“വികാരധാരയിലും വിചാരധാരയിലും ഇടറാതെ”
പ്രൊഫ. എ.പി.പി.നമ്പൂതിരിയുടെ സാഹിത്യസപര്യയെ വിലയിരുത്തുന്ന കവിയും ഗാനരചയിതാവുമായ ശ്രീ. ശ്രീകുമാരന്‍ തമ്പിയുടെ വാക്കുകളിലേക്ക് അനുവാചക ശ്രദ്ധ ക്ഷണിക്കുന്നു. മലയാള സാഹിത്യത്തിന് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ പ്രൊഫ. എ.പി.പി.യുടെ 24-ാം ചരമവാര്‍ഷികദിനമാണ് 2015 ഡിസംബര്‍ 22ന്.
“കവിയും നാടകകൃത്തുമായ വിമര്‍ശകനായിരുന്നു എ.പി.പി. നമ്പൂതിരി. ജനകീയ കവിയായ ഷെല്ലിയെ നിശിതമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച നിരൂപകനാണ് മാത്യു ആര്‍ണോള്‍ഡ്. മലയാളം കണ്ട ഏറ്റവും വലിയ മഹാകവിയായി വാഴ്ത്തപ്പെട്ട കുമാരനാശാന്റെ ഭാവനയുടെ താളപ്പിഴകള്‍ അക്കമിട്ട് നിരത്താന്‍ ധൈര്യം കാണിച്ച വിമര്‍ശകനാണ് എ.പി.പി നമ്പൂതിരി.
എനിക്ക് പരിചയമുണ്ടായിരുന്ന എ.പി.പി. ഭാവനാസമ്പന്നനായ കവിയായിരുന്നു. ഇളംമനസ്സുകളുടെ രാഗതാളങ്ങള്‍ ശരിക്കറിയുന്ന നാടകരചയിതാവായിരുന്നു. വ്യത്യസ്ത ദര്‍ശനമുള്ള നിരൂപകനായിരുന്നു. വിദ്യാര്‍ത്ഥി എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും വിജയം വരിച്ച അദ്ദേഹം സ്നേഹസമ്പന്നനായ ഗൃഹനാഥനും സര്‍വ്വോപരി ഒരു നല്ല മനുഷ്യനുമായിരുന്നു. എ.പി.പിയുടെ ഭാഷ തന്നെ കടമെടുത്തു പറഞ്ഞാല്‍ ‘ചിന്തകൊണ്ട് ചിന്തേരിട്ട’ ജീവിതമായിരുന്നു അത്. അച്ചടക്കമായിരുന്നു ആ ജീവിത തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനശില. ഈശ്വരാധീനത്തിലും ഭാഗ്യത്തിലുമല്ല, അത്യദ്ധ്വാനത്തിലാണ് അദ്ദേഹം വിശ്വസിച്ചത്.
നല്ല നിരൂപകന് നല്ല മനുഷ്യനാകണമെന്ന് നിര്‍ബന്ധമില്ല. നല്ല മനുഷ്യനായി സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്ന വ്യക്തി നല്ല ഭര്‍ത്താവും നല്ല അച്ഛനും നല്ല മുത്തച്ഛനും ആയിക്കൊള്ളണമെന്നില്ല. വിചാരധാരയിലും വികാരധാരയിലും എ.പി.പി തന്റെ വ്യക്തിത്വം നിലനിര്‍ത്തുകയും വിജയം വരിക്കുകയും ചെയ്തു.
