ശുഭയാത്ര

അനില്‍ ചന്ദ്രന്‍
അനില്‍ ചന്ദ്രന്‍

പച്ചമാങ്ങ തിന്നുപുളിച്ച പല്ലില്‍ ഉമിക്കരി അമര്‍ത്തി തേക്കുമ്പോഴുണ്ടാകുന്ന ആ ഒരസ്വസ്ഥത… അതുപോലെയാണ്‌ മനസ്സില്‍… വിവരിക്കാനാവാത്ത ഒരു തരം തരിപ്പ്‌.

തമ്പാനൂര്‍ ബസ്‌ സ്റ്റാന്റില്‍ കാല്‍ ചവിട്ടിയപ്പോള്‍ മുതല്‍ ഞാനിതനുഭവിച്ചുതുടങ്ങിയതാണ്‌… കാലിന്റെ പെരുവിരലില്‍ തുടങ്ങി വാരിയെല്ലിന്റെ വശങ്ങളിലൂടെ മൂക്കിന്‌ തുമ്പത്തുവരെയെത്തുന്ന ഒരു മിന്നായം. കൊന്നത്തെങ്ങിന്റെ ഉച്ചിയില്‍വരെ പിടിച്ചുകയറിയവന്‍ താഴേക്കു നോക്കിയാലുണ്ടാവുന്ന ഉള്ളം കാലിലെ പെരുപ്പ്‌…

ഇങ്ങനെ തോന്നിയപ്പോഴൊക്കെ, ആകസ്‌മികയായ എന്തെങ്കിലുമൊന്ന്‌ എനിക്ക്‌ നേരിടേണ്ടിവന്നിട്ടുണ്ട്‌. പക്ഷെ അവസാന നിമിഷത്തില്‍ ഏതോ അദൃശ്യകരങ്ങളുടെ ശക്തമായ സാന്നിധ്യം എനിക്കറിയാന്‍ കഴിയും. അത്‌ ഈശ്വരനാണോ ചെകുത്താനാണോ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല. കാരണം അതിന്‌ ഉത്തരം കണ്ടെത്താന്‍ എനിക്കാവില്ലെന്ന്‌ എനിക്കുതന്നെ അറിയാം.

ചെറുപ്പത്തിലൊരിക്കല്‍, ഞാന്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന കാലം… അന്നാണാദ്യം ഇങ്ങനെയൊരു തോന്നലുണ്ടായത്‌. ഞങ്ങള്‍ പിള്ളേര്‍സെറ്റെല്ലാവരുംകൂടി ഔസേപ്പുചേട്ടന്റെ പറമ്പിലെ മള്‍ഗോവ മാങ്ങ കക്കാന്‍ പ്ലാനിട്ടു. പിച്ചുഅയ്യരുടെ മൂന്നുനില മാളികയിലേക്കാണ്‌ മാവിന്റെ കൊമ്പ്‌ ചാഞ്ഞുനില്‍ക്കുന്നത്‌. ഇടിഞ്ഞുപൊളിഞ്ഞുകിടന്ന വീടിന്റെ പിറകിലെ വാതില്‍ തുറന്ന്‌ ഞങ്ങള്‍ ഒരുവിധം തട്ടിന്‍പുറത്തെത്തി. ഓടിപൊളിച്ച്‌ കയ്യും തലയും മാത്രം പുറത്തിട്ട്‌ വലത്തോട്ടികൊണ്ട്‌ മാങ്ങ പറിക്കുകയായിരുന്നു. ദാസനാണ്‌ പറിക്കുന്ന മാങ്ങ എന്റെ കൈയിലെടുത്തുതരുന്നത്‌. ഞാനത്‌ താഴെ നില്‍ക്കുന്ന ശശിയുടെ കൈയില്‍ കൊടുക്കും. അതിനിടയിലാണ്‌ ആ തരിപ്പ്‌. മൂത്രമൊഴിക്കണമെന്നാണ്‌ ആദ്യം തോന്നിയത്‌. ഇപ്പോ വരാമെന്നുപറഞ്ഞ്‌ കോണിയിറങ്ങി മുറ്റത്തെത്തിയതും മേല്‍ക്കുരയും തട്ടും ഭിത്തിയുമിടിഞ്ഞ്‌ കെട്ടിടം നിലംപൊത്തി. മൂന്നുമണിക്കൂര്‍ നേരത്തെ ശ്രമത്തിനുശേഷമാണ്‌ ഇഷ്‌ടികക്കമ്പാരത്തിനും പൊട്ടിയ ഓടുകള്‍ക്കുമിടയില്‍നിന്ന്‌ ദാസന്റെ ശരീരം പുറത്തെടുക്കാന്‍ കഴിഞ്ഞത്‌. ശശിയും രാജുവും സുലൈമാനുമൊക്കെ ആഴ്‌ചകളോളം ആസ്‌പത്രിയില്‍ കഴിയേണ്ടിവന്നു.

ksrtc-express

വീട്ടില്‍ വരാറുണ്ടായിരുന്ന ഒരു കാക്കാലത്തി, മുമ്പൊരിക്കല്‍ എന്റെ കൈ നോക്കി അമ്മയോട്‌ പറഞ്ഞതോര്‍ക്കുന്നു. “അമ്മാ ഈ കുളന്തൈക്ക്‌ സാക്ഷാല്‍ വേല്‍മുരുകന്‍ താന്‍ തുണൈ എന്നെന്ന പെരിയ ആപത്തുവന്താലും ഇവന്‌ക്ക ഒണ്‍റുമേ വരലെ അവ്വളവ്‌ കടവുള്‍ പ്രസാദം ഇവന്റേല്‍ ഇര്‌ക്ക്‌….’ അമ്മയപ്പോള്‍ കണ്ണടച്ചു കൈകൂപ്പി ധ്യാനിച്ചത്‌ എന്റെ മനസ്സിലെ മായാത്ത ഓര്‍മ്മയായി ഇന്നും ശേഷിക്കുന്നു.

കോട്ടയം വഴി ചിറ്റൂര്‍ക്ക്‌ പോകുന്ന എക്‌സ്‌പ്രസ്‌ ബസ്സിന്റെ സീറ്റ്‌ റിസര്‍വേഷന്‍ ക്യൂവിനപ്പോള്‍ വേണാട്‌ എക്‌സ്‌പ്രസ്സിന്റെ നീളമായിരുന്നു. ബുദ്ധിമാന്മാരായ പുരുഷന്മാര്‍ കൂടെയൊരു പെണ്‍തുണയുണ്ടെങ്കില്‍ അലസന്മാരും സ്വാര്‍ത്ഥന്മാരുമാകുന്നത്‌ ക്യൂവിലാണ്‌. ടിക്കറ്റെടുപ്പ്‌ പെണ്ണുങ്ങള്‍ക്കുവിട്ടുകൊടുത്ത്‌ മാന്യന്മാര്‍ സിഗരറ്റുവലിക്കുന്നു. വീക്കിലി വാങ്ങുവാനും കറങ്ങും. എല്ലാവരും ബുദ്ധിമാന്മാരായപ്പോള്‍ സ്‌ത്രീകളുടെ ക്യൂവിന്‌ നീളം കൂടിവന്നു.

