ഭാരതത്തിന്റെ പഞ്ചമം
“നിങ്ങള്‍ക്കറിയാമോ ഈ ചെന്താമരപ്പൂവിതളുകള്‍ എന്റെ ഹൃദയരക്തത്തില്‍നിന്ന് നെയ്‌തെടുത്തതാണെന്ന്? ഈ ചിറകടിക്കുന്ന പറവകള്‍ എന്റെ ആത്മാവിന്റെ സംഗീതാത്മകമായ പുനരവതാരമാണെന്ന്? ഈ പ്രകൃതിയുടെ മോഹനഗന്ധം അന്തരീക്ഷത്തില്‍ സാന്ദ്രമായി വ്യാപിച്ചു കിടക്കുന്ന എന്റെ വികാരങ്ങളാണെന്ന് ?ഇവിടെത്തിളങ്ങുന്ന വാനം, ഈ നീലഹിരണ്മയവാനം, ഞാന്‍ തന്നെയാണെന്ന്? എന്റെതന്നെ മറ്റൊരു മാനമാണെന്ന്; ദുഃഖത്തിലും ദുര്യോഗത്തിലും പിടയുന്ന സിരാവ്യൂഹങ്ങളുടെ, കോശസഞ്ചയത്തിന്റെ, ക്ഷണികതയെ അതിജീവിക്കുന്ന ഉദ്ധതവും പ്രതിബദ്ധവുമായ മറ്റൊരു മാനം”.
തീക്ഷ്‌ണമായിത്തിളങ്ങുന്ന, തുടുത്തുനില്‍ക്കുന്ന ഒരു വേനല്‍പ്പുലരിയുടെ തെളിമയില്‍ പുളകം കൊള്ളാന്‍ തന്റെ ആംഗല സുഹൃത്തായ ആര്‍തര്‍ സൈമണ്‍സിനെ ക്ഷണിച്ചുകൊണ്ട് ശ്രീമതി സരോജിനി നായിഡു എഴുതിയ കാവ്യാത്മകമായ ഒരു കത്തിലെ ഭാവരേഖകളാണ് ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് എത്ര തന്മയമായിരുന്നു ആ മനസ്സ്! എഴുതുന്നത് കവിത, പറയുന്നത് പദ്യം. ചുരുക്കത്തില്‍ കാവ്യാത്മകമായിരുന്നു ആ മനസ്സിന്റെ താളം. ഒരര്‍ത്ഥത്തില്‍ ഇന്ത്യ ഭാഗ്യവതിയാണ് ഇത്തരക്കാരുമുണ്ടായിരുന്നല്ലോ സ്വാതന്ത്ര്യ സമരത്തില്‍!
കൂട്ടില്‍ ഒരു കിളി
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു സരോജിനി ജനിച്ചത്. അന്ന് രാജമാന്യത ഇംഗ്ലീഷിന്നായിരുന്നു, ഇംഗ്ലീഷുകാര്‍ക്കായിരുന്നു. ഏത് പ്രഭുകുടുംബവും രാജമാന്യതയാണ് ആഗ്രഹിക്കുന്നത് ഇംഗ്ലീഷ് പഠിക്കുകയും ഇംഗ്ലീഷുകാരെപ്പോലെ ജീവിക്കുകയും ചെയ്യുക – ഏറെക്കുറെ ഇതായിരുന്നു അക്കാലത്തെ ആദര്‍ശം. സരോജിനിയുടെ ജീവിതവൃത്തവും ഇതില്‍നിന്ന് വിമുക്തമായിരുന്നില്ല. എഡിന്‍ബറോവിലും ബോണിലും മറ്റും ഉപരിപഠനം പൂര്‍ത്തിയാക്കിക്കൊണ്ട് ആംഗലമട്ടിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനവുമായി മുന്നേറുകയും ഹൈദരബാദിലെമ്പാടും സമാദരണീയനായിത്തിരുകയും ചെയ്‌ത അഘോരനാഥ ചാറ്റര്‍ജിയായിരുന്നു, കവിയിത്രിയുടെ പിതാവ് . തന്റെ കൊച്ചുമകള്‍ ഇംഗ്ലീഷുതന്നെ സംസാരിക്കണമെന്ന് അഘോരനാഥന് നിര്‍ബ്ബന്ധമുണ്ടായിരുന്നു. പക്ഷേ മകള്‍ക്കോ, മടുപ്പും. എന്നിട്ടൊരിക്കല്‍ ഒരുദിവസം പിതാവ് ശുണ്‌ഠിയെടുത്തു, ആംഗലം സംസാരിക്കാന്‍ മടിച്ച മകളെ പിടിച്ച് മുറിയില്‍ പൂട്ടിയിട്ടു. മുറി തുറന്നപ്പോഴോ? മനസ്സിന്റെ തടസ്സം മാറുകയായിരുന്നു. അന്ന് കൂട്ടിലിട്ട പൈങ്കിളി പിന്നെ കവിതകള്‍ പാടി. ആ പാട്ടുകള്‍ മുഴുവനും ആംഗലത്തിലായിരുന്നു.
