ഇതിഹാസഭൂമിയിലൂടെ…
ആദിബോധത്തിന്റെ മുഖപടമാകുന്നു, മനസ്സ്. മനസ്സ് മാതാവാണെന്ന് നാം അറിയുന്നു. അമ്മ ജയിച്ചാല്‍ ആനന്ദം, അമ്മയെ ജയിച്ചാല്‍ പുരുഷാര്‍ത്ഥം- ഇതൊരു ആചാര്യകല്‍പ്പനയാണ്. വംശചോദനകളും ജന്മാന്തര സ്മൃതികളും ഇടകലര്‍ന്ന മനോമണ്ഡലം എഴുത്തുകാരനെ എന്നും മോഹിപ്പിച്ചിട്ടുണ്ട്. മനസ്സിന്റെ മാനങ്ങള്‍ ഇതള്‍ വിടര്‍ത്തി കാട്ടുവാന്‍ കൃതഹസ്തരായ കലാകാരന്മാര് മുതിര്‍ന്നിട്ടുണ്ട്. കോവിലന്റെ ‘തട്ടകം’ എന്ന സൃഷ്ടിയും ഇത്തരമൊരു യത്നത്തിന്റെ ഫലഭാഗമാണ്.
മുപ്പിലിശ്ശേരി ദേശം ദേവിയുടെ തട്ടകമാകുന്നു. ദേവി, ചോലക്കുളങ്ങര ഭഗവതി. തട്ടകത്ത് ക്ടാങ്ങള് വാഴ്കക്കൊണ്ട് കന്നും കരിയും വാഴ്കക്കൊണ്ട് നെല്ലും വല്ലിയും വാഴ്കക്കൊണ്ട് സന്തതികള്‍ വാഴ്കക്കൊണ്ട് ആണ്ടോടാണ്ടും നല്ലോടുനാള്ക്കും ഭഗവതി പരിപാലിച്ചുവരുന്നു.
ഉണ്ണീരിക്കുട്ടി മുത്തപ്പന്റെ ഓലക്കുടയില്‍ കുടിയേറിയാണ് ഭഗവതി ചോലക്കുളങ്ങരയെത്തുന്നത്. ഉറ്റ ചങ്ങാതി കമ്മളുട്ടിയുമൊത്ത് കന്നിനെ വാങ്ങാന്‍ ചന്തയ്ക്കുപോയ ഉണ്ണീരിക്കുട്ടി മടക്കയാത്രയിലാണ് ഭഗവതിയെ കൂടെക്കൂട്ടിയത്.
-ഉച്ചത്തണലില്‍ ആലിലകളില്‍ നിന്നിറങ്ങിവരുന്ന കാല്‍ച്ചിലമ്പൊലികള്‍ ശ്രവിച്ച് ഉണ്ണീരിക്കുട്ടി നിവര്‍ന്നിരുന്നു. സന്ദേഹമില്ല. ആരോ വരുന്നുണ്ടായിരുന്നു. ഉണ്ണീരി നാലുപാടും നോക്കി. ആരും ഇല്ല! ഒരുപക്ഷേ അറിയാതെ അല്‍പ്പം മയങ്ങിപ്പോയി. കമ്മളുട്ടിയും മയങ്ങുന്നു. എന്താ ചങ്ങാതി, നമുക്ക് പുറപ്പെടേണ്ടേ? കന്ന് നാലും ചെവിപാര്ത്തുനിന്നു, കിതയ്ക്കാന്പോലും മറന്നിട്ടെന്നപോലെ, ആല്‍ത്തറയിലേക്കും കിണറ്റിന് കരയിലേക്കും അവ മാറി മാറി നോക്കിനിന്നു, തിരിച്ചറിഞ്ഞ കൌതുകത്തോടെ. ആരായിരുന്നു? കാറ്റില്‍ അതിപരിചയത്തിന്റെ മണംപിടിച്ച് നാല്ക്കാലികള് നിശ്ചലം നിന്നു. ആരാണ് വന്നുപോയത്? നെയ്വിളക്കിന്റെ സുഗന്ധംപോലെ, കരിയിലകളില്‍ കാല്‍ച്ചിലമ്പൊലി തത്തിയതുപോലെ, കനല് തുള്ളുന്ന വെയിലില്‍ വാള്‍ത്തലപ്പുകള്‍ മിന്നിമറയുന്നതുപോലെ. നോക്കുമ്പോള്‍ – കല്ത്തൊട്ടിനിറയെ വെള്ളം! അദൃശ്യഹസ്തങ്ങള്‍ പകര്‍ന്ന തെളിനീര് കുടിച്ച് ഉണ്ണീരിയും കമ്മളുട്ടിയും കന്നുകളും ദാഹം പോക്കി.