പുരുഷന്മാരുടെ ക്യൂവില്‍നിന്ന്‌ പതിനെട്ടാമനോ പത്തൊന്‍പതാമനോ ആയിരുന്നു കൂപ്പണ്‍ നല്‍കിത്തുടങ്ങിയില്ല. മുമ്പില്‍ നില്‍ക്കുന്ന ആള്‍ക്കാരെ വെറുതെ എണ്ണാന്‍ ശ്രമിച്ചപ്പോഴൊക്കെ ആരെങ്കിലും എന്റെ എണ്ണം തെറ്റിച്ചുകൊണ്ടിരുന്നു. കൗണ്ടറില്‍നിന്ന്‌ ഏഴാമനോ എട്ടാമനോ മറ്റോ നില്‍ക്കുന്ന ഖദര്‍ ഷര്‍ട്ടുകാരന്റെ കറുത്ത ബാഗാണ്‌ മൂന്നുതവണ എണ്ണം പിഴപ്പിച്ചത്‌. 12, 13 എത്തുമ്പോഴേക്കും ആ ശനിയന്‍ ഒന്ന്‌ ഇളകും. അതോടെ കണ്ണിനുമുന്നില്‍ കറുച്ചമറ സൃഷ്‌ടിച്ച്‌ അയാളുടെ തടിയന്‍ ബാഗ്‌. മുമ്പിലുള്ളവരെ എണ്ണിയതുകൊണ്ട്‌ പ്രത്യേക കാര്യമൊന്നുമില്ലെങ്കിലും എണ്ണണമെന്ന വാശികൊണ്ട്‌ പിന്നെയും എണ്ണം തുടങ്ങി… ഏഴ്‌… എട്ട്‌… ഒന്‍പത്‌….

അപ്പോഴാണ്‌ ഞാന്‍ അവളെ കണ്ടത്‌. പുരുഷന്മാരുടെയും സ്‌ത്രീകളുടെയും ക്യൂവിന്‌ സമാന്തരം കുറയുന്നിടത്ത്‌… കടുംനീല സാരിയുടുത്ത… ഇക്കുറി എന്റെ എണ്ണം തെറ്റിച്ചത്‌ ആ സാരിക്കാരിയാണ്‌. ശരിക്കുപറഞ്ഞാല്‍ നീലസാരിക്കും അതിനുമാച്ചുചെയ്യുന്ന കസവുവെച്ച നീല ബ്ലൗസിനുമിടയിലെ ചന്ദനനിറം. ഇതാണ്‌ കണ്ണുകളുടെ കുഴപ്പം. ഒരാള്‍ക്കൂട്ടത്തെ മുഴുവന്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍, ഒടുവില്‍ നോട്ടമെത്തിനില്‍ക്കുക ഇങ്ങനയോരോ പ്രത്യേകതകളിലായിരിക്കും.

ഇളംനിറമുള്ള സാരിയായിരുന്നു അവളുടുത്തിരുന്നതെങ്കില്‍ എന്റെ എണ്ണം തെറ്റിക്കാനുള്ള മനോഹാരിതയൊന്നും അവളുടെ ശരീരത്തിനുണ്ടാവില്ല… പക്ഷെ നിറം കടും നീലയാവുമ്പോള്‍ കടും നീലയും ചന്ദനവും പൊരുത്തപ്പെടാത്ത നിറങ്ങളാണല്ലോ.

അവളും വെറുതെയൊന്ന്‌ തിരിഞ്ഞുനോക്കി എന്റെ നോട്ടം ചെന്നുതറക്കുന്നത്‌ അവളുടെ ശരീരത്തിലാണെന്ന്‌ മനസ്സിലായതുപോലെ… സാരിയുടെ മുന്താണി വലിച്ചിട്ട്‌ അവള്‍ തിരിഞ്ഞപ്പോള്‍… ചെറിയൊരു ജാള്യം… ഒന്നുമറിയാത്തപോലെ ക്യൂവിന്റെ പിന്നിലേക്ക്‌ നോക്കിയപ്പോള്‍ ഒന്ന്‌ മനസ്സിലായി. ഇക്കാര്യത്തില്‍ ഞാനൊരു കൂട്ടുപ്രതി മാത്രം എന്റെ തൊട്ടുപിന്നില്‍ നില്‍ക്കുന്ന തലയും താടിയും നരച്ച ചന്ദനപ്പൊട്ടുകാരന്‍ മുതല്‍, സത്യം പറയാമല്ലോ ക്യൂവിന്റെ നടുവിനപ്പുറം നില്‍ക്കുന്ന ഏതോ പള്ളീലച്ചന്റെ നോട്ടംവരെ സാരിക്കും ബ്ലൗസ്സിനുമിടയിലുള്ള അവിടെയായിരുന്നു.

ഞാന്‍ കൗണ്ടറിന്റെ ഭാഗത്തേക്ക്‌ എത്തിവലിഞ്ഞുനോക്കി. കാക്കിഷര്‍ട്ടും കപ്പടാമീശയുമുള്ള “പൂജാരി’ സീറ്റില്‍നിന്ന്‌ മാറിനിന്ന്‌ ക്യൂവിന്റെ ചന്തമാസ്വദിക്കുന്നു. ഇങ്ങനെയുള്ളപ്പോഴല്ലേ മനുഷ്യന്റെ അനുസരണയും നിസ്സഹായതയുമൊക്കെ കണ്ടുരസിക്കാനാവൂ അവിടെനിന്ന്‌ പുറത്തിറങ്ങിയിട്ട്‌ വഴിയെ നടക്കുന്നവരോട്‌ ക്യൂപാലിക്കാന്‍ പറഞ്ഞാല്‍ കഥ മാറില്ലേ…

ആവശ്യത്തിലധികം വണ്ണമുള്ള ഒരു ചേട്ടത്തി ക്യൂവിന്റെ വശത്തുകൂടി നടന്ന്‌ കൗണ്ടറിലേക്ക്‌ തലയെത്തിച്ചു. അവരുടെ ചട്ടയുടെ പിന്‍വശം മുഴുവന്‍ നനഞ്ഞു കുതിര്‍ന്നിരുന്നു.

തിരുവല്ലായ്‌ക്കൊള്ള ടിക്കറ്റ്‌ ഇവടാണോ സാറേ…? കൗണ്ടറിലെ സാറതു കേട്ടില്ലെന്ന്‌ തോന്നുന്നു. ഒരിക്കല്‍ക്കൂടി ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്‌ ദേഷ്യം വന്നു. അതാ മുന്‍വശത്ത്‌ വെണ്ടയ്‌ക്കാ വലുപ്പത്തി എഴുതിവെച്ചിട്ടുണ്ട്‌… കണ്ണുതൊറന്ന്‌ വായീര്‌… ഇവിടെ വന്നിട്ട്‌ ചങ്ങനാശ്ശേരിക്കാ കോതമംഗലത്തിനാന്നു ചോദിച്ചാ… പറയാന്‍ ഞാന്‍ മാത്രമല്ലേ ഉള്ളൂ. അതാ എഴുതി വച്ചിരിക്കുന്നെ… വായിച്ചുനോക്ക്‌. ഇതിന്റെ പത്തിലൊന്ന്‌ അദ്ധ്വാനം വേണ്ടല്ലോ “അതെ’ അല്ലെങ്കില്‍ “അല്ല’ എന്ന്‌ പറയാന്‍. പക്ഷെ ഇതാണല്ലോ സര്‍ക്കാര്‍ സ്റ്റൈല്‍.

മുന്നില്‍നിന്ന ആരോ ചേട്ടത്തിയെ കാര്യം പറഞ്ഞ്‌ മനസ്സിലാക്കിയെന്ന്‌ തോന്നുന്നു. അവര്‍ എന്തോ പിറുപിറുത്തുകൊണ്ട്‌ കൈയിലെ ചാക്കുകെട്ടുമായി ക്യൂവിന്റെ വാലറ്റത്തേക്ക്‌ നടന്നു.

