ഏദത്ത ഉദകം…

A.P. Parvathy
A.P. Parvathy

ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ്,
ഒരു ധനുമാസത്തിലാണ് അച്ഛന്‍ യാത്രയായത്…
ഈ മിഥുനത്തില്‍ അമ്മയും മടങ്ങി-
അറുപതു തികഞ്ഞിട്ടും, ഒരു കൊച്ചുകുട്ടിയുടെ
അനാഥത്വത്തിന്റെ വിങ്ങല്‍ ഈ നിമിഷങ്ങളില്‍
ഞാന്‍ അനുഭവിക്കുന്നു; ഉള്ളില്‍ ദുഃഖം ഊറിക്കൂടുന്നു….

“വാസാംസി ജീര്‍ണ്ണാനി…..” എന്ന് തുടങ്ങുന്ന
ഭഗവദ്ഗീതാശ്ളോകം –
“മനുഷ്യന്‍ ജീര്‍ണ്ണവസ്ത്രത്തെ ഉപേക്ഷിച്ച് പുതിയവസ്ത്രം
സ്വീകരിക്കുന്നതുപോലെ, ജീര്‍ണ്ണിച്ച വാസഗൃഹം
പുതുക്കി പണിയുന്നതുപോലെ,
ഉപഭോഗങ്ങളെ അനുഭവിക്കാന്‍ യുക്തമല്ലാത്ത
ശരീരത്തെ ഉപേക്ഷിച്ച് ജീവന്‍ മറ്റൊന്നിനെ സ്വീകരിക്കുന്നു…..”
ഇങ്ങിനെയൊക്കെയാണെങ്കിലും ഉറ്റവരുടെ വിയോഗം
മനസ്സിലുണ്ടാക്കുന്ന ശൂന്യത നാം ഭയപ്പാടോടെ
തിരിച്ചറിയുന്നു. അവിടെ പകരം വെയ്ക്കാന്‍ ഒന്നുമില്ല
എന്ന യാഥാര്‍ത്ഥ്യം നമ്മെ നടുക്കുന്നു…
അപ്പോഴും അമ്മയുടെ ഉള്‍ക്കരുത്ത് ഉള്ളില്‍ തെളിയുന്നു.
ആപത്തില്‍ തളരാതെ, സമചിത്തതയോടെ
അമ്മ ജീവിതത്തെ നേരിട്ടു. മക്കള്‍ക്കും പേരമക്കള്‍ക്കും
താങ്ങായി, തണലായി, രക്ഷകയായി.
അച്ഛന്റെ ജീവിതത്തിലും ശക്തിസ്രോതസ്സായി.

A.P.Nalinan
A.P. Nalinan

ആറുപതിറ്റാണ്ടുകള്‍ക്കുമുമ്പ് മറക്കുട നീക്കി പുറത്തുവന്ന
നമ്പൂതിരി സമുദായത്തിലെ വിരലിലെണ്ണാവുന്ന
ബിരുദധാരിണികളില്‍ ഒരാളായിരുന്നു അമ്മ.
യാഥാസ്ഥിതികരുടെ എതിര്‍പ്പിനെ അവഗണിച്ച്
പാഞ്ഞാള്‍ സദനത്തില്‍ സഹോദരിയെ താമസിപ്പിച്ച്
പ്രാഥമിക വിദ്യാഭ്യാസം നല്‍കി, തുടര്‍ന്ന്
തൃശൂരിലെ നമ്പൂതിരി വിദ്യാലയത്തിലും
വി.ജി.ഹൈസ്കൂളിലും സെന്റ് മേരീസ് കോളേജിലും
പഠിപ്പിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍
ശക്തിപകര്‍ന്ന ആനല്ലൂര്‍
മനയിലെ നാരായണന്‍ നമ്പൂതിരി എന്ന ഉല്പതിഷ്ണു
തന്നെയാണ് സാഹിത്യകാരനായ കോളേജ് ലക്ചററെ
വരനായി കണ്ടെത്തി ആ ജീവിതം ഭദ്രമാക്കിയത്.

ഭാഗ്യവതിയായിരുന്നു അമ്മ- ഇരുപതു
തികയുന്നതിനുമുമ്പ് വിവാഹം, ഉദ്യോഗം.
അടുത്ത വര്‍ഷം സീമന്തപുത്രന്റെ- ഈയുള്ളവന്റെ-
ജനനം. സ്വന്തം വീട്, കാറ് തുടങ്ങിയ സുഖസൌകര്യങ്ങള്‍.
മികച്ച ഗണിതശാസ്ത്ര അദ്ധ്യാപികയെന്ന ഖ്യാതി-
ശങ്കരന്‍കാവിലെ ഭഗവതിയും മണ്ടംപറമ്പിലെ ശ്രീരാമനും
മനസ്സറിഞ്ഞ് അനുഗ്രഹിച്ച ധന്യജന്മം!