യാത്ര തുടരാനായി ഉണ്ണീരിക്കുട്ടി പാണക്കോല് എടുത്തു. ഓടക്കാലിന്റെ ഓലക്കുട എടുക്കുമ്പോള്‍ കുട പൊങ്ങുന്നില്ല-
തട്ടകത്തിലെ പുരാവൃത്തങ്ങളുടെ ആദിബീജം ഈ ഉച്ചത്തണലിലാണ് മുളപൊട്ടുന്നത്. കുഞ്ഞപ്പന്റെയും കാളിയമ്മുവിന്റെയും മകനായ അപ്പുക്കുട്ടനിലാണ് ‘തട്ടക’ത്തിലെ വര്‍ത്തമാനകാലം ഊന്നിനില്ക്കുന്നതെങ്കിലും ഉണ്ണീരിമുത്തപ്പന്റെ തണല്ക്കൂടയ്ക്കുകീഴെ നിന്നുമാറി, സ്വന്തമായ ഒരസ്തിത്വം അപ്പുക്കുട്ടിനില്ലെന്നു നാമറിയുന്നു. നിലാവും നിഴലും വിണ്ണും, മണ്ണും, മനുഷ്യനും പിതൃക്കളും ഗന്ധര്‍വ്വന്മാരുമെല്ലാം ഇടകലര്‍ന്ന ‘തട്ടക’ത്തിലെ ഒരു കഥാപാത്രവും ഒറ്റതിരിഞ്ഞ വ്യക്തിത്വം പുലര്‍ത്തുന്നില്ലെന്നത് ഈ നോവലിന്റെ ശക്തിയും ദൌര്ബ്ബല്യവുമാകുന്നു.
ഉണ്ണീരിമുത്തപ്പനില് ഉദിച്ച്, അപ്പുക്കുട്ടനില്‍ വിടര്‍ന്ന് നില്‍ക്കുകയാണ് തട്ടകത്തിലെ കഥാപ്രപഞ്ചം. കഴിക്കെ ഉമ്മറത്തെറ്റില്‍ സൂര്യനെ കാത്തിരുന്ന, കവിയാകാനാഗ്രഹിച്ച അപ്പുക്കുട്ടന്- ഓലത്തടുക്കില്‍ അച്ഛനെ ഉരുമ്മിയിരുന്ന് രാമായണം കേട്ടുചൊല്ലുമ്പോള് ഇടയ്ക്ക് കരഞ്ഞുപോകുന്ന അപ്പുക്കുട്ടന്. ഗാന്ധിജി ജയിലില്‍ കിടക്കുമ്പോള്‍ പഠിക്കാന്‍ കഴിയാതെ പാവറട്ടി സംസ്കൃതകോളേജില്‍നിന്ന് സമരമുഖത്തേക്കിറങ്ങിയ അപ്പുക്കുട്ടന് ഗുരുനിന്ദയിലല്ല, പിതൃനിന്ദയുടെ നെരിപ്പോടിലാണ് സ്വയം ഉരുകുന്നത്.
മകന് വിദ്വാനാകുമെന്ന് സ്വപ്നം കണ്ട കുഞ്ഞപ്പന്. തനിക്ക് നേടാനാവാതെപോയ അറിവിന്റെ മണ്ഡലം മകന് മുന്നില്‍ തുറന്നതുകൊണ്ട് ആഹ്ളാദിച്ച പിതൃത്വം. അച്ഛന്റെ ഗദ്ഗദത്തിനു മുമ്പില്‍ അപ്പുക്കുട്ടന് ഒരു നിമിഷം തളര്‍ന്നുപോകുന്നു. ഉടനെ പ്രായശ്ചിത്തത്തിനൊരുങ്ങുന്നു.
-ഗുരുനിന്ദ ഉണ്ടായിട്ടില്ല. ഇല്ല ഇല്ല.