പിന്നെയും കണ്ണുവന്ന്‌ തടയുന്നത്‌ നീലസാരിക്കാരിയില്‍… ഇപ്പോള്‍ കാണാവുന്നത്‌ അവളുടെ ചന്ദന നിറമുള്ള പിന്‍കഴുത്താണ്‌. പിന്നെ അല്‌പം ചെമ്പിച്ച നീളന്‍ മുടിയും. ആനക്കൊമ്പിന്റെ നിറമുള്ള ഒരലങ്കാരബാഗ്‌ അവള്‍ പിടിച്ചിട്ടുണ്ട്‌. അവള്‍ക്കപ്പുറത്ത്‌ നിറംമങ്ങിയ ഒരു ജീന്‍സിന്റെ പാതി അപ്പോഴാണ്‌ ഞാന്‍ കണ്ടത്‌. അപ്പോള്‍ അതുശരി ആ ബുദ്ധിമാന്റെ കൂട്ടുകാരിയാണിവള്‍. ഭാര്യ, കാമുകി, സഹോദരി….?

പെങ്ങളാവില്ല. അവളുടെ സംസാരിക്കുന്ന മുകവും കുണുങ്ങിച്ചിരിയും ഒരല്‍പ്പം എനിക്കുകാണാം. പെങ്ങളായാലും ഭാര്യയായാലും ഇത്രയൊക്കെ പുതുമയോടെ പറയാനും ചിരിക്കാനും എന്താ ഉള്ളത്‌. അപ്പോള്‍ കാമുകി….

ക്യൂവിന്‌ പതുക്കെ അനക്കംവെച്ചുതുടങ്ങി… ഇരയെ വിഴുങ്ങിയ പാമ്പിന്റെ ചലനംപോലെ, ഒന്ന്‌… രണ്ട്‌… മൂന്ന്‌… ക്യൂവില്‍നിന്ന്‌ കാല്‌ കഴച്ചവര്‍ ഇല്ലാത്ത ധൃതി കാണിച്ച്‌ ബസ്സില്‍ കയറാനോടുന്നു. ഇപ്പോള്‍ നീല സാരിക്കാരിയും ഞാനും ക്യൂവില്‍ ഏതാണ്ടൊരേ അകലത്തിലാണ്‌. എനിക്കും അവള്‍ക്കും മുമ്പില്‍ മൂന്നുപേര്‍ വീതം എന്റെ ഊഴത്തിന്‌ തൊട്ടുമുമ്പിലത്തെ അവസരം അവള്‍ക്കായിരുന്നു. അന്‍പതിന്റെ നോട്ടുനീട്ടി അവള്‍ പറഞ്ഞു “രണ്ട്‌ ചെങ്ങന്നൂര്‍’. രണ്ടുരൂപ ചില്ലറയെട്‌ പൂജാരി ആജ്ഞാപിച്ചു.

ksrtc-express

ഓ… മോഹന്‍… ഡു യു ഹാവ്‌ സം ചെയ്‌ഞ്ച്‌…?
ജീന്‍സുകാരന്‍ ഷര്‍ട്ടിന്റെ പോക്കറ്റ്‌ തപ്പി…
ജീന്‍സിന്റെ പിന്‍പോക്കറ്റില്‍നിന്ന്‌ തടിച്ച ലെതര്‍ പേഴ്‌സ്‌ എടുത്തുതുറന്നു…
“എത്രയാ….?’
“ടു ഖുപ്പീസ്‌’
“ഓ സോറി…ഹണ്‍ഡ്രഡ്‌സിന്റേയാ…’
“ചില്ലറയില്ലേല്‍ മാറി നിക്ക്‌..”   പിന്നിലുള്ളോര്‍ക്ക്‌ കൊടുക്കട്ടെ… കൗണ്ടറിലെ സാര്‍ അക്ഷമനായി.
പിന്നെ എന്റെ നേര്‍ക്കുനോക്കി.
മൂന്നെണ്ണം… രണ്ട്‌ ചെങ്ങന്നൂര്‌… ഒരു തൃശൂര്‌…
മൂന്നു കൂപ്പണും രണ്ടു രൂപയും ബാക്കി കിട്ടിയതോടെ ഞാന്‍ ക്യൂവില്‍നിന്ന്‌ രക്ഷപ്പെട്ടു.
നീല സാരിക്കാരിയുടെ മേല്‍ചുണ്ടില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു തുടങ്ങിയിരുന്നു.
“ചെങ്ങന്നൂര്‍ക്കല്ലേ ഇതാ….’ കൂപ്പണ്‍ നീട്ടിയപ്പോള്‍ അവള്‍ ജീന്‍സുകാരന്റെ മുഖത്തുനോക്കി. ഇവള്‍ നല്ല കാമുകി
“ഞങ്ങളുടെ കയ്യില്‍ ചെയ്‌ഞ്ചില്ല….’
“സാരമില്ല ടിക്കറ്റെടുത്തുകഴിഞ്ഞ്‌ തന്നാല്‍ മതി…’
“ഓക്കെ മെനി മെനി താങ്ക്‌സ്‌….’ അ
വന്‍ കൈനീട്ടി ടിക്കറ്റ്‌ വാങ്ങിയത്‌ എനിക്കിഷ്‌ടപ്പെട്ടില്ല.
ബസ്സില്‍ കയറുന്നിടത്ത്‌ അതിലും തിരക്ക്‌.
വലിയൊരു കുടവയറും കണ്ണാടിയുമുള്ള കണ്ടക്‌ടര്‍.
കൂപ്പണോരോന്നും പരിശോധിച്ചുനോക്കിയാണ്‌ ആളെ കയറ്റുന്നത്‌. കൂപ്പണുകള്‍ക്കെല്ലാം സീറ്റുള്ളപ്പോള്‍ പിന്നെ എന്തിനാണ്‌ പരിശോധന…?
ആവോ…
എന്റെ സീറ്റ്‌ നമ്പര്‍ പതിമൂന്ന്‌. സീറ്റിലിരുന്നപ്പോള്‍ ആശ്വാസം തോന്നി. ഇനി ഒറ്റ ഉറക്കം. മൂന്നുദിവസത്തെ ക്ഷീണം ബാക്കിനില്‍ക്കുന്നു. നാവില്‍ സ്‌കോച്ചിന്റെ രുചി തിങ്ങുന്നു. “എക്‌സ്യൂസ്‌മി…’ ആരോ തോളില്‍ തട്ടി നീല ജീന്‍സുകാരന്‍ എന്താ അവന്റെ പേര്‌… മോഹന്‍…

“ഇഫ്‌ യു ഡോണ്‍ട്‌ മൈന്‍ഡ്‌ മൈ കൂപ്പണ്‍ നമ്പര്‍ ഈസ്‌ ഫൊര്‍ട്ടീന്‍… അദര്‍ വണ്‍ ഈസ്‌ ട്വല്‍വ്‌. അസൗകര്യമില്ലേല്‍ തര്‍ട്ടീന്‍ ഞങ്ങള്‍ക്കു തരുമോ?
ഞാന്‍ നീലസാരിയുടെ മുഖത്തേക്കുനോക്കി. നല്ല ഐശ്വര്യമുള്ള കുട്ടി. സീമന്തരേഖയില്‍ കുങ്കുമമൊന്നും കാണുന്നില്ല. താലിയുമില്ല. അപ്പോള്‍ ഊഹം ശരി തന്നെ… ഇവള്‍ കാമുകി. ഇവനെ ഈ പെങ്കൊച്ചിന്റെ അടുത്തിരുത്തി സുഖിപ്പിക്കണോ?

പെണ്‍കുട്ടി എന്റെ മുഖത്തുനോക്കി പുഞ്ചിരിച്ചു. നല്ല നിരയൊത്ത പല്ലുകള്‍. മുല്ലമൊട്ടുപോലെ. ടൂത്ത്‌ പേസ്റ്റ്‌ കമ്പനിക്കാരുടെ പരസ്യമോഡലാകാന്‍ കൊള്ളാം. പരസ്യ സീനും ഇതുമതി.