അച്ഛനും അമ്മയും ഞാനും അനിയന്‍ നവീനനും
അടങ്ങുന്ന ചെറിയ സന്തുഷ്ട കുടുംബം. കോഴിക്കോട്ടെ
ചാലപ്പുറത്തുള്ള ‘നളിനാലയം’ ഒരു കൊച്ചുസ്വര്‍ഗ്ഗം.
ഇടയ്ക്കെപ്പോഴൊക്കെയോ വെയില്‍ മങ്ങി
നിഴല്‍വീണപ്പോഴും ഒരു നിറദീപംപോലെ
അമ്മ തെളിഞ്ഞുനിന്നു…

ചുറുചുറുക്കും കാര്യശേഷിയും പ്രായോഗികബുദ്ധിയും
അമ്മയുടെ കൂടപ്പിറപ്പുകളായിരുന്നു. തൃശൂരില്‍
ബേസിക് ട്രെയിനിംഗ് കോഴ്സിനിടെ ദില്ലിയില്‍ പോയി
പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ കാണാന്‍
അവസരമുണ്ടായതും നെഹ്റു വാത്സല്യത്തോടെ
കവിളില്‍ തട്ടിയതും അഭിമാനത്തോടെ
അമ്മ പറയാറുണ്ടായിരുന്നു. കോഴിക്കോട്
ആകാശവാണി സംപ്രേഷണം ചെയ്ത
പല റേഡിയോ നാടകങ്ങളിലും അമ്മ ആദ്യകാലങ്ങളില്‍
ശബ്ദം നല്‍കിയിരുന്നുവെന്നത് പലര്‍ക്കും അറിവുണ്ടാവില്ല.
ദീര്‍ഘകാലം ജോലി ചെയ്ത ഗവ.അച്യുതന്‍ ഗേള്‍സ്
ഹൈസ്കൂളിലെ ഭരണകാര്യങ്ങളില്‍, മാറിമാറിവന്ന
എല്ലാ പ്രധാന അദ്ധ്യാപികമാരും പാര്‍വ്വതി ടീച്ചറുടെ
സജീവമായ പങ്കാളിത്തം ആഗ്രഹിച്ചിരുന്നു.
പ്രധാന അദ്ധ്യാപികയായി നിയമനം ലഭിച്ചെങ്കിലും
കുടുംബത്തിനുവേണ്ടി അത് വേണ്ടെന്നുവെക്കുകയായിരുന്നു.

മനഃസാന്നിദ്ധ്യമായിരുന്നു അമ്മയുടെ മറ്റൊരു
മുഖമുദ്ര. ഇരുപത് വര്‍ഷങ്ങള്‍ക്കുമുമ്പ്
എന്റെ ഭാര്യ നിര്‍മ്മല വീട്ടിലെ ഫ്രിഡ്ജില്‍നിന്ന്
ഷോക്കേറ്റ് പിടയുമ്പോള്‍ ഓടിച്ചെന്ന്
പവര്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടുത്തിയത്
എങ്ങിനെ മറക്കാന്‍ കഴിയും? വീട്ടില്‍
ഇഴജന്തുക്കള്‍ കയറിയാല്‍ അവയെ തല്ലിക്കൊന്ന്
പുറത്ത് കളയുവാനുള്ള ധൈര്യവും അമ്മ കാണിച്ചു.
അനാവശ്യമായി ആരേയും വകവെയ്ക്കാറില്ല.
എന്നാല്‍ ആരോടും ഒരു പരിഭവവുമില്ല.
അദ്ധ്യാപനം ഏറെ ഇഷ്ടമായിരുന്നു- വിദ്യാര്‍ത്ഥികള്‍ക്കെല്ലാം
പാര്‍വ്വതി ടീച്ചറോട് തികഞ്ഞ ആദരവായിരുന്നു.

ഒടുവില്‍ ബോധാബോധങ്ങളുടെ നേര്‍ത്ത
ഇടമതിലില്‍ ചാരി അമ്മ പകച്ചുനിന്നപ്പോള്‍
ഊന്നുവടിയാവാന്‍ കഴിഞ്ഞത് ജന്മഭാഗ്യമായി
ഞാന്‍ കാണുന്നു. അഞ്ചുവര്‍ഷത്തിലധികം
അമ്മയുടെ നിറപ്പകര്‍ച്ചകള്‍ക്ക് ഞാനും ഭാര്യയും
സാക്ഷികളായി. ഒടുവിലൊടുവില്‍ ആരേയും
തിരിച്ചറിയാന്‍ വയ്യാത്ത അവസ്ഥ. കട്ടിലിലും
വീല്‍ചെയറിലുമായുള്ള ജീവിതം. കൊച്ചുകുട്ടിയെ
പരിചരിക്കുന്നതുപോലെ അമ്മയുടെ കാര്യങ്ങളെല്ലാം
ഞങ്ങള്‍ നോക്കി. ദൂരയാത്രകള്‍ വേണ്ടെന്നുവെച്ചു.
വിവാഹങ്ങളും പൊതുചടങ്ങുകളും ഒഴിവാക്കി.
രാവും പകലും അമ്മയ്ക്ക് ഞങ്ങള്‍ കൂട്ടിരുന്നു….