ഉണ്ടാവുകയും ഇല്ല.
അച്ഛനോടോ?
തെറ്റായിപ്പോയി എങ്കില്‍, ചെയ്ത തെറ്റ് അച്ഛനോടാകുന്നു. മകന് വിദ്വാന് ആയില്ല. മകന് വിദ്വാന് ആവില്ല. ആ തെറ്റ് തിരുത്തണം. അപ്പുക്കുട്ടന് തിരുത്തും.
എങ്ങനെ തിരുത്താന്‍?
സ്വന്തം ചിതയില്‍ സുകുമാരകവി ശ്രീകൃഷ്ണവിലാസം ആലപിച്ചു. അതെ, അച്ഛനുവേണ്ടി അതാവും അപ്പുക്കുട്ടന് ചെയ്യുക.
‘തട്ടക’ത്തിലൂടെ പിതൃതര്പ്പണത്തിനാണ് കോവിലനൊരുങ്ങുന്നത്. പിതൃവാത്സല്യത്തിന്റെ മധുരഭാവമാണ് കുഞ്ഞപ്പന്. പക്ഷേ, അകാലത്തില്‍ വസൂരിദീനംമൂലം അച്ഛന് നഷ്ടപ്പെട്ട കുഞ്ഞപ്പന്റെ മനസ്സില്‍ നീറുന്ന ഒരോര്‍മ്മയുണ്ട്.
അസ്ഥി ഉരുകുന്ന ചൂടില്‍ മഹാജ്വരത്തില് ജീവന് പൊറുക്കാത്ത ചൂടില്‍ മോഹാലസ്യപ്പെട്ടുകിടന്ന അച്ഛന് മരിച്ചുപോയെന്ന ധാരണയില്‍ നോട്ടക്കാര്‍ ശരീരം തഴപ്പായയില്‍ പൊതിഞ്ഞ് കുഴിലിയിറക്കി മണ്ണ് നീക്കുമ്പോള്‍ തഴപ്പായക്കെട്ടില് ഞരക്കം കുഞ്ഞപ്പനറിഞ്ഞിരുന്നു. ഞെരക്കം കേട്ടിട്ടും നോട്ടക്കാര്‍ അച്ഛനെ മണ്ണിട്ട് നികത്തിയെന്ന നടുക്കം കുഞ്ഞപ്പന്റെ കുഞ്ഞിമനസ്സില്‍ ഒരു തേങ്ങലായി അമര്‍ന്നിരുന്നു-
കുഞ്ഞപ്പന് കുട്ടികളെ ജീവനുതുല്യം സ്നേഹിച്ചു. മകന് കുഞ്ഞിരാമന് പഠിത്തം നിര്‍ത്തി തലതിരിഞ്ഞുനടന്നപ്പോഴും പണപ്പെട്ടി കുത്തിത്തുറന്ന് കടന്നുകളഞ്ഞപ്പോഴും കുഞ്ഞപ്പന് കോപം പൂണ്ടില്ല. അപ്പുക്കുട്ടന് പ്രതീക്ഷ തെറ്റിക്കുമ്പോഴും ഗദ്ഗദകണ്ഠനായി കേഴുക മാത്രമേ കുഞ്ഞപ്പന് ചെയ്യുന്നുള്ളൂ. മക്കളെല്ലാം വിദ്യനേടി, സദാചാരബോധത്തോടെ, സംസ്ക്കാരത്തോടെ ജീവിക്കണമെന്നതായിരുന്നു ആ ശുദ്ധമനസ്ക്കന്റെ സ്വപ്നം. ആ സ്വപ്നം തച്ചുടച്ചതില്‍ അപ്പുക്കുട്ടന് നിറഞ്ഞ കുണ്ഠിതമുണ്ട്. സ്വയമെരിഞ്ഞുകൊണ്ട് ഇതിഹാസം ചമയ്ക്കുകയാണ് ആ തെറ്റിനുള്ള പ്രായശ്ചിത്തം.
മുനിമടയില്വെച്ച് ആമന്ദരു കറുപ്പനോട് പറയുന്നുണ്ട്:
നാം പിതൃക്കളെ മറന്നുപോയി. നോക്കൂ, ഈ കട്ടിലുകള്‍. ഇതിലാണ് നമ്മുടെ പിതൃക്കള്‍ കിടന്നത്.