തിരക്കുള്ള ബസ്സില്‍ കാമുകനും കാമുകിയും കയറുന്നു. ഇങ്ങനെ രണ്ടുസീറ്റുകള്‍ക്കപ്പുറമിപ്പുറമായി ഇരിപ്പിടം കിട്ടുന്നു. കാമുകന്‍ അടുത്തുള്ള ആളോട്‌ സീറ്റ്‌ ചോദിക്കുന്നു. അയാള്‍ വിസമ്മതഭാവത്തില്‍ തലയാട്ടുന്നു. അപ്പോള്‍ സുന്ദരി എണീല്‍ക്കുന്നു. മുന്നോട്ടുവരുന്നു തല താഴ്‌ത്തുന്നു. അയാളെ നോക്കി പുഞ്ചിരിക്കുന്നു. അവളുടെ പല്ലുകളില്‍നിന്ന്‌ പൊട്ടിപ്പുറപ്പെടുന്ന വെണ്‍മയില്‍ – ശ്വാസത്തിന്‌ പുതുമയില്‍, കോള്‍മയിര്‍കൊണ്ട്‌ കണ്ണുമഞ്ചി ഹിപ്‌നോട്ടിക്‌ നിദ്രയിലെന്നപോലെ അയാള്‍ സീറ്റൊഴിഞ്ഞുകൊടുക്കുമ്പോള്‍ സുന്ദരിയും കാമുകനും അവിടേക്ക്‌ വീഴുന്നു. വേണമെങ്കില്‍ ഒരു ചുംബനവുമാകാം. അപ്പോള്‍ കാഴ്‌ചക്കാരുടെ മുമ്പിലേക്ക്‌ ടൂത്ത്‌പേസ്റ്റിന്റെ വമ്പന്‍ പായ്‌ക്കറ്റ്‌ തുറന്നുവരുന്നു. “നിങ്ങളും ഉപയോഗിക്കുക പുതിയ ഇംപ്രൂവ്‌ഡ്‌….”

“പ്ലീസ്‌… നീലസാരിക്കാരി അങ്ങനെ പറഞ്ഞ്വോ?’
ചേതമില്ലാത്ത ഒരു ഉപകാരം. പോട്ടെ.. നാളെയൊരു പക്ഷേ എനിക്കും…
ഞാന്‍ എതിര്‍വശത്തെ സീറ്റിലേക്കിരുന്നു. നീല സാരി എന്റെ നേരെ ഒരു പുഞ്ചിരികൂടി നല്‍കി.
“താങ്ക്‌സ്‌’
“വെല്‍കം’

പണ്ട്‌ ഞാനും സൂസനും ഇതുപോലെ ഒരുപാടുദൂരം ബസ്സില്‍ ചുറ്റിയടിച്ചിട്ടുണ്ട്‌. ഇനിയപ്പോള്‍ യാത്ര അവസാനിക്കുംവരെ ആള്‍ത്തിരക്കില്‍ വീണുകിട്ടുന്ന സ്വകാര്യ നിമിഷങ്ങള്‍ എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌.

ഇങ്ങനെയുള്ള കാര്യങ്ങളില്‍ മനുഷ്യര്‍ക്കെല്ലാം ഒരേ സ്വഭാവമാണ്‌. അതിന്റെ പ്രകടനത്തില്‍ ചില ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാമെങ്കിലും.

ബസ്സിളകിത്തുടങ്ങുംവരെ അടുത്തുള്ളവര്‍ കേള്‍ക്കെ സോമാലിയായിലെ പട്ടിണിയെപ്പറ്റിയോ… കാശ്‌മീരിലെ ഭീകരവാദത്തെപ്പറ്റിയോ… ആധികാരിക സംഭാഷണം…. ബസ്സോടിത്തുടങ്ങുന്നതോടെ സ്വകാര്യ സംഭാഷണം… ഇടയിലെപ്പോഴെങ്കിലും അറിയാതെയെന്നോണം അവളുടെ ശരീരത്തില്‍ ചെറിയൊരു സ്‌പര്‍ശനം. അത്‌ വെറും യാദൃശ്ചികമെന്ന നിലയില്‍ അവളുടെ കള്ളച്ചിരി …അല്‌പം കഴിയുമ്പോള്‍ അവളുടെ മടിയിലെ പ്ലാസ്റ്റിക്‌ ബാഗിന്റെ ബട്ടനില്‍ അവന്റെ വിരലുകള്‍.. അതിനുശേഷം ബാഗിന്റെ മുകളിലെ അവളുടെ കൈവിരലില്‍ അവന്റെ വിരലുകളുടെ ചുംബനം… അങ്ങനെയങ്ങനെ…

പതിനഞ്ചാം നമ്പര്‍ കൂപ്പണുമായ്‌ വന്നത്‌ പഴയ ചേട്ടത്തി. മോഹനനും പെങ്കൊച്ചിനും പറ്റിയ കമ്പനി തന്നെ.
“ഇനിയുള്ളോരൊക്കെ മാറി നില്ല്‌.. എക്‌സ്‌പ്രസ്സാ സ്റ്റാന്റിംഗില്ല…’ കണ്ടക്‌ടര്‍ ഡോറിനരുകില്‍ നില്‍ക്കുന്നവരോട്‌ നിര്‍ദ്ദേശിക്കുന്നു

“സാറേ, ഞങ്ങള്‌ മൂവാറ്റുപുഴയ്‌ക്കാ നിന്നോളാം…’.
“വേണ്ട അപ്പുറത്ത്‌ തൃശൂരുകാരുവരെ നിക്കുന്നു. സ്റ്റാന്റിംഗ്‌ വേണ്ട…’
കണ്ടക്‌ടര്‍ ഡോറ്‌ വലിച്ചടച്ചു. ഡബിള്‍ ബെല്ലടിച്ചു ബസ്‌ പിന്നാക്കം നീങ്ങിത്തുടങ്ങിയപ്പോഴാണ്‌ ആ വയസ്സന്‍ വാതില്‍ വലിച്ചുതുറന്ന്‌ അകത്തുകയറിയത്‌. കണ്ടക്‌ടര്‍ ഒറ്റബെല്ലടിച്ച്‌ വണ്ടി നിര്‍ത്തി. “ചാകാന്‍ വലിഞ്ഞു കേറുവാണോ… സ്റ്റാന്റിംഗില്ലാ… പോ…’

എന്റെ മോള്‌ മെഡിക്കല്‍ കോളേജില്‍ കെടക്കുവാ സാറേ ഇപ്പഴാ കമ്പി കിട്ടീത്‌…’ വയസ്സന്റെ മറുപടി.
“ഒരു രക്ഷേമില്ല… എറങ്ങണം സ്റ്റാന്‍ഡിംഗില്ല’.
ഒരാളല്ലേയുള്ള്‌ കയറട്ടെ…പോട്ട്‌.. പോകാം കണ്ടക്‌ടറുടെ മുന്‍പിലിരുന്ന ഖദര്‍ധാരി പറഞ്ഞു.
“അത്‌ ശരിയാകത്തില്ല തൃശൂര്‍ക്കും പാലക്കാടിനുമുള്ളോര്‍ നിക്കുമ്പം കോട്ടയംകാരെ നിര്‍ത്തിക്കൊണ്ടുപോകുന്നെങ്ങനാ….’

സാറെ എന്റെ കൊച്ച്‌ വണ്ടിയിടിച്ച്‌ ആശുപത്രീക്കെടക്കുവാ ടാക്‌സി പിടിച്ചുപോകാന്‍ കാശില്ലാഞ്ഞിട്ടാ ബസ്സിന്‌….’ കിഴവന്റെ സ്വരത്തില്‍ ദൈന്യം നിറഞ്ഞുനിന്നു.

