പ്രതികാരം

Sanal Krishnan
Sanal Krishnan

മധുരമാമ്പഴക്കാലം;മാവുകള്‍ തുടുത്ത മാമ്പഴങ്ങള്‍ തൂക്കിയിട്ട് മനുഷ്യരേയും മൃഗങ്ങളെയും ഒരുപോലെ തങ്ങളിലേക്ക് ആകര്‍ഷിച്ചു. പുളിക്കുന്നതിനേക്കാള്‍ മധുരിക്കുന്നതിനെ ഇഷ്ടമുള്ളവര്‍ അവയെ ആരാധിച്ചു. അവര്‍ പലപ്പോഴും ചര്‍ച്ച ചെയ്തിരുന്നത് ഏറ്റവും മധുരമുള്ള മാമ്പഴങ്ങളെക്കുറിച്ചാണ്. ഇതുവരെ കഴിച്ചില്ലെങ്കിലും, കാടു പിടിച്ച് പൂപ്പല്‍ നിറഞ്ഞ് കറുത്ത വവ്വാലുകള്‍ ഉള്‍പ്പെടെ പലയിനം വികൃത ജീവികളും വിഷ സര്‍പ്പങ്ങളും അവയുടെ പുറ്റുകളും നിറഞ്ഞ, ചലിക്കാത്ത ഉണങ്ങിയ ഇലകള്‍ ഭൂമിയെ മറച്ചുപിടിച്ച ചുറ്റും ഭയാനകമായ നിശബ്ദത നിറഞ്ഞ കറുത്ത മതിലുകളാല്‍ ചുറ്റപ്പെട്ട ആ പഴയ ബംഗ്ലാവിലെ മുതിര്‍ന്ന മാവിലെ മാമ്പഴങ്ങളാണ് ഏറ്റവും മധുരമുള്ളവയെന്നാണ് അവരുടെ വിശ്വാസം. ഒരു പക്ഷെ ഈ വിശ്വാസം അവര്‍ക്ക് മുന്‍ തലമുറകള്‍ നല്‍കിയതാവാം, അല്ലെങ്കില്‍, ഒരു കെട്ടുകഥയുമാവാം.

ഭീതികാരണം പലരും അങ്ങോട്ട് പോകാന്‍ മടിച്ചു. മറ്റുള്ളവര്‍ ആ ബംഗ്ലാവില്‍ താമസിച്ച തടിച്ച്, മുടി ജടപിടിച്ച ഭ്രാന്തിയെപോലെ അലറുന്ന യക്ഷിയെന്ന് അവര്‍ വിളിച്ചിരുന്ന സ്ത്രീയെ പേടിച്ച് അവിടെ പോകാന്‍ ആരും ധൈര്യപ്പെട്ടില്ല. ഈ മാവിനെ അവര്‍ ഏറ്റവും വെറുത്തിരുന്നു. ഈ വെറുപ്പിന്റെ കാരണം പുതുതലമുറക്കാര്‍ ആരും തന്നെ അറിഞ്ഞിരുന്നില്ല. ഒരു പക്ഷെ ചില മുതുമുത്തച്ഛന്മാര്‍ക്ക് അറിയുമായിരിക്കാം. ആ യക്ഷിയുടെ ചെറുപ്പകാലം അവര്‍ കണ്ടുകാണും. മാവിനോടവര്‍ക്കുള്ള അവരുടെ വെറുപ്പിന്റെ കാരണം ഒരുപക്ഷെ അവര്‍ പ്രായത്തിനൊപ്പം മറന്നിരിക്കാം.
prathikaram

ആ സ്ത്രീക്ക് ആ കഥ അറിയാനിടയുണ്ട്. പക്ഷെ അവരെയും ഏവരും ഭയന്നിരുന്നു.മധുരമാമ്പഴങ്ങളെ തേടി വന്നവരെയൊക്കെ അവര്‍ അലറി ആക്രമിച്ച് തുരത്തി. മധുരം നുണയാന്‍ കൊതിച്ചെത്തിയ കിളികളെ കല്ലെറിഞ്ഞും വടികൊണ്ട് വീശിയും അകറ്റി. പഴുത്ത് വീണ് മണ്ണില്‍ പുതു ജീവന്‍ എടുത്ത മാവിന്‍ തൈകള്‍ അവര്‍ നിഷ്കരുണം പിഴുതെറിഞ്ഞു. പലപ്പോഴായി കത്തിക്കൊണ്ട് കുത്തി വേദനിപ്പിച്ചു. ഉണങ്ങിയ ഇലകള്‍ ശേഖരിച്ച് അതിനിടയില്‍ തീയിട്ട് പുകച്ച്, സ്വാന്തനവുമായി വന്ന കാറ്റിനെ അവര്‍ ആട്ടിയോടിച്ചു. പുകയില്‍ ശ്വാസം കിട്ടാതെ ആ മുതുമുത്തച്ഛന്‍ മാവ് തന്റെ മരണത്തെ കാത്തിരുന്നു.