ഒരു നാടകകൃത്ത് എന്ന നിലയിലും വിമര്ശകന് എന്ന നിലയിലും ജീവിതമൂല്യങ്ങള്‍ക്കു തന്നെയാണ് എ.പി.പി പ്രാധാന്യം കല്‍പ്പിച്ചത്. സാഹിത്യത്തിന്റെ ലക്ഷ്യം മനുഷ്യനെ സംസ്ക്കരിക്കുക എന്നതുതന്നെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. എ.പി.പി ആ ആദര്‍ശത്തിന്റെ പ്രയോക്താവുമായിരുന്നു. “കവികള്‍ സമുദായത്തിന്റെ നിയമനിര്മ്മാതാക്കളാ”ണെന്ന് ഷെല്ലി പറഞ്ഞു. “എഴുത്തുകാരന് പൂര്‍ണ്ണാര്‍ത്ഥത്തില്‍ സാഹിത്യകാരനായിത്തീരുന്നത് ആസ്വാദകര്‍ക്ക് വെളിച്ചം നല്‍കുമ്പോഴാണ്” എന്ന് എ.പി.പി പറഞ്ഞു. കുട്ടികള്‍ക്കുവേണ്ടി രചിച്ച നാടകങ്ങളില്‍പ്പോലും നീറുന്ന സാമൂഹിക പ്രശ്നങ്ങളാണ് തികച്ചും ലളിതമായ ശൈലിയില്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കുന്ന ക്രൂരതയ്ക്കെതിരെ അദ്ദേഹം തന്റെ തൂലിക ആയുധമാക്കി. ഇന്ന് CHILD LABOUR ലോകമനസ്സാക്ഷിയുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ഓണപ്പുടവ കിട്ടാത്ത വേലക്കാരന്കുട്ടിയുടെ ദുഃഖം ഓണപ്പൂക്കളുടെ വര്‍ണ്ണത്തിലും പൂവിളിയുടെ മേളത്തിലും അലിഞ്ഞുചേരുന്ന കാഴ്ച “ഓണപ്പുടവ” എന്ന നാടകത്തെ ഉന്നതമാക്കുന്നു. “കൊഴിഞ്ഞുവീണ പൂമൊട്ട്” എന്ന നാടകത്തില്‍ പഠിക്കാന്‍ സാമ്പത്തിക സ്ഥിതിയനുവദിക്കാത്തില് ദുഃഖിച്ച് നാടുവിടുന്ന ഒരു ഹരിജനബാലന്റെ കദനകഥയാണ് പറയുന്നത്. വീട്ടുവേലയ്ക്ക് നില്ക്കുന്ന കുട്ടിയുടെ അടിമത്തവും പട്ടിണിയുമാണ് “മാഞ്ഞുപോയ മഴവില്ല്” എന്ന നാടകത്തിന്റെ വിഷയം. ബാലമനസ്സുകളുടെ കഥ പറയുമ്പോള്‍ ഈ നാടകകൃത്ത് “ഗൌരവസ്വഭാവമുള്ള ഒരു ബാലനായി” മാറുന്നത് അത്ഭുതകരമായ കാഴ്ചയാണ്.
“ഞാന്‍ എനിക്കുവേണ്ടിയാണെഴുതുന്നത്. എന്റെ ആത്മസംതൃപ്തിക്കുവേണ്ടി; സമൂഹത്തോട് എനിക്കൊരു കടപ്പാടുമില്ല” എന്ന് പറയുന്ന എഴുത്തുകാരെ എ.പി.പി ഒരിക്കലും അംഗീകരിച്ചിരുന്നില്ല. എഴുത്തുകാരന് ഒറ്റപ്പെട്ടവനാണെന്ന വാദം അര്‍ത്ഥമില്ലാത്തതാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഒറ്റപ്പെട്ടുകൊണ്ട് ഒരു ജീവിക്കും ഈ ലോകത്തില്‍ ജീവിക്കാനാവില്ലെന്നും ജനനം മുതല്‍ മരണം വരെയുള്ള ഓരോ ഘട്ടത്തിലും മനുഷ്യന് അന്യരോട് ബന്ധപ്പെട്ടേ മതിയാവൂ എന്നും അദ്ദേഹം വിശ്വസിച്ചു. ഈ വിഷയം എ.പി.പിയുടെ വാക്കുകളില്‍തന്നെ അവതരിപ്പിക്കാം.