മാര്ക്കണ്ഡേയന് മരണം ജയിച്ചപ്പോള്‍ മനുഷ്യന് ആയുസ്സ് ഒരു സമസ്യായി. മരണമില്ലാത്ത മനുഷ്യാവസ്ഥ കോവിലന് ‘തട്ടക’ത്തില്‍ വിവരിക്കുന്നുണ്ട്.
-മൂത്തുമുരച്ചിടും കൂനിക്കൂടിയും ചുക്കിച്ചുളിഞ്ഞും മുതുമുത്തപ്പന്മാര് പൂഴിത്തവളകളായിത്തീര്ന്നു. വീടുകള്‍ തൂത്തുവാരാന്‍ നിര്‍വ്വാഹമില്ലാതായി. വീട്ടില്‍ എവിടെത്തിരിഞ്ഞാലും തവളകള്‍. മുക്കിലും മൂലയിലും പോതിലും പഴുതുകളിലും പതുങ്ങിക്കൂടിയ മുതുമുത്തപ്പന്മാരെ കുടിയിരുത്താന്‍ പുല്ലാനിക്കുന്നത്തെ വെട്ടുപാറപ്പരപ്പുകളില് ആയിരം പതിനായിരം നങ്ങണാം കുഴികളുണ്ടായി. കുന്നിന്ചെരുവില് നന്നങ്ങാടികളിറക്കി. എന്നിട്ടും ചത്തില്ലല്ലോ നമ്മുടെ മുത്തപ്പന്മാര് മുതുമുത്തപ്പന്മാര്. തന്റെ വീടും കുടിപതിയും സന്തതികളും ദായാദികളും എന്തോ എവിടെയോ എന്ന് പരോശപ്പെട്ട് പൂഴിക്കാം തവളകള്‍ തിരക്കിവന്നു. മൂവന്തി മയങ്ങുമ്പോള്‍ ചുമരോരങ്ങളില് വീടറിയാതെ ചവിട്ടുപടികളുടെ മൂലയില്‍ എവിടെ എന്നറിയാതെ മിഴിച്ചിരുന്ന് തവളകള്‍ ഓര്‍മ്മകള്‍ വിഴുങ്ങി.
അങ്ങനെ മുനിമട ഉണ്ടായി…..
മുനിമടയില്‍ കുടിയിരുത്തപ്പെട്ട മുത്തപ്പന്മാര് ഒരുതുള്ളി ദാഹജലത്തിനുവേണ്ടി മിഴിച്ചും നാക്കുനീട്ടിയും കാലം പോക്കി. ദാഹം പെരുത്തപ്പോള്‍ അവര്‍ കരഞ്ഞു. തവള കരഞ്ഞപ്പോള്‍ കാരുണ്യം പോലെ മഴ പെയ്തു.
നോവലില്‍ ഒരിടത്ത് ഒരു സന്ദേഹം കോവിലന് ഉന്നയിക്കുന്നുണ്ട്.
നിലാവ് എന്ന പ്രപഞ്ചമനസ്സ്.
ഭൂമിക്കൊരു മനസ്സുണ്ടോ?
ഭുവനേശ്വരിയായ ഭൂമിയുടെ കാരുണ്യത്തെക്കുറിച്ച് ‘തട്ടകം’ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഭൂമിവാത്സല്യം മനുഷ്യനെ പുലര്‍ത്തുന്നു. ഒരു തുള്ളി വറ്റ് ഭൂമിക്ക് അന്നം വെയ്ക്കാനുള്ള വിധേയത്വം തട്ടകത്തിലെ മനുഷ്യര്‍ക്കുമുണ്ട്. അന്നം ഭൂമി നല്കിയ വരപ്രസാദമായേ കുഞ്ഞപ്പന് കരുതുന്നുള്ളൂ.
കാല്‍വിരലുകളില്‍ ഏന്തിനിന്ന്, ജീവിതത്തിന്റെ ഒരു നുള്ള് എത്തിപ്പിടിക്കുംപോലെ ഭസ്മക്കുട്ടയില്നിന്ന് ഭസ്മം നുള്ളിയെടുക്കുന്ന കാളിയമ്മു.