അതൊന്നും എന്നോടു പറയേണ്ട. സൂപ്പര്‍ എക്‌സ്‌പ്രസാ… സ്റ്റാന്റിംഗില്ല… നിങ്ങളിറങ്ങാതെ വണ്ടി സ്റ്റാന്റീന്ന്‌ വിടില്ല… അപ്പോഴേക്കും എവിടെനിന്നോ പൊട്ടിമുളച്ചതുപോലെ ഒരു പൊലീസുകാരനും ബസ്സിനടുത്തെത്തി.

എന്താ പ്രശ്‌നം?
സ്റ്റാന്റിംഗില്ലെന്നുപറഞ്ഞിട്ടും ഇയാളെറങ്ങുന്നില്ല… കണ്ടക്‌ടര്‍ പരാതിക്കാരനായി.
“ആങ്‌ ഇറങ്ങിയേ അമ്മാവാ വണ്ടിപോട്ടെ’.
കാക്കിവേഷക്കാര്‍ വകുപ്പുമാറിയവരാണെങ്കിലും വര്‍ഗ്ഗബോധമുള്ളവര്‍ തന്നെ.

“സാറേ എന്റെ മോള്‌…”
“പെറ്റുകിടക്കുവാണോ ഇറങ്ങെടാ….’
പൊലീസുകാരന്റെ ശബ്‌ദമുയര്‍ന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിയാതെ കുഴപ്പത്തിലേക്ക്‌ തലയിടുന്ന സ്വഭാവം. അതെനിക്കു പണ്ടേയുള്ളതാണ്‌ ഒത്തിരി പുലിവാലും പിടിച്ചിട്ടുണ്ട്‌.
“ഒരാളല്ലേ സ്റ്റാന്റിംഗുള്ളൂ. അതുകൊണ്ടെന്താ കുഴപ്പം. കാര്‍ന്നോരുകൂടി പോന്നോട്ടെ. അയാളുടെ മോള്‍ ആശുപത്രീലാണെന്നല്ലേ പറഞ്ഞേ…’ ഞാന്‍ കണ്ടക്‌ടറുടെ അടുത്തേക്കുചെന്നു.

“താനാരാടോ വക്കീലാ?’ പൊലീസുകാരനും വാശി “ആ കെളവനെ ഞാനിപ്പം എറക്കാം എന്നിട്ട്‌ വണ്ടി വിട്ടാ മതി….’ പൊലീസുകാരന്‍ അകത്തേക്കു കയറാനുള്ള തുടക്കം.

“അമ്മാവന്‍ അതാ ആ സീറ്റിലോട്ടിരുന്നോ’ എന്റെ സീറ്റ്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഞാന്‍ പറഞ്ഞു.
“വേണ്ട സാറേ ഞാന്‍ കാരണം ആരുടേം യാത്ര മൊടങ്ങണ്ട…’
“നിങ്ങളോട്‌ അവിടെ ഇരിക്കാനല്ലേ പറഞ്ഞത്‌’ പിന്നെ വയസ്സന്‍ വാദിക്കാന്‍ നില്‍ക്കാതെ എന്റെ സീറ്റിലിരുന്നു.
“എന്നാല്‍ നിങ്ങളിറങ്ങണം’ കണ്ടക്‌ടര്‍ എന്റെ നേരെ തിരിഞ്ഞു.
“മനസ്സില്ല….’ ഇനി പൊലീസുകാരന്റെ ഊഴമാണ്‌ എനിക്കറിയാം.
“നീയെന്താടാ ഷൈന്‍ ചെയ്യുവാണോടാ റാസ്‌കല്‍….’ പൊലീസുകാരന്‍ അകത്തേക്കു ചാടിക്കയറി എന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു “കൈയെടുക്ക്‌…’ ഞാന്‍ കുതറി.

നീയെന്താ പൊലീസിനെ വെരട്ടുവാണോ… അയാളുടെ രോഷം എന്റെ ഷര്‍ട്ടില്‍ മുറുകുന്നത്‌ ഞാനറിഞ്ഞു. യാത്രക്കാരെല്ലാം ശ്വാസമടക്കിയിരിക്കുകയാണ്‌. ആരും ഒരക്ഷരം മിണ്ടുന്നില്ല. പ്രശ്‌നം ഇതിലും വഷളായാല്‍ കുഴയും. അതുകൊണ്ട്‌ ഞാനയാളോട്‌ ശബ്‌ദം താഴ്‌ത്തിപ്പറഞ്ഞു.

“ഇപ്പോള്‍ ഞാനാരാണെന്ന്‌ തന്നോടു പറഞ്ഞാല്‍ തനിക്കെന്നെ സല്യൂട്ടുചെയ്‌ത്‌ മാപ്പ്‌ പറയേണ്ടിവരും….’
ചെകിട്ടത്ത്‌ ഒരടി കിട്ടിയാല്‍ അയാളിത്ര ഞെട്ടില്ലായിരുന്നു. ഒരു നിമിഷത്തിന്റെ പത്തിലൊന്നുകൊണ്ട്‌ അയാളുടെ പിടി വിട്ടുപോയി. എനിക്കാസമയം ധാരാളം മതിയായിരുന്നു എതിരാളി തളര്‍ന്നുവെന്നറിയുമ്പോള്‍ അവസാനത്തെ ശക്തിയും പ്രയോഗിച്ച്‌ ഗോദയ്‌ക്ക്‌ വെളിയിലേക്ക്‌ തള്ളുന്ന സൂത്രം. ഇക്കുറി ശബ്‌ദമുയര്‍ത്തിത്തന്നെ പറഞ്ഞു ഇറങ്ങിപ്പോടോ….

കയറിയതിന്റെ ഇരട്ടി വേഗത്തില്‍ പുറത്തുചാടിയ പൊലീസുകാരന്‍ വാതില്‍ വലിച്ചടച്ച്‌ കണ്ടക്‌ടറോട്‌ പറഞ്ഞു. “വണ്ടിവിട്‌’.

പൊലീസുകാരന്റെ മാനസാന്തരത്തിന്‌ തക്ക കാരണമുണ്ടാകണമെന്ന്‌ ഊഹിച്ച കണ്ടക്‌ടര്‍ ഡബിള്‍ ബെല്ലടിച്ചു. വണ്ടി സ്റ്റാന്‍ഡില്‍നിന്ന്‌ പുറത്തേക്കുന്നതിനിടയില്‍ ഞാന്‍ പൊലീസുകാരനെ നോക്കി. അയാള്‍ സല്യൂട്ട്‌ ചെയ്യുകയായിരുന്നോ… സ്റ്റാന്റില്‍ നിന്നിറങ്ങിയ ബസ്‌ ഇടത്തോട്ട്‌ നീങ്ങിത്തുടങ്ങി.

“ഇങ്ങോട്ടിരിക്കാം സാര്‍… ടിക്കറ്‌ര്‌ കൊടുത്ത്‌ തീരുമ്പോഴേക്കും കൊട്ടാരക്കരയാകും. അപ്പോ സീറ്റുകിട്ടും… കണ്ടക്‌ടര്‍ അയാളുടെ സീറ്റ്‌ ചൂണ്ടി പറഞ്ഞു.
“വേണ്ട….’
“ഇപ്പോ എക്‌സ്‌പ്രസ്സില്‍ സ്റ്റാന്റിംഗ്‌ പാടില്ലെന്നാ നിയമം. അതാ ഞാന്‍ സ്വല്‌പം മോശമായി പെരുമാറിയത്‌ ഒരാളുകൂടി അധികം കയറിയാ എനിക്കെന്താ… അത്രം കളക്‌ഷന്‍ സര്‍ക്കാരിന്‌ കിട്ടും….’
അധികം കേട്ടുനിന്നാല്‍ ഞാനിതുവരെ ചെയ്‌തതെല്ലാം കണ്ടക്‌ടര്‍ അയാളുടെ വിജയമാക്കും “നിങ്ങള്‍ ടിക്കറ്റ്‌ കൊടുക്ക്‌…’ കണ്ടക്‌ടര്‍ പിന്നെയൊന്നും പറഞ്ഞില്ല.