അവസാന നാളുകളില്‍ ഒരു പിഞ്ചുകുഞ്ഞിന്റെ
നിഷ്കളങ്കമായ ചിരിയായിരുന്നു
ആ മുഖത്ത് വിടര്‍ന്നിരുന്നത്. വെറുപ്പും
വിദ്വേഷവുമൊന്നും ആ മനസ്സിലുണ്ടായിരുന്നില്ല.
ഈശ്വരനെ തൊട്ടിരിക്കുന്ന ആത്മഭാവമായിരുന്നു.
ഐശ്വര്യലക്ഷ്മിയായും ദുര്‍ഗ്ഗയായും സരസ്വതിയായും
സൌഭാഗ്യവും സുരക്ഷയും ജ്ഞാനവും
ഞങ്ങള്‍ക്ക് നല്‍കിയ ദേവീചൈതന്യത്തിന്റെ
പ്രഭാവം പലപ്പോഴും ഞങ്ങള്‍ തിരിച്ചറിഞ്ഞു.
സ്നേഹത്തിന്റെ, മാതൃത്വത്തിന്റെ മധുരം നുണഞ്ഞു.

കുളിപ്പിച്ച് ദേഹശുദ്ധി വരുത്തി വീല്‍ചെയറില്‍
ഇരുത്തിക്കഴിഞ്ഞാല്‍ കൊച്ചുകുട്ടികളെപ്പോലെ
ചിരിതൂകി, സ്വന്തം നെറ്റി എന്റെ ഭാര്യയുടെ
നെറ്റിയില്‍ മെല്ലെ മുട്ടിച്ച് അമ്മ സന്തോഷം
പ്രകടിപ്പിച്ചിരുന്നത് മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.
മുടിമുറിക്കാനും നൈറ്റിയിടിക്കാനും കുടുംബത്തിലെ പലരും
പറഞ്ഞുവെങ്കിലും ഞങ്ങള്‍ അതൊന്നും ചെയ്തില്ല.
വേഷ്ടിയും മുണ്ടുമുടുത്ത് തറവാട്ടമ്മയായി അവസാനം വരെ
അമ്മയെ കാണണമെന്നതായിരുന്നു ആഗ്രഹം.

ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട നിറവോടെയാണ്
അമ്മ വിട പറഞ്ഞത്. എണ്‍പത്തിനാലു തികഞ്ഞ്
അടുത്ത ആഴ്ചയായിരുന്നു അനന്തയാത്ര….
തറവാട്ടിലെ വിവാഹനിശ്ചയം മുടക്കാതെ, അതുകഴിഞ്ഞ്
മൂന്നുദിവസം പിന്നിട്ടശേഷമാണ് ചരമം.
നേരിയ ശ്വാസതടസ്സം- പിന്നീടതല്പം രൂക്ഷമായി.
ആശുപത്രിയിലെ ഐ.സി.യുവില്‍ ഏതാനും മണിക്കൂറുകള്‍.
ഉത്തരായണത്തില്‍ വെളുത്ത പക്ഷത്തില്‍തന്നെ മടക്കയാത്ര.
കര്‍ക്കിടം തുടങ്ങുന്നതിനുമുമ്പുതന്നെ എല്ലാ ചടങ്ങുകളും കഴിഞ്ഞു.
കണക്കുകളെല്ലാം കൃത്യം.

അച്ഛനെ സംസ്കരിച്ച ഇല്ലപ്പറമ്പിലെ തെക്കേപറമ്പില്‍
അതേ സ്ഥാനത്തുതന്നെ അമ്മയ്ക്കും ചിത.
അന്ത്യക്രിയകള്‍… സഞ്ചയനം; പിന്നെ ഇല്ലക്കുളത്തിലെ
തണുത്ത വെള്ളത്തില്‍ ആണ്ടുമുങ്ങി, കൈക്കുടന്നയിലെ
വെള്ളവും ‘എള്ളും മഞ്ഞളും പൂവും’ കൂട്ടി ശ്രദ്ധാഞ്ജലി:
“……… ഏദത്ത ഉദകം..”.

-എ.പി.നളിനന്‍

Share Button