കാല്‍പ്പനികതയും ആധുനികതയും ആധുനികോത്തരതയും

N.V.Krishnavarrier
N.V.Krishnavarrier

കവി, സാഹിത്യചിന്തകന്‍, ഗവേഷകന്‍, ബഹുഭാഷാ പണ്ഡിതന്‍, പത്രാധിപര്‍ തുടങ്ങി വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എന്‍.വി. കൃഷ്ണവാരിയരുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് സാംസ്കാരിക കേരളം തുടക്കം കുറിച്ചിരിക്കുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ ചില കാവ്യചിന്തകളിലേക്ക് അനുവാചകരെ ക്ഷണിക്കുകയാണ്:

‘സാഹിത്യത്തെപ്പറ്റി ഒരാള്‍ പുലര്‍ത്തുന്ന ധാരണ, ഫലത്തില്‍, സമൂഹത്തില്‍ മനുഷ്യനുള്ള അഥവാ ഉണ്ടാവേണ്ട, സ്ഥാനത്തെപ്പറ്റി അയാള്‍ക്കുള്ള ധാരണകൂടിയാകുന്നു’. വൈലോപ്പിള്ളിക്കവിതകളെ വിലയിരുത്തിക്കൊണ്ട് എണ്‍പതുകളുടെ തുടക്കത്തിലാണ് ബഹുമുഖപ്രതിഭയായ എന്‍.വി. കൃഷ്ണവാരിയര്‍ ഇങ്ങനെ പ്രസ്താവിച്ചത്. ബാഹ്യസാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളോടുള്ള ഋജുവായ പ്രതികരണമാണ് വൈലോപ്പിള്ളിയുടെ കവിത. ആധുനികതയുടെയും ആധുനികോത്തരതയുടെയും സവിശേഷതകള്‍ വിവരിച്ചുകൊണ്ട് വൈലോപ്പിള്ളി ‘ആധുനികനോ’ ‘ആധുനികോത്തരനോ’ അല്ലെന്ന് എന്‍.വി വ്യക്തമാക്കുന്നു.

‘സമൂഹത്തോടുള്ള എതിരാളിത്തം (adverseness) ആധുനികകലകളുടെ പ്രത്യേകിച്ച് ആധുനിക സാഹിത്യത്തിന്റെ, ഒരു സ്വഭാവമായിത്തീര്‍ന്നിട്ടുണ്ട്. താന്‍ സമൂഹത്തിന് അംഗീകാര്യനല്ലെന്നും സമൂഹത്തോട് തനിക്ക് ഒരു ബാധ്യതയുമില്ലെന്നുമുള്ള, ഉഭയമുഖമായ അന്യതാബോധവും (Alienation) ആധുനിക സാഹിത്യകാരന്മാരില്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍ ശ്രീധരമേനോന്റെ കവിത ഈ എതിരാളിത്തവും അന്യതാബോധവും വളരെ ചുരുങ്ങിയ തോതില്‍ മാത്രമേ പ്രതിഫലിപ്പിക്കുന്നുള്ളൂ’. സമകാല ഭാരതീയ സമൂഹത്തിന്റെ ദൌര്‍ബ്ബല്യങ്ങളോടൊപ്പം അതിലെ പുരോഗമനോന്മുഖങ്ങളായ പ്രവണതകളും വൈലോപ്പിള്ളി കണ്ടറിഞ്ഞിരുന്നു. മറ്റു പല സമകാല മലയാളകവികളുടെയും രചനകളില്‍ കാണുന്നതുപോലെ പരിഭവമോ, വിലാപമോ, ആക്രോശമോ, ശകാരമോ, ശാപവാക്യങ്ങളോ, ഒന്നും ശ്രീധരമേനോന്റെ കവിതകളില്‍ കാണാതിരിക്കുന്നതിനുള്ള കാരണം ഈ പുരോഗമനപ്രവണതകളിലുള്ള വിശ്വാസമായിരുന്നുവെന്നും എന്‍.വി. അഭിപ്രായപ്പെടുന്നു. ‘അദ്ദേഹം ചിരിച്ചുകൊണ്ടേ കുറ്റം ചൂണ്ടിക്കാണിക്കൂ. സൌമ്യതയോടെയേ തിരുത്തൂ- അതും വളരെ ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രം’.