“സാഹിത്യകാരന് തനിക്കുവേണ്ടിയാണ് എഴുതുന്നത് എന്നത് ഒരു പരിധിവരെ ന്യായീകരിക്കാം എന്ന് ഞാനും സമ്മതിക്കുന്നു. അയാളുടെ ആത്മസംതൃപ്തി എഴുതിക്കഴിയുന്നതോടെ എഴുത്തുകാരന് ലഭിക്കുന്നു. അതിനുശേഷം തനിക്കുവേണ്ടി എന്നത്, ഒരു കലാസൃഷ്ടിയുടെ കാര്യത്തില്‍ അന്യരുമായി ബന്ധപ്പെട്ടേ നടക്കുന്നുള്ളൂ. തനിക്ക് പ്രശസ്തി ലഭിക്കണം തനിക്ക് പണം കിട്ടണം. ഈ അര്‍ത്ഥത്തിലൊക്കെ എഴുത്തുകാരന് തനിക്കുവേണ്ടി എഴുതുന്നു എന്ന് പറയാം. പക്ഷേ ഈ പ്രശസ്തി ലഭിക്കണമെങ്കില്‍ മറ്റുള്ളവര്‍ അതാസ്വദിക്കണം. പണം ലഭിക്കണമെങ്കില്‍ മറ്റുള്ളവര്‍ വാങ്ങി വായിക്കണം. അപ്പോള്‍ സൃഷ്ടിയുടെ അവസാനത്തില്‍ ലഭിക്കുന്ന ആത്മസംതൃപ്തിയില്‍ തനിക്കുവേണ്ടി എന്ന മുദ്രാവാക്യം അലിഞ്ഞുചേരുന്നു”.
സാഹിത്യകാരന് സമൂഹത്തോടുള്ള ബാധ്യതയുടെ കാര്യത്തില്‍ കാര്‍ക്കശ്യം പുലര്ത്തിയിരുന്നതുകൊണ്ടുതന്നെ അദ്ദേഹം ആധുനിക സാഹിത്യത്തിലെ അശ്ളീലത്തേയും എതിര്‍ത്തു.
അന്യരുടെ വികാരങ്ങളെ കണക്കിലെടുത്ത് സ്വന്തം ആഗ്രഹങ്ങളെയും തോന്നലുകളേയും നിയന്ത്രിക്കുന്നവന് മാത്രമേ സംസ്കാരവിനിമയം നടത്താന്‍ അര്‍ഹതയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. “സംസ്കാരം ചിന്തയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായാണുണ്ടാവുന്നത്. സമൂഹത്തിന്റെ സൌരൂപ്യമാണ് സംസ്കാരം എന്നും ലക്ഷ്യമായി കരുതിയിട്ടുള്ളത്”.
