പ്രണതോസ്മി:
ശിലകളെ പ്രീതിപ്പെടുത്തുവാനായ്
ഒരുകുട്ട പൂക്കളറുത്തു ചെന്നു
എന്നിലെ പാപം കുറയ്കുവാനായ്
ശിലയായദേവനെ തൊഴുതു നിന്നു
വിശക്കും വയറിനോരിത്തിരി നല്കാതെ
പാലഭിഷേകം നടത്തിയേറെ
ഒരു പിടി ചോറിനു വേണ്ടിയലയുന്ന
വിശക്കുന്ന ബാല്യത്തെ കണ്ടതില്ല.
മക്കള്‍ മറന്ന,സ്നേഹം മരവിച്ച,
വൃദ്ധരെയെങ്ങുമേ കണ്ടതില്ല
സാന്ത്വനമേറേ കൊതിക്കുന്ന രോഗിയാം
അനാഥരെ കണ്ടില്ല ഞാന്‍
ബാല്യം കശക്കിയെറിഞ്ഞ ജീവന്റെ
നെടുവീര്‍പ്പുകള്‍ കേട്ടതില്ല.
എന്നുടെ ചുറ്റിലും കരയുന്ന
കലുഷമാം ജീവിതം കണ്ടില്ല ഞാന്‍
കണ്ടത് എന്റെ കുടുംബവും
എന്നുടെ തട്ടാനേയുമായിരുന്നു.
എന്മനം എന്നോടരുളി നിന്നുടെ
പാപം നീ തിന്നു തീര്‍ക്കുക.
ശിലയല്ല ശിലയായി ജീവിതം
മുരടിച്ച മനുഷ്യനെ പൂജിക്ക നീ.
– കക്കാട് നാരായണന്‍.