ആയുര്‍വേദം: സിദ്ധാന്തവും പ്രയോഗവും

ayurvedam
പഞ്ചഭൂതാത്മകമാണ് ശരീരം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സവിശേഷ സങ്കലനമാണ് ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും. പഞ്ചഭൂതങ്ങളും ജീവചൈതന്യവും ചേര്‍ന്ന ശരീരത്തില്‍ ത്രിദോഷങ്ങളുടെ സമതുലനത്തില്‍ ഉളവാകുന്ന വ്യതിയാനങ്ങളാണ് രോഗാവസ്ഥയ്ക്ക് കാരണമെന്നാണ് ആയുര്‍വേദത്തിന്റെ അടിസ്ഥാനതത്വം. കഫം, പിത്തം, വാതം എന്നിവയാണ് ത്രിദോഷങ്ങള്‍. ശരീരത്തെ ഊര്‍ദ്ധ്വാംഗം, മധ്യമാംഗം, അധമാംഗം എന്നിങ്ങനെ വിഭജിച്ച് കഫത്തിന്റെ സ്ഥാനമായി ഊര്‍ദ്ധ്വാംഗത്തേയും പിത്തത്തിന്റെ സ്ഥാനമായി മധ്യമാംഗത്തേയും വാതത്തിന്റെ കേന്ദ്രമായി അധമാംഗത്തേയും ആയുര്‍വേദം വിവരിക്കുന്നു. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ളം എന്നീ സപ്തധാതുക്കളുടെ പോഷണവും ശോഷണവും ആയുര്‍വേദ ചികിത്സാരീതിയില്‍ പരമപ്രധാനമാണ്. ശരീരത്തെ സപ്തധാതുക്കളുടേയും ത്രിദോഷങ്ങളുടെയും മലങ്ങളുടേയും ഒരു സമ്പുടമായിട്ടാണ് ആയുര്‍വേദശാസ്ത്രം കാണുന്നത്.

അഗ്നിപുരാണം എന്ന പുരാതന വിജ്ഞാനകോശത്തില്‍ അപരാവിദ്യകളുടെ (ഭൌതികജ്ഞാനം) വിഭാഗത്തില്‍ ആയുര്‍വേദം ഒരു വിഷയമായി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അഗ്നിപുരാണത്തിലെ 279 മുതല്‍ 292 വരെയുള്ള അദ്ധ്യായങ്ങളില്‍ ധന്വന്തരി സുശ്രുതന് ഉപദേശിച്ച ആയുര്‍വേദവിദ്യ വിവരിക്കപ്പെട്ടിരിക്കുന്നു. 293 മുതല്‍ 327 വരെയുള്ള അദ്ധ്യായങ്ങളില്‍ മന്ത്രവിദ്യ, സര്‍പ്പചികിത്സ, മന്ത്രൌഷധാദി ചികിത്സ, ശിശുചികിത്സ, ഗ്രഹപീഡ, അപൂര്‍വ്വ മന്ത്രൌഷധവിധികള്‍ ജീവരക്ഷയ്ക്കുതകുന്ന മന്ത്ര-പൂജകള്‍ എന്നിവ വിസ്തരിച്ചിരിക്കുന്നു.
അഗ്നിവേശതന്ത്രം, അഷ്ടാംഗഹൃദയം, ചരക-സുശ്രുത-കശ്യപസംഹിതകള്‍, യോഗരത്നാകരം തുടങ്ങി നിരവധി പ്രാചീന ഗ്രന്ഥങ്ങള്‍ ആയുര്‍വേദത്തിന്റെ തത്ത്വങ്ങളും പ്രയോഗരീതികളും പ്രതിപാദിക്കുന്നുണ്ട്. ത്രിദോഷസിദ്ധാന്തം, ദോഷധാതുമലസിദ്ധാന്തം, ദ്രവ്യരസഗുണവീര്യവിപാക പ്രഭവസിദ്ധാന്തം എന്നിവയാണ് ആയുര്‍വേദശാസ്ത്രത്തിലെ പ്രാമാണികമായ സിദ്ധാന്തങ്ങള്‍.

