വഴിയോരക്കാഴ്ചകള്‍
രസകരമായ യാത്രാനുഭവങ്ങളും ആര്‍ദ്രമായ ആത്മാനുഭവങ്ങളും ഹൃദ്യമായ സ്മൃതിചിത്രങ്ങളും ശ്രീ.മോഴികുന്നം ദാമോദരന്‍ നമ്പൂതിരിയുടെ “വഴിയോരക്കാഴ്ചകള്‍” എന്ന ലഘു ഉപന്യാസങ്ങളുടെ സമാഹാരത്തെ ധന്യമാക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മൌലികതയാര്‍ന്ന മുഖചിത്രം ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. അകവും പുറവും ഒരുപോലെ ആകര്‍ഷകമായ ‘വഴിയോരക്കാഴ്ചകള്‍’ വായനക്കാരനെ ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. ലളിതസുന്ദരമായ ശൈലിയും മിഴിവാര്‍ന്ന നഖചിത്രങ്ങളും അനുവാചകന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നു. കഥകളിരംഗത്തെ സര്‍ഗ്ഗധനരെക്കുറിച്ചുള്ള സ്മരണകള്‍ കേരളത്തിന്റെ കലാപാരമ്പര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ആത്മീയയാത്രയുടെ അനുഭവപാഠങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തിലുള്ളത്. വാഴേങ്കട തേവരുടെ സന്നിധിയിലേക്കുള്ള യാത്രയും കേദാര്‍നാഥസന്നിധിയിലേക്കുള്ള യാത്രയും ഒരുപോലെ ആസ്വാദകരമാണ്. തിരുപ്പതിയിലേക്കും തിരുവയ്യാറിലേക്കും തിരുനെല്ലിയിലേക്കുമുള്ള ആത്മീയയാത്രകളെക്കുറിച്ചും ഗ്രന്ഥകാരന്‍ വിവരിക്കുന്നുണ്ട്. പ്രകൃതി വര്‍ണ്ണനകളാലും ചരിത്രപാഠങ്ങളാലും സമ്പന്നമാണ് ഈ രചനകള്‍.
അനുഭവകാണ്ഡമായ രണ്ടാംഭാഗത്തിലെ ‘എന്റെ നാട്’, ‘നിളാവി(കാ)ചാരം’, ‘ഋതുഭേദങ്ങളിലൂടെ’ എന്നീ ലേഖനങ്ങള്‍ കേരളത്തിന്റെ നഷ്ടമായിക്കൊണ്ടിരിക്കുന്ന സൌഭാഗ്യങ്ങളെക്കുറിച്ച് ഗൃഹാതുരത്വത്തോടെ ഓര്‍ത്തെടുക്കുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സര്‍ഗ്ഗവൈഭവത്തെ വിലയിരുത്തുന്ന ഒരു നിബന്ധവും രണ്ടാം ഭാഗത്തിലുണ്ട്. കളിയരങ്ങിലെ സര്‍ഗ്ഗധനരെക്കുറിച്ചുള്ള പ്രതിപാദനങ്ങളാണ് മൂന്നാംഭാഗത്തില്‍. കഥകളി സംഗീതജ്ഞന്മാരായ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്, കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരി, വെണ്മണി ഹരിദാസ്, പാലനാട് ദിവാകരന്‍ എന്നിവരെക്കുറിച്ചും പേരുകേട്ട കഥകളി വേഷക്കാരായ കോട്ടയ്ക്കല്‍ ശിവരാമന്‍, വാസുപിഷാരടി, കീഴ്പ്പാടം കുമാരന്‍നായര്‍ എന്നിവരെപ്പറ്റിയും കഥകളിരംഗത്തെ കുലപതി കലാമണ്ഡലം രാമന്‍കുട്ടിനായരെക്കുറിച്ചും വിലപ്പെട്ട വിവരങ്ങളാണ് ശ്രീ.മോഴികുന്നം ദാമോദരന്‍ നമ്പൂതിരി ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത്. ‘കഥകളിയുടെ ഭാവശുദ്ധി’ എന്ന ലേഖനം കഥകളിയുടെ പവിത്രത നഷ്ടപ്പെടുന്നുവോ എന്ന സന്ദേഹമാണ് ഉണര്‍ത്തുന്നത്.
ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ ബ്രിട്ടീഷ് ഭരണകൂടത്താല്‍ അറസ്റ്റ് ചെയ്യപ്പെട്ട് കഠിനമായ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന മോഴികുന്നം ബ്രഹ്മദത്തന്‍ നമ്പൂതിരിയുടെ പിന്മുറക്കാരനായ ഗ്രന്ഥകാരന്‍ അടയ്ക്കാപുത്തൂര്‍ ഹൈസ്കൂളില്‍നിന്ന് പ്രധാനാധ്യാപകനായി വിരമിച്ചശേഷം സാഹിത്യ സാംസ്കാരികരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഹൃദയാവര്‍ജ്ജകമായ ഈ ‘വഴിയോരക്കാഴ്ചകള്‍’ ഒരുക്കിയ ശ്രീ.മോഴികുന്നം ദാമോദരന്‍ നമ്പൂതിരിയുടെ തൂലികയില്‍നിന്ന് ഇനിയും നല്ല സാഹിത്യസൃഷ്ടികള്‍ വായനക്കാര്‍ക്ക് ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.
-എ.പി. നളിനന്‍