നിരൂപണത്തിലെ സമഗ്രദര്‍ശനം
2014 ഡിസംബര്‍ 22 – വിമര്ശകന്, വാഗ്മി, കവി, നാടകകൃത്ത്, അദ്ധ്യാപകന്, സംഘാടകന്‍ എന്നീ നിലകളില്‍ പെരുമ നേടിയ പ്രൊഫ. എ.പി.പി നമ്പൂതിരിയുടെ ഇരുപത്തിമൂന്നാം ചരമ വാര്‍ഷികദിനം. കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസ്സ്. വേദിയില്‍ അദ്ധ്യക്ഷനായി പ്രശസ്ത ചരിത്രകാരന് ഡോ.എം.ജി.എസ് നാരായണന്. മലയാളസാഹിത്യ നിരൂപണരംഗത്തെ സവിശേഷസാന്നിദ്ധ്യമായിരുന്ന പ്രൊഫ. എ.പി.പി യുടെ സാഹിത്യസപര്യയെ വിലയിരുത്തുന്ന ടി.എസ് അനുപമയുടെ ‘നിരൂപണത്തിലെ സമഗ്രദര്‍ശനം’ എന്ന ഗ്രന്ഥം പ്രശസ്ത കഥാകാരന് ശ്രീ. വി.ആർ. സുധീഷിന് നല്‍കിക്കൊണ്ട് ശ്രീമതി ശ്രീദേവി കക്കാട് പ്രകാശനം ചെയ്തപ്പോള്‍ എ.പി.പി യുടെ സുഹൃത്തുക്കളും ബന്ധുക്കളും ശിഷ്യരും നന്മനിറഞ്ഞ വ്യക്തിശുദ്ധിയ്ക്കു മുമ്പില്‍, നിറമൗനത്തിന്റെ സായാഹ്നത്തില്‍, ഒരു നിമിഷം അഞ്ജലീബദ്ധരായി….
തേജസ്വിനി പ്രസാധനം പ്രസിദ്ധീകരിക്കുന്ന ഏഴാമത്തെ പുസ്തകമാണ് ‘നിരൂപണത്തിലെ സമഗ്രദര്‍ശനം’. കോഴിക്കോട് സര്‍വ്വകലാശാലയില്‍ മലയാളം എം.എ വിദ്യാര്‍ത്ഥിനിയായിരുന്ന ടി.എസ് അനുപമ, സര്‍വ്വകലാശാലയിലെ മലയാളം അദ്ധ്യാപകനായ ഡോ.കെ.എം അനിലിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ ഈ പഠനവും ഏറെക്കുറെ സമഗ്രമാണ്.
പ്രൊഫ. എ.പി.പി എന്ന വ്യക്തിയേയും അദ്ദേഹത്തിന്റെ കൃതികളേയും അടുത്തറിയുവാന്‍ അനുപമയുടെ ഈ ഗ്രന്ഥം സഹായകരമാണ്. “വേണ്ടത്ര വിലയിരുത്തപ്പെടാതെ പോയ നിരൂപകപ്രതിഭയാണ് പ്രൊഫ. എ.പി.പി” എന്ന് പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച ഡോ.കെ.എം അനില്‍ അഭിപ്രായപ്പെട്ടു. “മലയാളത്തില്‍ ഇനിയും നിര്‍വ്വഹിക്കപ്പെടേണ്ടതാണ് എ.പി.പി.യുടെ വിമര്‍ശന പ്രപഞ്ചത്തെ മുന്‍നിര്‍ത്തിയുള്ള ഗവേഷണം. അതൊരു നാട്ടുപാതയാണ്. അകൃത്രിമവും ഹരിതാഭവുമായ നിരവധി കൗതുകങ്ങള്‍ ഈ വഴിയില്‍ പടര്‍ന്നു നില്‍ക്കുന്നുണ്ട്. ആ വിസ്മയത്തിലേക്ക് മിഴി തുറക്കുന്ന ഒരു ചെറിയ സംരംഭമാണ് ഈ കൃതി” എന്ന് ഈ ഗ്രന്ഥത്തിന്റെ അവതാരികയില്‍ ഡോ.കെ.എം അനില്‍ പ്രസ്താവിക്കുന്നുണ്ട്.
“എ.പി.പി എന്റെ സുഹൃത്തെന്നു പറയുന്നതിനേക്കാള്‍ ഞാന്‍ അദ്ദേഹത്തിന്റെ അനുയായി ആയിരുന്നു എന്നു പറയുന്നതാണ് കൂടുതല്‍ ശരി. തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ അനിഷേധ്യ നേതാവായിരുന്നു എ.പി.പി.” – ധന്യമായ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ ഓര്‍മ്മച്ചെപ്പ് സദസ്സിനുമുന്നില്‍ തുറന്നുകൊണ്ടാണ് ഡോ.എം.ജി.എസ് നാരായണന് പ്രസംഗം ആരംഭിച്ചത്.