ഒരിക്കലും നിലക്കാത്ത പ്രതികാരാഗ്നിയായിരുന്നു ആ സ്ത്രീയുടെ മനസ്സില്‍. ഒരുപക്ഷെ ആ മാവുകാരണമായിരിക്കാം അവര്‍ക്കെല്ലാം നഷ്ടപെട്ടത്. സമൃദ്ധിയുടെ ബംഗ്ലാവ് ഇന്നൊരു പ്രേതാലയമായത്. നാടുവാണിരുന്ന അവളും കുടുംബാംഗങ്ങളും സര്‍വ്വ ഐശ്വര്യങ്ങളും നശിച്ച് കറുത്ത ചുറ്റുമതിലിനകത്ത് പുറം ലോകം കാണാതെ, സൂര്യരശ്മികള്‍ ഏല്‍ക്കാതെ എല്ലാറ്റിനെയും സര്‍വ്വോപരി ആ മാവിനെയും വെറുത്ത് ജീവിതം പ്രതികാരത്തിനായി ഉഴിഞ്ഞുവെച്ച് ഒരോ നിമിഷവും ആ മാവിനെ ആ‍സ്വദിച്ച് അട്ടഹസിച്ചിരുന്നു. വര്‍ഷങ്ങളായി ബാധിച്ച വാര്‍ദ്ധക്യം അവരെ തളര്‍ത്തിയില്ല. പ്രതികാരവും അട്ടഹാസവുമല്ലാതെ മറ്റൊരു വികാരവും ആ മുഖത്ത് തെളിഞ്ഞില്ല.

പെട്ടെന്നൊരിക്കല്‍ ആ വാര്‍ത്ത പരന്നു. ആ യക്ഷി മരിച്ചു. ആ വാ‍ര്‍ത്ത സത്യമായിരുന്നു. ഇനിയെങ്കിലും ആ മാമ്പഴത്തിന്റെ രുചി അറിയാമെന്ന് പലരും ആശിച്ചു. പക്ഷെ മരണക്കിടക്കയില്‍ നിന്ന് അവര്‍ തന്റെ അന്ത്യാഭിലാഷം പറഞ്ഞുവത്രെ. ആ മാവിന്‍ ചുവട്ടില്‍ തന്നെ അടക്കണമെന്ന്.

പലരും എതിര്‍ത്തെങ്കിലും മുതിര്‍ന്നവര്‍ ഇടപെട്ട് അവരുടെ ആഗ്രഹം നടപ്പിലാ‍ക്കി. ആ മരണം മാമ്പഴപ്രേമികള്‍ ആഘോഷിച്ചു. വരുന്ന മാമ്പഴക്കാലത്ത് വര്‍ഷങ്ങളായി നിന്നിരുന്ന വിശ്വാസം ശരിയായിരുന്നോ എന്ന് വ്യക്തമാകുമെന്ന് അവര്‍ കരുതി. അതിനായി അവര്‍ കാത്തിരുന്നു. മറ്റ് ചിലര്‍ക്ക് മനുഷ്യ ജഡം രുചിച്ച മാമ്പഴങ്ങള്‍ തിന്നാന്‍ അറപ്പായിരുന്നു. അവര്‍ ആഘോഷങ്ങളില്‍ സന്തോഷം കണ്ടില്ല.

പക്ഷെ മരിച്ചിട്ടും ആ യക്ഷി തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. മണ്ണിലേക്ക് ആണ്ടിറങ്ങിയ അവര്‍ മാവിന്റെ വേരിലൂടെ അതിന്റെ ഒരോ സിരകളിലും അരിച്ചുകയറി. അതിനെ മെല്ലെമെല്ലെ കൊന്നുതുടങ്ങി. ഇലകള്‍ കൊഴിഞ്ഞു. തണ്ടുകള്‍ ഉണങ്ങി. വളരെ പെട്ടെന്നുതന്നെ അത് ഉണങ്ങി വരണ്ട് പ്രതികാരത്തിന്റെ വിഷത്താല്‍ ഉണങ്ങിക്കരിഞ്ഞു.

ഈ മരണം ആ മാവിനെ ഒരിക്കലും നശിക്കാത്ത പ്രതികാരത്തിന്റെ വേദനകളില്‍ നിന്ന് രക്ഷിച്ചു എന്ന് ആരും കരുതരുത്. അതിന്റെ ജഡത്തില്‍ ആ യക്ഷി അതിന്റെ ആത്മാവായി കുടിയിരുന്നു. എതൊരു കൊടുംകാറ്റിനും പിഴുതെറിയാന്‍ കഴിയാത്തവണ്ണം അതിനെ മണ്ണില്‍ സര്‍വ്വശക്തിയുമുപയോഗിച്ച് പിടിച്ചു നിര്‍ത്തി. അതിന്റെ ശാഖകള്‍ വളച്ച് ആരും നോക്കാന്‍ ഭയപ്പെടും വിധം യക്ഷിയുടെ രൂപത്തിലാക്കി. വവ്വാലുകളെ ആകര്‍ഷിച്ചു.

അവ അതിന്റെ ശാഖകളില്‍ തൂങ്ങിക്കിടന്നു. മൂര്‍ച്ചയുള്ള നഖങ്ങള്‍ കൊണ്ട് ഇറുക്കി. അതിനെ ഇനിയും സ്നേഹിച്ചു വരുന്നവരെ അകറ്റാന്‍ ഉറക്കം നടിക്കുന്ന മൂങ്ങകളെ കാവല്‍ നിര്‍ത്തി.

സനല്‍ കൃഷ്ണന്‍

Share Button