നീല സാരിയേയും അവളുടെ കൂട്ടുകാരനെയും ഇവിടെനിന്ന്‌ നോക്കിയാല്‍ എനിക്കുകാണാം. അവളുടെ മുഖം ഇടയ്‌ക്കിടെ ചെറുപ്പക്കാരന്റെ മുഖത്തോടടുക്കുന്നു. ബസ്‌ എം.സി റോഡില്‍ കയറി. ഇവിടെനിന്ന്‌ ചങ്ങനാശ്ശേരി വരെ റോഡില്‍ വളവും തിരിവും. പിന്നില്‍ നിന്നാല്‍ വളയാനും തിരിയാനുമേ എനിക്ക്‌ നേരം കാണൂ ഞാന്‍ മുന്നോട്ടുനടന്നപ്പോള്‍ എന്റെ സീറ്റിലിരുന്ന കാരണവര്‍ എണീറ്റു.

“നിങ്ങളിരുന്നോളൂ..’
“വേണ്ട സാര്‍….എനിക്ക്‌ എങ്ങനെയും കോട്ടയം വരെ എത്തിക്കിട്ടിയാ മതി….’
“നിന്ന്‌ മടുക്കുമ്പോള്‍ ഞാന്‍ വരാം അതുവരെ നിങ്ങളിരിക്ക്‌’
മുമ്പിലത്തെ സീറ്റില്‍നിന്ന്‌ ജീന്‍സുകാരന്‍ മോഹന്‍ എന്നെ നോക്കി പുഞ്ചിരിക്കാന്‍ ശ്രമിച്ചു. ഞാന്‍ കാണാത്ത ഭാവം നടിച്ചതുകൊണ്ടാവും പിന്നെ അവനെന്നെ നോക്കിയില്ല.

ksrtc-express

എനിക്ക്‌ ചിരിവരുന്നു. തമ്പാനൂര്‍ ബസ്‌ സ്റ്റാന്റിലെ നമ്പരേറ്റില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ എന്നെ തിരഞ്ഞുനടക്കുന്ന പൊലീസിന്‌ ചുളുവില്‍ എന്നെ പിടിക്കാമായിരുന്നു. എന്റെ തലയ്‌ക്കുമുകളില്‍ക്കൂടി കടന്നുപോകുന്ന പൊലീസ്‌ സന്ദേശങ്ങളില്‍ എന്തൊക്കെ നിര്‍ദ്ദേശങ്ങളാവും കേരളത്തില്‍ മുഴുവന്‍ പടരുന്നത്‌? ഇപ്പോള്‍ ബസ്‌ യാത്രക്കാര്‍ക്കിടയിലെ ഏക ഹീറോ ഞാനാണ്‌. ഏതോ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അല്ലെങ്കില്‍ വീരശൂരപരാക്രമിയായ ഒരു ചെറുപ്പക്കാരന്‍ എന്ന വിശ്വാസം. കുറച്ചുനേരത്തേക്കാണെങ്കില്‍പ്പോലും മറ്റൊരാളായി മാറുന്ന അനുഭവം ബസ്‌ അവിടെയെത്തുംവരെ ഞാന്‍ സാര്‍ പിന്നെ….?

നീലസാരിക്കാരിയുടേയും കൂട്ടുകാരന്റെയും പ്രണയം പതിവുപടവുകള്‍ കയറുന്നത്‌ ഞാന്‍ പാളിനോക്കി. അവന്റെ ഇടതുകൈ അവളുടെ പ്ലാസ്റ്റിക്‌ ബാഗിലെ എഴുന്നുനില്‍ക്കുന്ന ഒരു നാര്‌ പൊട്ടിച്ചെടുക്കാനുള്ള വ്യഗ്രതയില്‍. ചേട്ടത്തി ബൈബിള്‍വായനയിലാണ്‌ അവരുടെ നോട്ടം വന്നുവീഴുന്നത്‌ അടുത്തിരിക്കുന്ന ജോഡിയുടെ വികൃതികളില്‍. ഇങ്ങനെ ബൈബിള്‍ വായിച്ചാല്‍ കര്‍ത്താവ്‌ പ്രസാദിക്കുമോ?

ചെറുപ്പക്കാരന്റെ വാക്കുകളോരോന്നും ആവാഹിക്കാനെന്നപോലെ അവള്‍ മുന്നോട്ടായുമ്പോള്‍ ബ്ലൗസിന്റെ മുന്‍ഭാഗം അയഞ്ഞുതുറക്കുന്നു. കണ്ണുകള്‍ പാറിവീഴുന്നതെവിടെയാണ്‌ ചോരത്തുടിപ്പുള്ള…..

പണ്ട്‌ സൂസനും ഞാനും ഒരുമിച്ച്‌ യാത്ര ചെയ്യുമ്പോഴും എന്റെ കൈകളിങ്ങനെയായിരുന്നു. അവള്‍ക്കും അതറിയാം.. ചുരിദാറിന്റെ മേല്‍ക്കൊളുത്തുകള്‍ക്കിടയിലെ ഇത്തിരി വിടവിലൂടെ എന്റെ നോട്ടം കടന്നുചെന്ന്‌ അവളെ പൊള്ളിക്കുമ്പോള്‍ അവളെന്റെ കയ്യില്‍ നുള്ളി നോവിയ്‌ക്കുമായിരുന്നു. പിന്നെ സ്വകാര്യതയുടെ നിമിഷങ്ങളില്‍ എന്റെ കണ്ണുകളെ അവളുടെ നെഞ്ചിലൊതുക്കി ചെവിയില്‍ വിളിയ്‌ക്കുമായിരുന്നു “കൊതിയന്‍ കുട്ടി….’

ചെറുപ്പക്കാരന്റെ വിരലുകള്‍ അവളുടെ വിരലുകളെ തടവിലാക്കുകയാണ്‌. പ്രണയത്തിന്റെ “മോഴ്‌സ്‌കോഡ്‌’.
ബസ്‌ ഏതോ സ്റ്റോപ്പില്‍ നിര്‍ത്തി. കൊട്ടാരക്കരയായോ. ഇല്ല .മുമ്പില്‍ കടന്നുപോകുന്ന ജാഥ…
അപ്പോള്‍ വാതില്‍ ഇടിച്ചുതുറന്ന്‌ നാലോ അഞ്ചോ ചെറുപ്പക്കാര്‍ ബസ്സിലേക്ക്‌ ചാടിക്കയറി. എന്നെ പാളിനോക്കിയ കണ്ടക്‌ടര്‍ ഒന്നും മിണ്ടിയില്ല. ബസ്‌ വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍ ചെറുപ്പക്കാര്‍ എന്റെയടുത്തെത്തിയിരുന്നു. നാടന്‍ മദ്യത്തിന്റെ മനം പുരട്ടിക്കുന്ന മണം.

രണ്ടുപേര്‍ എന്നെ കടന്നുനിന്ന്‌ മുമ്പിലെ സീറ്റില്‍ ചാരിനിന്നു. ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന മധ്യവയസ്‌കന്‍ തോളിലെ ഭാരമറിഞ്ഞ്‌ കണ്ണുതുറന്ന്‌ ചെറുപ്പക്കാരെ നോക്കി.
ബസ്സിന്റെ വേഗതയില്‍ വീഴാതിരിക്കാന്‍ അവരെല്ലാം പണിപ്പെടുന്നുണ്ട്‌. എന്റെ തൊട്ടുചേര്‍ന്നുനില്‍ക്കുന്നവനെ കണ്ടാല്‍ തനി നീഗ്രായെപ്പോലെയുണ്ട്‌ ആറടി പൊക്കവും തടിയും കുറ്റിത്താടിയും.