“സ്ഥിതപ്രജ്ഞനായ, പക്വമതിയായ നിരൂപകനായിരുന്നു പ്രൊഫ. എ.പി.പി. അതുകൊണ്ടുതന്നെയാണ് അദ്ദേഹം വേണ്ടത്ര ആദരിക്കപ്പെടാതെ പോയത്. ഏറെ പഠനസാദ്ധ്യതകളുള്ളതാണ് എ.പി.പി.യുടെ വ്യക്തിത്വവും സാഹിത്യവും” – ഡോ.എം.ജി.എസ് പറഞ്ഞു.
കേരള സാഹിത്യസമിതിയുടെ അമരക്കാരനും കാര്യക്കാരനുമായി പ്രവര്‍ത്തിച്ച പ്രൊഫ. എ.പി.പി.യുടെ പ്രസന്നമായ വ്യക്തിത്വത്തെക്കുറിച്ചാണ് പുസ്തകപ്രകാശനം നിര്‍വ്വഹിച്ച ശ്രീമതി ശ്രീദേവി കക്കാട് സംസാരിച്ചത്. തിക്കോടിയന്, പ്രൊഫ. എം.ആര് ചന്ദ്രശേഖരന്, കക്കാട്, എ.പി.പി തുടങ്ങിയ സാഹിത്യകാരന്മാര് തമ്മിലുണ്ടായിരുന്ന സൗഹൃദത്തിന്റെ ആഴത്തെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ട് അവര്‍ തുടര്‍ന്നു : “ശതാവധാനി എന്നൊക്കെ നാം ചിലരെക്കുറിച്ച് പറയാറുണ്ട്. പ്രവര്‍ത്തിച്ചുപോന്ന വൈവിധ്യമാര്‍ന്ന മേഖലകളിലെല്ലാം വിജയിച്ചു എന്നതാണ് എ.പി.പി.യുടെ മഹത്വം”.
“വിമര്ശകന് ഒരു ജന്മമേയുള്ളു. വിമര്‍ശനം ഇന്ന് മൈനര്‍ ആര്‍ട്ടായി മാറിയിരിക്കുന്നു അതുതന്നെയാണ് നിരൂപകര്‍ ഇന്ന് തമസ്കരിക്കപ്പെടുവാന്‍ കാരണം.” – പുസ്തകം സ്വീകരിച്ച, എസ്.എന്‍ കോളേജില്‍ അനുപമയുടെ മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. വി.ആര് സുധീഷ് പറഞ്ഞു. കാരൂര്‍ കഥകളിലെ സെക്സിനെക്കുറിച്ചുള്ള പ്രൊഫ. എ.പി.പി.യുടെ വിശകലനവും വിമര്‍ശനവും ഏറെ ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“അദ്ധ്യാപകരിലെ സാഹിത്യവിമര്‍ശകനും സാഹിത്യ വിമര്‍ശകരിലെ അദ്ധ്യാപകനുമായിരുന്നു പ്രൊഫ. എ.പി.പി നമ്പൂതിരി”യെന്ന് അനുസ്മരണഭാഷണത്തില്‍ ശ്രീ. കാസിം വാടാനപ്പള്ളി നിരീക്ഷിച്ചു. ശ്രദ്ധേയങ്ങളായ കവിതാനിരൂപണങ്ങള്‍ എ.പി.പി.യുടേതായുണ്ടെങ്കിലും നാടകവിമര്ശനത്തിലാണ് അദ്ദേഹം കൂടുതല്‍ മിഴിവു പുലര്‍ത്തിയതെന്നും ശ്രീ. കാസിം വ്യക്തമാക്കി.
സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പ്രൊഫ. എ.പി.പി കാണിച്ച മിടുക്കും ചിട്ടയും മറ്റുള്ളവര്‍ക്ക് ഒരു പാഠമായിരുന്നുവെന്ന് കവി ശ്രീ. പി.എം നാരായണന് അനുസ്മരിച്ചു. പല സംഘടനകളുടേയും സമ്മേളനങ്ങളുടേയും സെക്രട്ടറിയായും ട്രഷററായും കാര്യക്ഷമമായി പ്രവര്‍ത്തിച്ച എ.പി.പി, കണക്കുകളുടെ കാര്യത്തില്‍ കണിശക്കാരനായിരുന്നുവെന്നും ശ്രീ. നാരായണന് പറഞ്ഞു.
തേജസ്വിനി പ്രസാധനം എഡിറ്റര്‍ ശ്രീ. എ.പി നളിനനാണ് പ്രകാശനച്ചടങ്ങില്‍ സ്വാഗതമാശംസിച്ചത്. ഗ്രന്ഥകാരി ടി.എസ് അനുപമ നന്ദി പ്രകാശിപ്പിച്ചു.
–കേശവ്