പച്ചടക്കയുടെ കറയും ചുനയും മനസ്സിലെ ചവര്‍പ്പും പോക്കാന്‍, ശരീരം തന്റേതല്ല എന്ന ശാഠ്യത്തില്‍ ചുട്ടുനീറും വരെ ഉരച്ചുകുളിക്കുന്ന കുഞ്ഞപ്പന്.
ഇനിയുമിനിയുമൊഴിയാത്ത എല്ലാ പേടികളേയും ബാധകളേയും തിരിയുഴിഞ്ഞ് ആവാഹിച്ചെടുക്കുന്ന, കണ്ണുകളില്‍ പ്രകാശനാളം ഊഞ്ഞാലാടുന്ന പാട്ടിത്തള്ള, കൈവിരലുകളില്‍, മുദ്രകളില്‍, മുഖഭാവപരവേശങ്ങളില് തേജസ്സുറ്റ വലിയ കണ്ണുകളില്‍ ഇക്കാണായ ഭൂമിയും ചരാചരങ്ങളും ആകാശഗോളങ്ങളുമൊതുക്കിയ പരദേശിസന്ന്യാസി.
വെട്ടുപാറപ്പരപ്പിനോ പാറപ്പറമ്പിലെ നിരവധി സുഷിരങ്ങളില്‍ മുളയ്ക്കുന്ന പുല്നാമ്പിനോ പുഷ്പത്തിനോ വേദനിക്കരുത് എന്നപോലെ മൃദുലപാദങ്ങളില്‍ ഉലാവുന്ന ആമന്ദരു.
ഭഗവതിയേയും നാഗയക്ഷിയേയും തട്ടകത്ത് കുടിവെച്ച്, മധുവിദ്യ ഉപദേശിച്ച് സുമനസ്സുകളില്‍ വെളിച്ചം പകര്‍ന്ന്, തട്ടകത്തിന്റെ നിത്യരക്ഷകനായി നിലകൊണ്ട ഉണ്ണീരിമുത്തപ്പന്‍-
അനന്തതയുടെ നിത്യസ്പന്ദം നമ്മിലുണര്‍ത്തുന്ന, തട്ടകത്തിലെ ഈ കഥാപാത്രങ്ങള്‍ ദേശകാല ചരിത്രത്തിന്റെ ചിമിഴുകളില്‍ ഒതുങ്ങുന്നവരല്ല. ഭൂമിശാസ്ത്രവും പൌരധര്‍മ്മവും പഠിപ്പിക്കുന്ന ചാക്കുണ്ണിമാസ്റ്റര് കുട്ടികളോട് പറയുന്നുണ്ട്:
എന്താണ് മനുഷ്യന്റെ സവിശേഷത?
വിശേഷബുദ്ധി
മനുഷ്യന് രണ്ടുകാലില്‍ നടക്കുന്നു.
ഭാഷ സംസ്കാരം ചരിത്രം
മാസ്റ്റര്‍ പറഞ്ഞു.
ചരിത്രമല്ല, ചരിത്രബോധം എഴുതപ്പെടുന്ന ചരിത്രം ശുദ്ധപൊളിയുമാകാം. നിലനില്‍ക്കുന്നത് ചരിത്രബോധമാകുന്നു. ഈ ഭൂമിക്കും ഭൂമിയിലെ മനുഷ്യനും സര്‍വജീവജാലങ്ങള്‍ക്കും ഒരു ചരിത്രം ഉണ്ട് എന്ന ബോധം….
ആമന്ദരുവിന്റെ വാക്കുകള്‍ ഓര്‍മ്മവരുന്നു. പൂര്വ്വപിതാക്കന്മാരുടെ പുണ്യബോധത്തെക്കുറിച്ച് നാട്ടുകാരോട് പറയുന്നുണ്ട് ബുദ്ധഭിക്ഷു.
-അറുനൂറുവര്‍ഷം മുമ്പ്, ആറായിരം വര്‍ഷംമുമ്പ് നമ്മുടെ പൂര്‍വ്വപിതാക്കള്‍ ജീവിച്ചു. ഈ കുന്നുകളുടെ താഴ്വരകളില്‍ മനുഷ്യരുടെ മഹാജനപദങ്ങള്‍ ജീവിച്ചിരുന്നു. ഒരുപക്ഷേ നമ്മേക്കാള്‍ വലിയവര്‍.