തട്ടിയിട്ട് തലോടുക അല്ലെങ്കില്‍ തലോടിയിട്ട് തട്ടുക. ഇതാണ് എ.പി.പിയുടെ നിരൂപണശൈലിയുടെ പൊതുസ്വഭാവം. നാണയത്തിന്റെ രണ്ടുവശങ്ങളും അദ്ദേഹം വീണ്ടും വീണ്ടും പരിശോധിക്കും. പൂര്‍ണ്ണമായ പുകഴ്ത്തലോ പൂര്‍ണ്ണമായ ഇകഴ്ത്തലോ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. “സത്യസന്ധമായ വിമര്‍ശനവും സൂക്ഷ്മമായ ആസ്വാദനവും കവിയെയല്ല, കവിതയെയാണ് ലക്ഷ്യമാക്കേണ്ടത്” എന്ന് “പാരമ്പര്യവും വ്യക്തിപരമായ അഭിരുചിയും” എന്ന ലേഖനത്തില്‍ ടി.എസ് എലിയട്ട് പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരണീയമത്രെ. കവിയെ മനസ്സില്‍ കണ്ടുകൊണ്ടും വ്യക്തിവൈരാഗ്യത്തിന്റെ പേരിലും എ.പി.പി കവിതയെ വിമര്‍ശിച്ചിട്ടില്ല. മഹാകവി ജിയുടെ കവിതകളെ വാനോളം പുകഴ്ത്തുമ്പോഴും ജി തുടക്കത്തില്‍ വള്ളത്തോള്‍ ശൈലി അനുകരിച്ചിരുന്നു എന്ന വസ്തുത അദ്ദേഹം വായനക്കാരെ ഓര്‍മ്മിപ്പിക്കും. സുഗതകുമാരിയുടെ “ഗജേന്ദ്രമോക്ഷം” എന്ന കവിതയെ അഭിനന്ദിക്കുകയും “കാളിയമര്‍ദ്ദനം” എന്ന കവിതയ്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കാതിരിക്കുകയും ചെയ്യും. “പുരാണകഥകളും പുതുസാഹിത്യവും” എന്ന ലേഖനത്തിലാണ് “കാളിയമര്‍ദ്ദന”ത്തിലെ അനൌചിത്യം അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കക്കാടിന്റെ “തീര്‍ത്ഥാടനം” എന്ന കവിതയെയും എ.പി.പി വെറുതെ വിടുന്നില്ല. “കാളിയമര്‍ദ്ദന”ത്തിലും “തീര്‍ത്ഥാടന”ത്തിലും കവികള്‍ പുരാണകഥകളെ അന്യഥാകരിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഈ സ്ഥിതി കൊണ്ടാടപ്പെട്ടുകൂടാ എന്നും എ.പി.പി വാദിക്കുന്നു.
ജീവിതത്തെ സ്നേഹിച്ച, ജീവിതം സത്യമാണെന്ന് വിശ്വസിച്ച കലാകാരനാണ് എ.പി.പി.നമ്പൂതിരി. ജീവിത പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള കരുത്തില്ലായ്മയെ അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
“മനുഷ്യന് തന്റെ പരമമായ ലക്ഷ്യത്തിലെത്തിച്ചേരുന്നത് ഐഹികവിഷയങ്ങളില്നിന്നൊക്കെ ഒളിച്ചോടി കാട്ടില്‍ പോയി നിസ്സംഗനായി തപസ്സ് ചെയ്തിട്ടല്ല. നാമം ജപിച്ചും സ്തോത്രം ചൊല്ലിയും കര്‍മ്മഫലദാതാവായ ഈശ്വരനെ പ്രീതിപ്പെടുത്തിയിട്ടില്ല. കേവലം നിഷ്ക്കാമനായി തനിക്ക് വിധിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ ചെയ്തിട്ടുമല്ല. പിന്നെയോ? ക്ഷണികമാണല്ലോ പ്രപഞ്ചജീവിതമെന്നുവെച്ച് അതിനെ നിസ്സാരമാക്കി തള്ളാതെ പ്രപഞ്ചത്തില്‍ തന്നെയും തന്നില്‍ പ്രപഞ്ചത്തെയും കണ്ടുകൊണ്ട് കര്‍മ്മങ്ങളില്‍ വ്യാപരിച്ചിട്ടാണ് എന്ന് പറയുന്ന എ.പി.പി നമ്പൂതിരി “അഹം ബ്രഹ്മാസ്മി” എന്ന ഉപനിഷത് ദര്ശനത്തില്ത്തന്നെയാണ് മനസ്സൂന്നിയിരുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
(ശ്രീകുമാരന്‍ തമ്പി പ്രൊഫ.എ.പി.പി നമ്പൂതിരിയുടെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് 1995 ഡിസംബര്‍ 22-ാം തീയതി കോഴിക്കോട്ട് നടന്ന അനുസ്മരണസമ്മേളനത്തില്‍ ചെയ്ത അനുസ്മരണ പ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍)
Related link : appcritic.org