ചരകൻ
ചരകൻ

ഋതുചര്യാവിധിയനുസരിച്ച് ശിശിരത്തിലും വസന്തത്തിലും കഫവും ഗ്രീഷ്മം, വര്‍ഷം എന്നീ ഋതുക്കളില്‍ വാതവും വര്‍ഷത്തിലും ശരത്തിലും പിത്തവും വര്‍ദ്ധിക്കുകയും കോപിക്കുകയും ചെയ്യുന്നു. വാതപ്രകൃതി, പിത്തപ്രകൃതി, കഫപ്രകൃതി, വാതപിത്തപ്രകൃതി, വാതകഫപ്രകൃതി, പിത്തപ്രകൃതി, കഫപ്രകൃതി, വാതപിത്തപ്രകൃതി, വാതകഫപ്രകൃതി, പിത്തകഫപ്രകൃതി, സമദോഷപ്രകൃതി ഇങ്ങനെ ഏഴ് പ്രകൃതികള്‍ ഉണ്ട്. കഫം ഉല്‍പ്പാദകശക്തിയും പിത്തം സ്ഥാപകശക്തിയും വാതം നാശകശക്തിയുമാണെന്നാണ് ആയുര്‍വേദശാസ്ത്രം പറയുന്നത്.

ആഹാരം, നിദ്ര, മൈഥുനം ഇവ മൂന്നും ശരീരത്തിന്റെ ആരോഗ്യത്തിന് അനുപേക്ഷണീയമാണെന്നാണ് ആചാര്യന്മാര്‍ വിധിച്ചിരിക്കുന്നത്. ആഹാരസാരത്തില്‍ നിന്നാണ് ശരീരനിര്‍മ്മിതി. നിദ്ര സുഖവും പുഷ്ടിയും നല്‍കുന്നു. എന്നാല്‍ പകലുറക്കം പല ശരീരാംഗങ്ങളുടേയും പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. വസന്തം, ശരത്ത് എന്നീ ഋതുക്കളില്‍ മൂന്നുദിവസത്തിലൊരിക്കലും വര്‍ഷത്തു, ഗ്രീഷ്മം എന്നീ ഋതുക്കളില്‍ പതിനഞ്ചുദിവസത്തിലൊരിക്കലുമാണ് മൈഥുനത്തില്‍ ഏര്‍പ്പെടേണ്ടത്. ഹേമന്തശിശിരങ്ങളില്‍ കാമമുള്ളിടത്തോളം കാമകേളിയില്‍ ഏര്‍പ്പെടാമെന്നാണ് വിധി.

പ്രാണന്‍, അപാനന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍ എന്നീ പഞ്ചപ്രാണങ്ങളും നാഗന്‍, കൂര്‍മ്മന്‍, കൃകരന്‍, ദേവദത്തന്‍, ധനഞ്ജയന്‍ എന്നീ ഉപപ്രാണങ്ങളും മനസ്സ്, ബുദ്ധി, ശരീരം ഇവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. രോഗത്തിന്റെ ആശ്രയങ്ങള്‍ ശരീരവും മനസ്സുമാണ്. രജസ്സും തമസ്സും മനസ്സിന്റെ ദോഷങ്ങളും ത്രിദോഷങ്ങള്‍ (വാത-പിത്ത-കഫങ്ങള്‍) ശാരീരിക ദോഷങ്ങളുമാണ്. ദോഷങ്ങള്‍ കോപിക്കുമ്പോഴാണ് രോഗങ്ങളുണ്ടാകുന്നത്. ആഹാരാദികളിലെ ക്രമക്കേടുകൊണ്ടും രോഗബീജങ്ങളുടെ പ്രവര്‍ത്തനംകൊണ്ടുമുണ്ടാകുന്ന ധാതുവൈഷമ്യത്തിന്റെ ഫലമായിട്ടാണ് ദോഷങ്ങള്‍ കോപിക്കുന്നത്.
രോഗങ്ങളെ നിജം, ആഗന്തു എന്നിങ്ങനെയാണ് ആയുര്‍വേദം പ്രാഥമികമായി വിഭജിക്കുന്നത്. ദോഷങ്ങള്‍ നേരിട്ടോ രോഗബീജം മുഖേനയോ ഉണ്ടാക്കുന്ന രോഗമാണ് നിജം. പുറമേനിന്ന് വന്നുചേര്‍ന്ന് ശരീരത്തെ ബാധിച്ചുണ്ടാകുന്നതാണ് ആഗന്തു.