വലിയ മനസ്സ്, വലിയ മനുഷ്യര്‍.
എന്താണ് വലിയ മനസ്സ്?
തന്നെ മറന്ന് തന്റെ ദുഃഖം മറന്നിട്ടും സഹജീവികളുടെ സുഖദുഃഖങ്ങളില്‍ പങ്കുപറ്റുന്ന മനസ്സ് വലിയ മനസ്സാകുന്നു.
വൈദ്യവും വിഷവൈദ്യവും പഠിക്കാന്‍ കടമറ്റത്ത് കത്തനാര്‍ക്ക് ശിഷ്യപ്പെട്ട ഉണ്ണീരിക്കുട്ടിക്ക് ലഭിച്ച ഉപദേശവും മറ്റൊന്നല്ല.
-നാം കണ്ടുമുട്ടുന്ന ഓരോ രണ്ടാമത്തെ മനുഷ്യനും തന്നേക്കാള്‍ ദുഃഖിതനാണെന്നറിയുക. തന്റെ ദുഃഖം മറക്കാവുന്നതും പൊറുക്കാവുന്നതും മാത്രം. അതുകൊണ്ടാണ് അമ്മ പറഞ്ഞത്, പിന്നോട്ട് നോക്കരുത്. അപരന്റെ ദുഃഖം തെല്ലെങ്കിലും കുറയ്ക്കാന്‍ തന്നാലാവുന്നത് ചെയ്യുക. ഈ ജീവിതം തന്റേതല്ല, സഹജീവികള്‍ക്കുവേണ്ടി സമര്പ്പിക്കപ്പെടേണ്ടതാകുന്നു. സമര്‍പ്പിക്കപ്പെട്ടവര്‍, വാഴ്ത്തപ്പെട്ടവര്‍…
ഭഗവതിക്കു ചോലകുളങ്ങരയില് കളം കൊള്ളാന്‍ സ്വയം വെട്ടി രുദിരമൂത്ത കമ്മളുട്ടി- ചങ്ങാതിയുടെ തുള്ളലടങ്ങാന് സ്വന്തം തലയറുത്ത പനമ്പാട്ടെ നായരുട്ടി- ഈ സമര്‍പ്പണത്തിന്റെ സാകല്യമാണ്. ഉണ്ണീരിക്കുട്ടി മുത്തപ്പന്റെ ദേഹവിയോഗവും ഒരു മഹാസമര്പ്പണത്തിന്റെ കഥയാണ് പറയുന്നത്.
മടക്കയാത്രയ്ക്ക് സമയമായപ്പോള്‍, മുന്‍കൂട്ടി പറഞ്ഞു നിശ്ചയിച്ചതനുസരിച്ച് ചോലക്കുളത്തില്‍ കാവിലമ്മ നീരാടിക്കയറുമ്പോള് ഇലഞ്ഞിച്ചില്ലയില് തൂങ്ങിക്കിടന്ന് നാഗം മുത്തപ്പന്റെ നെറുകയില്‍ ചുംബിച്ചു.
മൂപ്പിലിശ്ശേരി ദേശത്ത് പിന്നീടാരും വിഷം തീണ്ടി മരിച്ചിട്ടില്ല-
സമര്‍പ്പണങ്ങളുടെ കഥ മാത്രമല്ല ‘തട്ടകം’. തിരസ്ക്കരണങ്ങളും തമസ്ക്കരണങ്ങളും തിരോധാനങ്ങളുമെല്ലാം ഈ ജീവഭൂമിയില് നടക്കുന്നുണ്ട്. പാലച്ചിറയിലെ ഗന്ധര്‍വ്വന്റെ ചിറ്റക്കാരിയായ പാങ്ങോട്ടെ നാരായണന് നായരുടെ ഭാര്യ മൊഹാമിയുടെ ജീവത്യാഗം തിരസ്ക്കാരത്തിനെതിരെയുള്ള പ്രതികാരമാണ്.