ദേശവും ഭാഷയും
കിഴക്കിന്റെ ഭാഷയല്ലല്ലോ ആംഗലം. സഹജമായും പടിഞ്ഞാറു നോക്കിത്തന്നെയാണ് ആദ്യകാലത്ത് അവര്‍ പാടിയത്. പക്ഷെ ആംഗലസംസ്‌കാരമായിരുന്നില്ല ആ മനസ്സില്‍. തന്മൂലം കാവ്യം അതിന്റെ തായ്‌വേരില്‍നിന്ന് മാറിയാണ് ജനിച്ചത്. ഇക്കാര്യം മനസ്സിലാക്കിയ എഡ്‌മണ്ട് ഗൂസ് അവരെ നേര്‍വഴിയില്‍ നയിച്ചു. പിന്നീട് ആ ഭാഷയില്‍ ഭാരതമാണ് വിടര്‍ന്നത്. ഭാരതത്തിന്റെ ഗ്രാമങ്ങളാണ് സ്‌പന്ദിച്ചത്. അങ്ങിനെയാണ് സരോജിനി നായിഡു എന്ന ഇന്ത്യന്‍ കവയിത്രി മിഴിവ് നേടിയത്.
ഒരു ദര്‍ശനം – മാലാഖ
കാവ്യം മധുരമായ ഒരു പ്രവാഹം. അക്കാലത്താണ് പ്രേമം. സ്വാഭാവികമായും കവിത മധുരിച്ചു , അനര്‍ഗ്ഗളം പ്രവഹിച്ചു. (നൈസാമിന്റെ ഭിഷഗ്വരനായ ഗോവിന്ദരാജുലുവായിരുന്നു കാമുകന്‍) ഇംഗ്ലണ്ട് കവയിത്രിയ്‌ക്ക് ഹൃദ്യമായ പ്രദേശമായിരുന്നു. പ്രപഞ്ചത്തെ ആരാധനയോടെ നോക്കിക്കാണുന്ന കണ്ണുകളായിരുന്നു അവരുടേത്. ഒരിക്കല്‍ ഇറ്റലിയുടെ മനോഹാരിത നുകരുവാനും അവര്‍ക്കവസരമുണ്ടായി. ആരും ഇഷ്‌ടപ്പെടുന്ന മെയ്‌മാസം അലങ്കരിച്ചു നില്‍ക്കുന്ന ഫിയാസോള്‍കുന്ന് . കുന്നിന്‍ചെരിവുകളില്‍, കുറ്റിക്കാടുകളില്‍ പാറിപ്പറക്കുന്ന ദേവതകള്‍. എല്ലാം അവര്‍ കണ്ടു , സ്വപ്‌നത്തിലെന്നപോലെ കണ്ടു. ഫ്‌ളോറന്‍സിന്റെ സൗന്ദര്യം അവരെ മുഗ്‌ദ്ധയാക്കി. സൗന്ദര്യം കോരിക്കുടിച്ച് മത്തുപിടിച്ച കവയിത്രി വിളിച്ചുകൂവി : “ദൈവമേ എന്തൊരു സൗന്ദര്യം! ഇന്ന് ഞാന്‍ ജീവിച്ചിരിക്കുന്നുവല്ലോ… എന്ത് സന്തോഷം!” മിന്നാമിനുങ്ങുകള്‍ മുടിയില്‍ ചൂടിനിന്ന മനോഹരമായൊരു രാത്രിയില്‍ താനൊരു എല്‍ഫിന്‍ മാലാഖയാണെന്ന് കവയിത്രിയ്‌ക്ക് തോന്നിപ്പോയി.
എങ്കിലും ഭാരതത്തിന്റെ നേരെ നോക്കിനിന്നപ്പോള്‍ മറ്റൊരു ലോകമാണ് ആ മനസ്സില്‍ വിടര്‍ന്നു നിന്നത് . സ്വന്തം നാടിന്റെ സ്‌മരണകളാണ് ചിത്രകല്‌പങ്ങളായി അതില്‍ തെളിഞ്ഞുവന്നത് . പീലിവിരിച്ചാടുന്ന തെങ്ങും, കര്‍പ്പൂര മരങ്ങളും, അശോകമരത്തണലുകളും, അവരുടെ ചേതനയില്‍നിന്ന് കാവ്യങ്ങളിലേക്ക് തഴയ്‌ക്കുകയായി. ചെമ്പകപ്പൂക്കളും ചന്ദനത്തളിരും മാമ്പൂവും കാട്ടുതേനുമെല്ലാം അവിടെ മായാലോകം രചിച്ചുകൊണ്ട് നിരന്നുവരികയായി. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് പാടിപ്പറന്നെത്തിയ ആ കുയില്‍ ഭാരതത്തിന്റെ കാവ്യഹൃദയത്തെ വശീകരിക്കുകയായിരുന്നു.