ശരീരത്തെ സമ്പുഷ്ടമായി നിലനിര്‍ത്തുന്നത് സര്‍വധാതുക്കളുടെയും ചൈതന്യമായ ഓജസ്സാണ്. മന്ദം, ശീതം, സ്നിഗ്ധം, സ്ഥൂലം, മധുരം, സ്ഥിരം, ചിരകൃത്ത്, ഗുരു, ശ്ളഷ്ണം, പിച്ഛിലം ഇതൊക്കെയാണ് ഓജസ്സിന്റെ ഗുണങ്ങള്‍. സമസ്തധാതുക്കളേയും വേണ്ടതുപോലെ പ്രീണിപ്പിച്ചുകൊണ്ടിരിക്കുന്നത് രസമാണ്. പഞ്ചഭൂതങ്ങളില്‍ ഭൂമി, ജലം എന്നിവയുടെ ആധിക്യത്താല്‍ മധുരരസവും അഗ്നി, ഭൂമി എന്നിവയുടെ ആധിക്യത്താല്‍ അമ്ളരസവും ജലം, അഗ്നി ഇവകളുടെ ആധിക്യത്താല്‍ ലവണരസവും ആകാശത്തിന്റേയും വായുവിന്റേയും ആധിക്യത്താല്‍ തിക്തരസവും അഗ്നിവായുക്കളുടെ ആധിക്യത്താല്‍ കടുരസവും ഭൂമി വായുക്കളുടെ ആധിക്യത്താല്‍ കഷായരസവും ഉണ്ടാവുന്നുവെന്ന് അഷ്ടാംഗഹൃദയത്തില്‍ വിവരിച്ചിട്ടുണ്ട്.

Image (4)

അഥര്‍വ്വവേദത്തിലാണ് രോഗങ്ങളുടെ പ്രതിവിധികള്‍ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. ജ്വരചികിത്സ, ഹൃദ്രോഗചികിത്സ, ത്വക്രോഗ ചികിത്സ, പ്രസവചികിത്സ തുടങ്ങി ആയുര്‍വേദത്തിലെ വിവിധ രോഗശമനവിധികള്‍ ഇതില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ശുക്ളയജൂസംഹിതയുടെ പന്ത്രണ്ടാം അദ്ധ്യായത്തില്‍ ഔഷധങ്ങളുടെ രോഗനാശന ശക്തിയെക്കുറിച്ചും അവ ശേഖരിക്കേണ്ടവിധത്തെക്കുറിച്ചും വിവരിക്കുന്നു. ശസ്ത്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സുശ്രുതസംഹിതയിലാണുള്ളത്. ഛേദ്യം, ഭേദ്യം, ലേപ്യം, വേദ്ധ്യം, ഏഷ്യം, ആഹാര്യം, വിസ്രാവ്യം, സീവ്യം എന്നിങ്ങനെ എട്ടുതരത്തിലുള്ള ശസ്ത്രകര്‍മ്മങ്ങളെപ്പറ്റി സുശ്രുതന്‍ പറയുന്നുണ്ട്. അഭ്യംഗം (എണ്ണതേപ്പ്), സ്നേഹപാനം, ധാര, സ്വേദനം, തളംവെയ്ക്കല്‍, വമനം, വിരേചനം, വസ്തി, നസ്യം, ധൂമപാനം, ഗണ്ഡുഷം (മരുന്ന് വായയില്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് ഇറക്കാതെ നിറുത്തല്‍) ലേപനം, തര്‍പ്പണം, ക്ഷാരകര്‍മ്മം, അഗ്നികര്‍മ്മം, രസായന ചികിത്സ, ആശ്ച്യോതനം, അഞ്ജനം എന്നീ നേത്രചികിത്സാരീതികള്‍- ഇവയെല്ലാം ആയുര്‍വേദത്തിലെ ചികിത്സാതന്ത്രങ്ങളില്‍പ്പെടുന്നു. വാഗ്ഭടന്റെ അഷ്ടാംഗഹൃദയത്തില്‍ ആറാമത്തെ അംഗമായ അഗദതന്ത്രം വിഷചികിത്സാരീതികള്‍ വിവരിക്കുന്നുണ്ട്.

കല്‍ക്കം, ചൂര്‍ണ്ണം, രസം, തൈലം, അര്‍ക്കം (വാറ്റിയെടുത്തത്) എന്നിങ്ങനെ അഞ്ചുതരമാണ് ആയുര്‍വേദ ഔഷധങ്ങള്‍. മരുന്നുകള്‍ കഷായംവെച്ച് ഊറ്റി അരിച്ച് പാകത്തിന് ശര്‍ക്കരയും തേനും ചേര്‍ത്ത് കുറച്ചുകാലം മണ്ണിനടിയില്‍വെച്ച് നിര്‍മ്മിക്കുന്ന അരിഷ്ടങ്ങളും അഗ്നിസംയോഗം കൂടാതെ മരുന്നുകളുടെ രസം പച്ചവെള്ളത്തില്‍ ലയിപ്പിച്ച് തയ്യാറാക്കുന്ന ആസവങ്ങളും ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുന്നവയാണ്. ഔഷധനിര്‍മ്മാണയോഗങ്ങള്‍ വിവരിക്കുന്ന അതിപ്രാചീനമായ ഗ്രന്ഥം ശാര്‍ങ്ധരസംഹിതയാണ്.

-എ.പി. നളിനന്‍

Share Button