ലാടന്റെകൂടെ ഒളിച്ചോടിയ കുറുമ്പയെന്ന മോഹിനി, കൈകളില്‍ മണികണ്ഠംവരെ രോമക്കുപ്പായമണിഞ്ഞ ചുമട്ടുകാരന് പൊന്നപ്പന്റെ മുന്നില്‍ തെക്കിനിയുടെ വാതിലുകള്‍ ഒച്ചയില്ലാതെ തുറക്കുന്ന മനോര്മണി, ഭര്‍ത്താവിന്റെ അനുജന് അച്ചുതന്റെ കൂടെ കറാമ്പൂ നുണഞ്ഞ് കരുത്തറിയുന്ന ഉണ്ണിമായ- ഇവരിലെല്ലാം സ്വാര്‍ത്ഥമോഹങ്ങള്‍ ഇഴയുന്നുണ്ട്.
പുരാവൃത്തങ്ങളും നാട്ടായ്മകളും വിദഗ്ദ്ധമായി കൂട്ടിയിണക്കുന്നുണ്ട് കോവിലന്. ഐതിഹ്യവും ചരിത്രവും യാഥാര്‍ത്ഥ്യവും ‘തട്ടക’ത്തില്‍ ഇടകലര്‍ന്ന് കിടക്കുന്നു. മൈസൂര്പടയെ ഇടവഴിയില്‍ കുടുക്കി, പൂഴിയെറിഞ്ഞ് വെട്ടിനുറുക്കിയ താച്ചുട്ടിച്ചേകവരുടെ യുദ്ധതന്ത്രവും കത്തിപ്പണം പിരിക്കാന്‍ വന്ന കമ്മീഷണറേയും പരിവാരങ്ങളേയും ചെറുത്ത് യാത്രയാക്കിയ മൂപ്പിലിശ്ശേരിക്കാരുടെ വീറും ധൈര്യവും ‘തട്ടക’ത്തില്‍ നിന്ന് നാം വായിച്ചെടുക്കുന്നു. യുവജനസമാജത്തിന്റെ സ്ഥാപനവും വാണീവിലാസം എക്സല്‍സിയര്‍ ലോവര്‍ പ്രൈമറി സ്കൂളിന്റെ തുടക്കവും മൂപ്പിലിശ്ശേരിക്കാരെ സംബന്ധിച്ചിടത്തോളം വഴിത്തിരിവുകളായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ അലയൊലികള്‍ മൂപ്പിലിശ്ശേരിയിലും അനുരണനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അപ്പുക്കുട്ടന്റെ മനസ്സിനെ ചുറ്റിപ്പുണരുന്നുണ്ട്.
പ്രകൃതിയും പക്ഷിമൃഗാദികളും ‘തട്ടക’ത്തില്‍ സജീവസാന്നിദ്ധ്യമായി വര്‍ത്തിക്കുന്നു. മിഥുനം കര്‍ക്കിടകം മാസങ്ങളില്‍ കായല്‍പോലെ കടല്‍പോലെ നോക്കെത്താദൂരത്തോളം തേങ്ങിക്കിടക്കുന്ന മുണ്ടകപ്പാടം. ആനപോലെ വന്ന് ആനറാഞ്ചിയെപ്പോലെ പറക്കുന്ന മഴക്കാറുകള്‍. ചൊകന്ന കാവി പൂശിയ ചുമരില്‍ രോമാഞ്ചംപോലെ തെളിയുന്ന ഇറയത്തിന്റെ നിഴല്‍. അപ്പന് മുത്തപ്പന്മാരുടെ പഴമനസ്സുപോലെ പാറയുടെ ചെരിവില്‍ മുളംകാടുകള്ക്കുതാഴെ തഴച്ചുവളരുന്ന നായാടിപ്പറമ്പ്. നരച്ചുകുരച്ച മുത്തശ്ശി ശേഷിച്ച തലമുടി നെറുകയില്‍ കെട്ടിവെച്ചതുപോലെ ഉച്ചികൂര്പ്പിച്ച വൈക്കോല്‍കുണ്ട. കണ്ണീരിന്റെ നിറമുള്ള, മിനുക്കിയ കരിങ്കല്ലുകെട്ടിയ കിണര്‍. തിറമ്പിയ വാഴയിലകളില്‍ അക്കാക്കം പിക്കാക്കം കളിക്കുന്ന ഇളവെയില്- ‘തട്ടക’ത്തിലെ പ്രകൃതിസ്പന്ദങ്ങളുടെ ഒരു ചെറിയ പട്ടിക മാത്രമാണിത്.