Vailoppilli Sreedharamenon
Vailoppilli Sreedharamenon

വ്യാപകമായ അര്‍ത്ഥത്തില്‍ വൈലോപ്പിള്ളിക്കവിതയെ ‘റൊമാന്റിക്-റിയലിസ്റ്റിക്’ എന്ന് വിശേഷിപ്പിക്കാനാണ് എന്‍.വി ഇഷ്ടപ്പെടുന്നത്. ആദ്യകാല കാല്‍പ്പനികത്വത്തിന്റെ ഉച്ഛൃംഖലത്വമല്ല, പക്വതയാര്‍ജ്ജിച്ച പില്‍ക്കാല കാല്‍പ്പനികത്വത്തിന്റെ സുശിക്ഷിതമായ ആത്മസംയമനമാണ് അദ്ദേഹത്തിന്റെ കവിതയുടെ മുഖമുദ്ര. പ്രകൃതിയെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്നതിലും അര്‍ത്ഥഗര്‍ഭങ്ങളായ വിശദാംശങ്ങള്‍ കണിശമായി രേഖപ്പെടുത്തുന്നതിലും അദ്ദേഹം റിയലിസത്തിന്റെ സാങ്കേതികരീതി വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആധുനികന്മാരില്‍നിന്നും ആധുനികോത്തരന്മാരില്‍നിന്നും വൈലോപ്പിള്ളിയെ വേര്‍തിരിച്ചുനിര്‍ത്തുന്നത് ഈ സവിശേഷതകളാണ്.

സ്വന്തമായ മറ്റൊരു നിരര്‍ത്ഥകത പ്രപഞ്ചത്തിന്റെ നിര്‍മ്മിതിയിലൂടെ ബാഹ്യപ്രപഞ്ചമെന്ന നിരര്‍ത്ഥകതയോട് പ്രതികരിച്ചവരാണ് ആധുനിക സാഹിത്യകാരന്മാരില്‍ അധികം പേരുമെന്ന് എന്‍.വി. നിരീക്ഷിക്കുന്നു. ‘സമകാല സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളോട് ആധുനിക സാഹിത്യകാരന്മാര്‍ പ്രധാനമായി രണ്ടുവിധം സമീപനങ്ങള്‍ കൈക്കൊള്ളുന്നതായി കാണാം. പ്രകൃതിയില്‍ മനുഷ്യന്റെ സ്ഥാനത്തെപ്പറ്റി വലിയ മതിപ്പായിരുന്നു കാല്‍പ്പനിക സാഹിത്യകാരന്മാര്‍ക്ക്. ആധുനികര്‍ക്ക് ഈ മതിപ്പ് നഷ്ടപ്പെട്ടു. സങ്കീര്‍ണ്ണവും ദുരവബോധവുമായ സമൂഹത്തില്‍ തികച്ചും നിസ്സഹായനും നിസ്സാരനുമാണ് വ്യക്തി എന്നവര്‍ക്ക് ബോധ്യമായിരിക്കയാണ്. ജീവിതം അര്‍ത്ഥശൂന്യമോ അസംബന്ധമോ തുച്ഛമോ ഒക്കെ ആണെന്ന് അവര്‍ കരുതുന്നു. ഈ ധാരണ രൂഢമൂലമായതോടെ, ബാഹ്യസാമൂഹ്യ യാഥാര്‍ത്ഥ്യത്തെ തങ്ങളുടെ കൃതികളില്‍ തീരെ പ്രതിഫലിപ്പിക്കാതിരിക്കുവാനോ, പ്രതിഫലിപ്പിക്കുന്നപക്ഷം നേരിട്ടല്ലാതെ വക്രീകരിച്ചും വിരൂപപ്പെടുത്തിയും മാത്രം അങ്ങനെ ചെയ്യാനോ, അവര്‍ ശ്രദ്ധാലുക്കളായി- ബാഹ്യയാഥാര്‍ത്ഥ്യത്തില്‍നിന്നുള്ള ബന്ധവിച്ഛേദത്തിന്റെയും ബന്ധവക്രീകരണത്തിന്റെയും ഫലമായാണ് കവിത അകവിതയും കഥ അകഥയും ഹീറോ ആന്റീ ഹീറോയും മറ്റുമായത്. യാഥാര്‍ത്ഥ്യത്തെ വക്രീകരിച്ചും വേഷം മാറ്റിയും തങ്ങള്‍ സൃഷ്ടിച്ച ‘മിത്തു’കളിലൂടെ മനുഷ്യന്റെ നിസ്സഹായതയും അസ്തിത്വത്തിന്റെ അന്തസ്സാര രാഹിത്യവും, ഒക്കെ അനുഭവിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു’.