ഞാന്‍ കമിതാക്കളുടെ ലോകത്തേക്ക്‌ മടങ്ങി. ഇപ്പോഴവന്റെ വലതുകൈ നീലസാരിയുടെ മുന്താണിക്ക്‌ പിന്നിലൂടെ അനന്തനീലിമയിലെങ്ങോ അദൃശ്യമായിരിക്കുന്നു. എനിക്കറിയാം അവളുടെ അനാവൃതമായ ചന്ദനനിറമുള്ള ഉടലില്‍ അവനിപ്പോള്‍ ചിത്രം വരക്കുകയാവാം. അവളുടെ മുഖത്ത്‌ പടരുന്നത്‌ കുങ്കുമമല്ലെന്നും അവന്റെ ഇടതുകൈപ്പടത്തില്‍ അവളുടെ കൈപ്പടം അമരുന്നത്‌ വെറുതെയല്ലെന്നും… സൂസനും ഞാനുമല്ലേ സീറ്റിലിരിക്കുന്നത്‌!

നീഗ്രാപ്പയ്യന്റെ കണ്ണുകളും എത്തിനില്‍ക്കുന്നത്‌ അവിടെത്തന്നെ. അവന്റെ നോട്ടം വിശന്നുവലഞ്ഞ ഒരു ചെന്നായുടേതുപോലെ… ബസ്‌ കൊട്ടാരക്കര സ്റ്റാന്റില്‍ കയറി ഞാന്‍ വയസ്സന്‌ വിട്ടുകൊടുത്ത സീറ്റിന്‌ തൊട്ടടുത്തിരുന്നയാള്‍ ഇറങ്ങുകയാണ്‌. ഞാന്‍ നീഗ്രാപ്പയ്യനെ തൊട്ടുവിളിച്ചു. “ഇവിടെ സീറ്റുണ്ട്‌’.

“ഞാനിരിക്കുന്നില്ല’ അവന്‍ മുരണ്ടു അവന്റെ കണ്ണുകള്‍ നീലസാരിക്കാരിയില്‍ തറഞ്ഞുപോയിരുന്നു.

വില്ലന്‌ രംഗപ്രവേശം ചെയ്‌തിരിക്കുന്നുവെന്ന്‌ എനിക്കുതോന്നി. തമ്പാനൂര്‍ സ്റ്റാന്റില്‍നിന്നപ്പോള്‍ തോന്നിയപോലെ ഒരു പെരുപ്പ്‌ എന്റെ പെരുവിരലില്‍നിന്നാരംഭിച്ചു. ഞാന്‍ സീറ്റിലേക്ക്‌ ചാഞ്ഞു. ഈ ബസ്സില്‍ എന്റെ ആധിപത്യം ചോദ്യം ചെയ്യാന്‍ കുറച്ചുപേര്‍… കൊട്ടാരക്കരയില്‍നിന്ന്‌ കഷ്‌ടി പത്തുമിനിറ്റുനേരം വണ്ടിയോടിക്കാണും നീഗ്രാപ്പയ്യന്‍ നീലസാരിക്കാരിയുടേയും കൂട്ടുകാരന്റേയും സീറ്റിലേക്കഭിമുഖമായി നില്‍ക്കുകയാണ്‌. അവന്റെ വന്യമായ നോട്ടം തങ്ങളുടെ പ്രണയത്തിലാണ്‌ വന്നുവീഴുന്നതെന്നറിഞ്ഞപ്പോള്‍ രണ്ടുപേരും ഒന്നുമറിയാത്തതുപോലെ അകന്നുമാറി. പെണ്‍കുട്ടി ഹാന്‍ഡ്‌ബാഗു തുറന്നു കര്‍ച്ചീഫെടുത്ത്‌ മുഖം തുടച്ചു. ഇളകിപ്പറക്കുന്ന മുടിയിഴകള്‍ വെറുതെ മാടിയൊതുക്കി ചെറുപ്പക്കാരന്‍ എന്തോ തമാശ പറയാനുള്ള ബദ്ധപ്പാടിലായിരുന്നു. അപ്പോഴാണ്‌ നീഗ്രാപ്പയ്യന്റെ മുരത്ത ശബ്‌ദം അവരുടെ പ്രണയത്തിലേക്ക്‌ നങ്കൂരംപോലെ വീണത്‌.

“ചേട്ടനും ചേച്ചീംകൂടെ എങ്ങോട്ടാ…?’
“ങേ…?’
ചരക്കിനേം കൊണ്ട്‌ എങ്ങോട്ടാന്ന്‌….?
ജീന്‍സുകാരന്റെ മുഖം വിളറുന്നതും അയാള്‍ മറുപടിക്ക്‌ പരതുന്നതും എനിക്ക്‌ മനസ്സിലാകുന്നു.
“”എന്നതാടാ ഏലിയാസേ….?” പിന്നില്‍ ചാരി നിന്നവരിലൊരുത്തന്‍കൂടി മുന്നോട്ടുകയറി.
“ഞാഞ്ചോദിക്കുവാരുന്നു ചരക്കിനേം കൊണ്ടെങ്ങോട്ടാ ചേട്ടന്റെ പോക്കെന്ന്‌….’

“കീപ്‌ യുവര്‍ വേര്‍ഡ്‌സ്‌….’ ചെറുപ്പക്കാരന്‍ ചൂടായി…

“ഹോ അപ്പൊ ചേട്ടന്‍ സായിപ്പാണോ? എന്നതാ മദാമ്മ മോളുടെ പേര്‌?’ നീഗ്രായുടെ മുഖം അവളുടെ നേര്‍ക്ക്‌ ചാഞ്ഞു.
“”ഞങ്ങളേംകൂടൊന്ന്‌ അക്കൊമഡേറ്റ്‌ ചെയ്യണേ…”
ബസ്സിലുള്ളവരെല്ലാം സംഘത്തെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
“ചേച്ചിയേ നമ്മക്കൊന്നിച്ചങ്ങോട്ട്‌ സ്വര്‍ഗ്ഗത്തിലേക്ക്‌ പറക്കാം….’ നീഗ്രാ മുരളുന്നു വഴി ഞാന്‍ കാണിച്ചുതരാം ഒരുത്തന്‍ സീറ്റിനിടയിലേക്ക്‌ കയറാനുള്ള ശ്രമത്തിലാണ്‌ മോഹന്റെ മുഖത്ത്‌ ചോരമയമില്ല നീലസാരിക്കാരിയുടെ കണ്ണ്‌ നിറഞ്ഞുതുളുമ്പുന്നു.

“ഹേയ്‌ എന്തോന്നാ പോക്രിത്തരം കാട്ടൂന്നേ… അവര്‌ ഡീസന്റായി യാത്ര ചെയ്യുന്ന ഫാമിലീസാ. നിങ്ങക്കെന്നാ വേണ്ടത്‌?’ പിന്നില്‍നിന്ന്‌ ഖദര്‍ ഷര്‍ട്ടുകാരന്‍ അവര്‍ക്കരികിലേക്ക്‌ വന്നു.