ചെറുകുന്നിനും പുല്ലാനിക്കുന്നിനുമിടയിലെ സമൃദ്ധമായ പറങ്കിമാവിന്‍ തോട്ടത്തില്‍ പെറ്റുകിടക്കുന്ന കറമ്പിപ്പശുവിന്റെ ചിത്രം നമ്മുടെ മനസ്സില്‍ പാല് ചുരത്തി നില്ക്കുന്ന ഒന്നാണ്.
-കുന്നത്ത് പനമ്പാട്ടെ കറമ്പിപ്പശു പെറ്റു. പന്തലിച്ച പറങ്കിമാവിന്റെ ചുവട്ടില്‍ തള്ളയും കിടന്നു. കൂട്ടത്തിലെ കൂറ്റനും പൈക്കളും വട്ടമിട്ടുകിടന്നു.
പറങ്കിമാവിന്‍ കാട്ടില്‍ ഇരുട്ടുവീണപ്പോള്‍ മടയില്നിന്നിറങ്ങിയ കുറുക്കന് ഈറ്റുചോര മണത്തു. കൊതിയൂറിയ കുറുക്കന് മണപ്പിച്ചില്ല….
അരമടിശ്ശീലകെട്ടി അരിവാള്ചുറ്റി, അച്ഛനമ്മമാരെ വണങ്ങി, പാളപ്പൊതിയും പാണക്കോലുമെടുത്ത്, അലരിത്തറയില്‍ പറക്കുട്ടിയെ കുമ്പിട്ട് കല്ത്തറയില് മലവായിയെ തൊഴുത് പടിപ്പുരയില്‍ ഇറയത്തുവെച്ച ഓലക്കുടയുമെടുത്ത് ഗുരുവിനെ സ്മരിച്ച് ഗുരുനാഥന്മാരെ സ്മരിച്ച് കമ്മളുട്ടിയെ തുണകൂട്ടി, കന്നിനെ വാങ്ങാന്‍ ചന്തയ്ക്ക് തിരിക്കുന്ന ഉണ്ണീരിക്കുട്ടിയുടെ പുറപ്പാട് വര്‍ണ്ണിച്ചുകൊണ്ടാണ് ‘തട്ടകം’ തുടങ്ങുന്നത്. ചന്തയിലെത്തി ഉണ്ണീരിക്കുട്ടി പോത്തു വാങ്ങിച്ചു. കമ്മളുട്ടി കാള വാങ്ങിച്ചു. മടങ്ങുമ്പോള്‍ ചന്തപ്പടിയിറങ്ങി ചങ്ങാതിമാര്‍ നിന്നു. ഒരു വാക്കും പറയാതെ യാത്ര പോരുന്നതും ചിതമല്ല. ഇനിയുമൊരിക്കല്‍ കാണാന്‍ കഴിയുമോ? ആര്‍ക്കറിയാം? തിരിഞ്ഞുനിന്ന് ഉണ്ണീരിക്കുട്ടി കൈപൊക്കി വീശി, പോയ്വരട്ടെ കൂട്ടരെ.
അവരെ വാഴ്ത്തി റാവുത്തരും പൊരുത്തുകാരും ഏകോദരം കൂവി, നിങ്ങ ഇനിയും വരണം, ഇപ്പപോയ് ബരിന്‍.
വരുംവരായ്മകളുടെ ഋതുചക്രങ്ങളുടെ കഥയാണ് കോവിലന്റെ ‘തട്ടകം’. ജന്മാന്തരങ്ങളുടെ ചെരിവില്‍ ആരെയൊക്കെയോ കാത്തുകിടക്കുന്ന ഇടത്താവളം. മഞ്ഞപ്പതിറ്റടിക്ക് ചോലക്കുളത്തിലിറങ്ങി കുളിച്ചുകയറിത്തുള്ളി രുധിരമൂത്ത് കളം കൊള്ളുന്ന മോഹങ്ങള്‍. ഇലഞ്ഞിച്ചില്ലയില് പൂത്തുലയരുന്ന സ്വപ്നങ്ങള്‍…..
തട്ടകം മനസ്സുതന്നെയാണെന്ന് നാമറിയുന്നു.
-എ.പി നളിനന്
Image courtesy: thehindu.com
Sketch courtesy : Madanan