കവിത: ഒരു വേദന
ഉന്നതമായ കാവ്യാദര്‍ശത്താല്‍ പ്രചോദിതങ്ങളായിരുന്നു, സരോജിനീദേവിയുടെ കവിതകള്‍ . സൗന്ദര്യം മുറ്റിയ സ്വന്തം വരികളില്‍ അവര്‍ ഒരിക്കലും സംതൃപ്‌തയായിരുന്നില്ല. എങ്കിലും സ്വതഃസിദ്ധമായൊരു സൗന്ദര്യവിശേഷം അവയില്‍ തുളുമ്പിനിന്നു. ജീവിത ദുരന്തങ്ങളും വ്യക്തിപരമായ ദുഃഖങ്ങളും ആ സ്വപ്‌നഗീതികളില്‍ വിഷാദം ചേര്‍ത്തപ്പോഴും അവര്‍ പാടി, മധുരമായി പാടി. ഭാവനയുടെ ചിറകുകളില്‍ തളര്‍ച്ചയേശാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടുപാടി . തന്റെ കാവ്യം അനശ്വരമായിരിക്കണം എന്ന ആഗ്രഹം സരോജിനീദേവിയ്‌ക്കുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ എഴുതി “ജീവിച്ചിരിക്കുമ്പോള്‍ എന്റെ ഏറ്റവും ഉല്‍ക്കടമായ അഭിനിവേശം ഒരു കാവ്യം, ഒരു കവിത, എന്നെന്നും നിലനില്‍ക്കുന്ന ഒരു വരിക്കവിത എഴുതുക എന്നതാണ്. ഒരുപക്ഷെ ഈ ആഗ്രഹം സഫലീകൃതമാകാതെതന്നെ ഞാന്‍ മറഞ്ഞെന്നുവരാം. എങ്കിലും ഈ അഭിവാഞ്‌ഛ തന്നെ അമേയമായ ആനന്ദവും അവാച്യമായ ഉദ്വിഗ്നതയുമാണെനിയ്‌ക്ക്”.
എന്തായിരുന്നു സരോജിനിയുടെ ലോകം? അത് മധുരമായിരുന്നു . ജീവിതത്തിന്റെ മോഹങ്ങളും ലോലമായ സ്വപ്‌നങ്ങളുമായിരുന്നു എങ്ങും. വശീകരണക്ഷമമായ പദവിന്യാസങ്ങളും മധുരചിത്രങ്ങളും മാത്രമാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. നവവധുവിന്റെ നെറ്റിത്തടത്തിന് തിലകക്കുറി (ചുവപ്പ്) മധുരാധരങ്ങള്‍ക്ക് താംബൂലം (ചുവപ്പ്) ലില്ലിപ്പൂക്കള്‍ പോലെ മൃദുലമായ വിരലുകള്‍ക്കും പാദസരമണിഞ്ഞ കാലുകള്‍ക്കും മയിലാഞ്ചി(ചുവപ്പ്). ഇതൊരു മായാലോകമാണ്. ആരെയും വശീകരിക്കുന്ന ലോകം. പക്ഷെ ഈ ചുവപ്പുകളിലെല്ലാം സരോജിനി ഉണ്ടായിരുന്നു ; സരോജിനിയുടെ ഹൃദയമുണ്ടായിരുന്നു.
എന്റെ ഹൃദയം
ഒരു ചന്ദ്രകാന്തച്ചെപ്പുപോലെയാണ്.
അതിന്റെ വിളര്‍ത്ത ഭിത്തികളില്‍
എന്റെ നനുത്ത സ്വപ്‌നങ്ങള്‍
ചിത്രണം ചെയ്‌തിരിക്കുന്നു.
ഉദാത്തവും ഉല്‍കൃഷ്‌ടവുമായ ചിന്തകള്‍
വാര്‍ത്തുതീര്‍ത്ത ചന്ദ്രകാന്തച്ചെപ്പ്.
വികാരങ്ങളുടെ ആത്മാര്‍ത്ഥതയും കല്‌പനകളുടെ ഗൂഢസൗന്ദര്യവും സരോജിനി നായിഡുവിന്റെ ഭാവഗീതികളെ അനന്യസാധാരണമായ മേഖലകളില്‍ പ്രതിഷ്‌ഠിക്കുന്നു. പൗരസ്‌ത്യം, പാശ്ചാത്യം എന്ന ഭേദമറിയിക്കാതെ മായികമായ ഒരു ലോകത്തേക്ക് ക്ഷണിക്കുന്നു, വിരുന്നൂട്ടുന്നു. ഈ സിദ്ധി ഇന്ത്യയില്‍ ജനിച്ച ഇംഗ്ലീഷുകവികള്‍ക്കില്ലതന്നെ. ഇന്ത്യ ഉണരുന്ന കാലഘട്ടമായിരുന്നല്ലോ സരോജിനിയുടെ കാലഘട്ടം. അന്ന് കവിഹൃദയങ്ങള്‍ പല സ്ഥലത്തും വിടര്‍ന്നിരുന്നു. നിറഞ്ഞ മധുവും മധുരിച്ച സ്വപ്‌നവുമായി വിടര്‍ന്നുനിന്ന ഒരു മനസ്സായിരുന്നു സരോജിനീ ദേവിയുടേത്.
-എന്‍.