“ചേട്ടന്‍ വേണ്ടത്‌ തരുവോ…? ഞങ്ങള്‍ക്കീ ചരക്കിനെ വേണം. ഒന്ന്‌ ഒപ്പിച്ചുതരുമോ മാമ്മാ. സംഘം അലറിച്ചിരിച്ചു. ഈ സൈസൊള്ള ഏതുചരക്കിനേം ചേട്ടന്റെ വീട്ടിന്നായാലും ഞങ്ങള്‌ സ്വീകരിക്കും തരുമോ…?
യുവാക്കള്‍ എന്തിനും പോന്നവരാണെന്ന തോന്നല്‍ യാത്രക്കാരില്‍ വ്യാപിക്കുകയാണ്‌.
സാറ്‌ ഇതൊക്കെ കണ്ടിട്ടും മിണ്ടാതിരിക്കുന്നതെന്താ?
ഖദര്‍ധാരി എന്റെ സഹായത്തിന്‌ വിളിച്ചു ഞാനൊരിക്കല്‍ക്കൂടി രക്ഷകന്റെ വേഷമണിയണോ?
പിന്നെ…. എന്നാ ഇയാളെന്നാ ഞങ്ങളെ ഉലുത്തുന്ന പാര്‍ട്ടിയാ? ചെറുപ്പക്കാര്‍ എന്റെ നേര്‍ക്ക്‌ തിരിഞ്ഞു വണ്ടി നേരെ സ്റ്റേഷനിലോട്ടുവിട്‌ ഖദര്‍ധാരിയുടെ ശബ്‌ദം വിറച്ചുതുടങ്ങിയിരുന്നു.
തന്റെ പെമ്പ്രന്നോത്തി വീടാണോ സ്റ്റേഷന്‍? ചെറുപ്പക്കാരിലൊരാള്‍ അയാളെ പിടിച്ചുവലിച്ചു. കണ്ടക്‌ടര്‍ ദൃക്‌സാക്ഷിയായി നില്‍ക്കുന്നു. ശേഷിക്കുന്ന അമ്പത്തെട്ട്‌ യാത്രക്കാരും പിന്നെ ഞാനും. ബഹളംകേട്ട്‌ ഡ്രവര്‍ ബസ്‌ നിര്‍ത്താന്‍ തുടങ്ങുംമുമ്പ്‌ ചെറുപ്പക്കാര്‍ അവിടെയെത്തിക്കഴിഞ്ഞു. അവരുടെ കയ്യിലെ തിളങ്ങുന്ന കഠാരി ഡ്രവറെ അവിവേകത്തില്‍നിന്ന്‌ വിലക്കി.
“സാറേ എന്തേലും ചെയ്യ്‌….’ ഖദര്‍ ഷര്‍ട്ടുകാരന്‍ സീറ്റിലേക്ക്‌ വീണു.
അപ്പോള്‍ ചെറുപ്പക്കാരുടെ നിര്‍ദ്ദേശപ്രകാരം ബസ്‌ വേഗത കുറച്ചു മെയിന്‍ റോഡില്‍നിന്ന്‌ ഇടത്തേക്കു തിരിയുന്ന ചെമ്മണ്‍ വീഥിയിലേക്ക്‌ ബസ്‌ കുലുങ്ങിയിറങ്ങിത്തുടങ്ങി.
ഇരുവശത്തും റബ്ബര്‍ കാട്‌. ഏതോ എസ്റ്റേറ്റ്‌ റോഡ്‌ ഒരു മനുഷ്യനെപ്പോലും കാണാനില്ല.
“ഇവിടെ നിര്‍ത്ത്‌’ ചെറുപ്പക്കാരാജ്ഞാപിച്ചു മുന്നില്‍ എസ്റ്റേറ്റ്‌ റോഡ്‌ രണ്ടായി പിരിയുന്നു ‘Y’ എന്ന അക്ഷരംപോലെ. “ഇവിടെ തിരിച്ചോ’ ബസ്‌ തിരിച്ചുനിര്‍ത്തി ഇനി…
ഇടതുവശത്തുനിന്ന്‌ പൊടിയുയര്‍ത്തിപ്പറത്തി ഒരു ജീപ്പ്‌ പാഞ്ഞുവന്നുനിന്നു.
ബസ്സിനുമുന്നില്‍ വിലങ്ങനെ.
“ആരെടാ അത്‌ ചെറുപ്പക്കാര്‍ അലറിക്കൊണ്ട്‌ ജീപ്പിനുനേരെ പാഞ്ഞു. ജീപ്പില്‍ നിന്ന്‌ വളരെ പതുക്കെ പുറത്തേക്കുനീണ്ട കുഴലുകളിലൊന്ന്‌ ആകാശത്തേക്ക്‌ ഒരു തീഗോളം തൊടുത്തുവിട്ടു. ചെറുപ്പക്കാരുടെ കാലുകള്‍ മരവിച്ചുപോയോ….?
ഇനി എന്റെ ഊഴം.
ഞാന്‍ ബസ്സില്‍നിന്ന്‌ പുറത്തേക്കിറങ്ങി.
ജീപ്പില്‍നിന്ന്‌ പുറത്തിറങ്ങിയ തടിയന്‍, ചെറുപ്പക്കാര്‍ക്കുനേരെ കുഴല്‍തിരിച്ചു. “കേറിനെടാ ബസ്സില്‍’.
ബസ്സിലുള്ളവര്‍ എന്നെ പകച്ചുനോക്കുന്നതിനിടയില്‍ ജീപ്പിന്റെ ഡ്രവര്‍ സീറ്റിനടിയിലെ ക്യാനെടുത്ത്‌ തുറന്ന്‌ ഞാന്‍ ഒരിറക്കുവെള്ളം കുടിച്ചു – വളരെ പതുക്കെ.
പിന്നെ ഞാന്‍ ബസ്സില്‍ കയറി നീലസാരിക്കാരിയുടെ സീറ്റിനരികിലേക്ക്‌.
“എണീയ്‌ക്ക്‌….’ അവളെന്നെ ഭയന്ന കണ്ണുകളോടെ നോക്കി.
“എണീയ്‌ക്കാന്‍’ എന്റെ ശബ്‌ദം അവളെ ഞെട്ടിവിറപ്പിച്ചത്‌ ഞാനറിഞ്ഞു “നടക്ക്‌…’
അവള്‍ ചെറുപ്പക്കാരനെ നോക്കി “നടക്കാന്‍….’ പിന്നെയവള്‍ ചിന്തിക്കാന്‍ സമയം കളഞ്ഞില്ല.
ബസ്സില്‍ നിന്നിറങ്ങി.
അവളും ഞാനും പിന്നെ ജീപ്പിലെത്തിയ കുറച്ചുപേരും മാത്രം പുറത്ത്‌. മുമ്പിലെ ചെമ്മണ്‍പാതയിലേക്ക്‌ കൈചൂണ്ടി തോക്കു ധരിച്ചവന്‍ ബസ്‌ ഓടിക്കാന്‍ ആവശ്യപ്പെട്ടു. ബസ്‌ ഓടിത്തുടങ്ങിയപ്പോള്‍ ഞാന്‍ യാത്രക്കാര്‍ക്കുനേരെ കൈയുയര്‍ത്തി വീശി യാത്രാമംഗളം നേര്‍ന്നു.
“ശുഭയാത്ര….’ അപ്പോള്‍ ജീപ്പ്‌ സ്റ്റാര്‍ട്ട്‌ ചെയ്‌ത്‌ കഴിഞ്ഞിരുന്നു അപ്പോള്‍ ജീപ്പ്‌ സ്റ്റാര്‍ട്ട്‌ ചെയ്‌ത്‌ കഴിഞ്ഞിരുന്നു.
വലതുവശത്തേക്കു നീളുന്ന ചെമ്മണ്‍പാതയിലൂടെ ജീപ്പ്‌ പൊടിയുയര്‍ത്തി മായുമ്പോള്‍ ഞാനവളുടെ മുഖത്തേക്കുനോക്കി. അവിടെയൊരു ചെറുമന്ദഹാസം വിടരുന്നുണ്ടായിരുന്നു.

അനില്‍ ചന്ദ്രന്‍

Share Button