ആധുനികോത്തരന്മാരാകട്ടെ, ഒരു പടികൂടി കടന്നു നില്‍ക്കുന്നു. ബാഹ്യയാഥാര്‍ത്ഥ്യത്തോടുള്ള സമാന്തരബന്ധംപോലും തങ്ങളുടെ കൃതികളില്‍ അവര്‍ നിഷേധിക്കുന്നു. ആധുനികോത്തരന്മാരുടെ സാഹിത്യസമീപനത്തെ എന്‍.വി. ഇങ്ങനെ വിശദീകരിക്കുന്നു: ‘അവരെ സംബന്ധിച്ചിടത്തോളം, ഭാഷയെന്നത് ആന്തരനിയമങ്ങളാല്‍ ബന്ധിക്കപ്പെട്ട ചില ചിഹ്നങ്ങള്‍, അഥവാ പ്രതീകങ്ങള്‍ കൊണ്ടുള്ള ഒരു സംരചനയാണ്. ഈ സംരചന ബാഹ്യമായ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടാറുണ്ടെങ്കിലും, ആ ബന്ധം എപ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. മുന്‍കൂട്ടി നല്‍കപ്പെട്ട ഒരു പ്രോഗ്രാമിങ്ങിന് വിധേയമായി മാത്രം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്ന കമ്പ്യൂട്ടര്‍പോലെ, മുന്‍കൂട്ടി ഉറപ്പിച്ച ചില ധാരണകള്‍ക്ക് വിധേയമായി മാത്രം ഭാഷ ബാഹ്യയാഥാര്‍ത്ഥ്യത്തിന്റെ പാര്‍ശ്വവീക്ഷണങ്ങള്‍ നമുക്ക് തരുന്നു. ഭാഷയുടെ ഒരു സവിശേഷ പ്രയോഗം മാത്രമാണ് സാഹിത്യം. അതിനാല്‍ സാഹിത്യവും പ്രതീകങ്ങളുടെ ഒരു സംരചന മാത്രമാകുന്നു. അതിന്റേതായ ആന്തരനിയമങ്ങളുടെ അടിസ്ഥാനത്തില്‍, ആ അടിസ്ഥാനത്തില്‍ മാത്രം വേണം സാഹിത്യത്തിന്റെ മൂല്യനിര്‍ദ്ധാരണം ചെയ്യാന്‍. ഇതിന്നര്‍ത്ഥം ബാഹ്യസാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുമായി വല്ല ബന്ധവും സാഹിത്യത്തിന് ഉണ്ടായിക്കൊള്ളണമെന്നില്ല എന്നാണ്. മാത്രമല്ല, അത്തരത്തിലുള്ള ബന്ധങ്ങള്‍ – യാഥാര്‍ത്ഥ്യത്തിന്റെ വക്രീകരണം, യാഥാര്‍ത്ഥ്യത്തിന്റെ വിമര്‍ശനം, എന്തും-സാഹിത്യത്തിന്റെ സ്വയംസിദ്ധമായ ആധികാരികത(Authenticity)യ്ക്ക് മങ്ങലേല്‍പ്പിക്കുന്നു എന്നുകൂടി പല ‘ആധുനികോത്തര’ന്മാരും വിശ്വസിക്കുന്നു’.

-എ.പി. നളിനന്‍

Share Button