ഭാവരേഖകള്‍

വരികളിലൂടെയും വരകളിലൂടെയും മനസ്സ് തുറക്കുകയാണ് പ്രസന്ന ആര്യന്‍. “അഴിച്ചു വെച്ചിടങ്ങളില്‍നിന്നും….” എന്ന ഈ എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകത്തില്‍ വാക്കുകള്‍ക്കൊപ്പം സ്വന്തം ചിത്രങ്ങളും സന്നിവേശിപ്പിച്ചുകൊണ്ട് അപൂര്‍വ്വമായ ഒരനുഭവസാധ്യത നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നു.

Prasanna Aryan

“ഒന്നു തുളുമ്പിയാല്‍ തൂവി നിറയാനുള്ള കവിതയില്‍ വരികള്‍ക്കിടയില്‍ ആര്‍ക്കുമിറങ്ങി നടക്കുവാന്‍ പാകത്തില്‍ ഇത്രയുമിടമെന്തിനാണ്?” എന്ന പുറംചട്ടയിലെ ചോദ്യം ശ്രദ്ധിച്ചുകൊണ്ടുവേണം നമുക്ക് താളുകള്‍ തുറക്കാന്‍-

“ഓരോ വാതിലും അപ്പപ്പോള്‍ പൂട്ടി
താക്കോല്‍ തിരിഞ്ഞുനോക്കില്ലെന്ന്
കരുതിയതാണ്.
നീയതോരോന്നായ്
പെറുക്കിയെടുത്തിരുന്നെന്നറിയുംവരെ
ഓരോ മുറിയായ് തുറന്നിടുന്നതറിയുംവരെ…..”


എന്ന് “കാലമേ നിന്നോടാണ്” എന്ന ഈ സമാഹാരത്തിലെ ആദ്യകവിത ഒരു ഗതി സൂചകമാണ്.
“ഓര്‍മ്മകള്‍ക്കെന്തൊരു സുഗന്ധമാണ്” എന്ന കവിതയില്‍ സ്മൃതിബിംബങ്ങളുടെ കീഴ്മേല്‍ മറിച്ചില്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നു. മരിക്കാത്ത ഓര്‍മ്മകളുടെ കൊടുംകാടും കാറ്റിന്റെ കരുതലും ചിറക് കത്തിക്കരിഞ്ഞ ആകാശവും, കടുകിന്റെ പൊട്ടിത്തെറിയില്‍ തുറക്കപ്പെടുന്ന അടുക്കള വാതിലുകളും കാളീഘട്ടിലെ ബലിക്കല്ലിനുചുറ്റും തമ്പടിച്ച ഉളുമ്പുമണവും മുല്ലപ്പൂ ഗന്ധമുണര്‍ത്തുന്ന സോനാഗച്ചിയിലെ അമ്മന്‍ തെരുവും മനസ്സില്‍ മിന്നിമറയുന്നു.

 

‘കഥാവശേഷങ്ങള്‍’ എന്ന കവിത “പൊടുന്നനെ തീയിലേക്കിറക്കിവെക്കുമ്പോള്‍ കത്തിക്കരിയുന്ന മണത്തിനൊപ്പം” ഉറക്കെ കരയുന്ന നിശ്ശബ്ദതയും പെരുകി നിറയുന്ന നിസ്സഹായതയും കലാപഭൂമിയിലെ ