകത്തിന്‍ കീഴില്‍ കുഞ്ഞുണ്ണിമാഷ്‌ ഇക്കാര്യം സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. “തിരുവോണ വിഭവങ്ങളില്‍ പ്രധാനം പഴന്നുറുക്കാണ്‌. (പഴന്നുറുക്ക്‌ എന്നുതന്നെ പറയണം, പഴംനുറുക്കായാല്‍ സ്വാദുപോയി.)

Pulikkali

പഴുത്ത്‌ കറുത്ത പുള്ളിവീണ നാടന്‍ നേന്ത്രപ്പഴം തടയും കടയും ചെത്തിക്കളഞ്ഞ്‌ മൂന്നോ നാലോ കഷണങ്ങളാക്കി ചെമ്പില്‍ പുഴുങ്ങിയെടുത്താല്‍ പഴന്നുറുക്കിന്റെ നിറം ചെമ്പിന്റേതാകും…”. പപ്പടം കൂട്ടിയും പഞ്ചസാരയും നെയ്യും തേനും കൂട്ടിച്ചേര്‍ത്തുമൊക്കെ പഴന്നുറുക്ക്‌ കഴിക്കുന്ന രീതികളെക്കുറിച്ചും മാഷ്‌ വിസ്‌തരിച്ചിട്ടുണ്ട്‌. കാളനും ഓലനും എരിശ്ശേരിയും പുളിയിഞ്ചിയും നാലുകീറിയതും ശര്‍ക്കര ഉപ്പരിയും വലിയ പപ്പടവും പായസവുമൊക്കെയായി ഓണസദ്യയുടെ സ്വാദ്‌ മലയാളി എന്നും മനസ്സില്‍ താലോലിക്കുന്നു.

Kummattikali

ഇപ്പോള്‍ ലഭ്യമാവുന്ന ഇന്‍സ്റ്റന്റ് ഓണക്കിറ്റുകളിലെ വിഭവങ്ങള്‍ക്ക് ഈ വിശേഷരുചി അവകാശപ്പെടാനാവുമോ? ഒറ്റപ്പെട്ട ഫ്ലാറ്റുകളില്‍ ചാനലുകളിലെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാ‍മുകളുടെ വിരസതയില്‍ ഓണം കൂടാന്‍ വിധിക്കപ്പെട്ടവരാണ് പലരും. പാരഡി സീഡികളുടെയും ശുഷ്കമായ സാംസ്കാരികാഘോഷങ്ങളുടെയും ഇടയ്ക്ക് യാന്ത്രികമായ ആവര്‍ത്തനത്തിന്റെ മടുപ്പിലേക്ക് ഇന്ന് ഓണം വഴുതി വീഴുന്നു. “കാണുവാനില്ലാതെയായെന്‍ കലണ്ടറില്‍ ഓണവും ഞാറ്റുവേലയും സംക്രാന്തിയു”മെന്ന വരകവി ഒ.എന്‍.വി യുടെ പരിദേവനം ഏറെ മുമ്പെ തന്നെ നാം കേട്ടതാണ്. എന്നാലും, ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം സമ്മാനിക്കുന്ന ഓണത്തിന് “കുനുന്തുമ്പയില്‍ ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലെ!” എന്ന് നന്ദി പറയുന്ന പ്രശസ്തകവി കക്കാടിന്റെ ആശ്വാസപൂര്‍‌വമായ അഭിവാദ്യവും നാം ഓര്‍ക്കുക.

ഓണം അപൂര്‍വ്വതയുടെ ചാരുതയാണ്‌. വൈവിധ്യങ്ങളുടെ നിറമേളനമാണ്‌. സാംസ്‌കാരിക കേരളത്തിന്റെ കൃതാര്‍ത്ഥതയാണ്‌. ചിങ്ങപ്പൂക്കളും ചിത്തിരത്തുമ്പികളും ഇളവെയിലില്‍ പങ്കിടുന്ന സൗഹൃദത്തിന്റെ തേന്‍മധുരമാണ്‌. ഓണനിലാവിന്റെ തെളിമയും കുളിര്‍മ്മയുമുള്ള ഓര്‍മ്മ മലയാളിയുടെ മനസ്സിലെ സാന്ത്വനമാണ്‌.

-ഊര്‍മ്മിള

Image courtesy : Wikipedia

Share Button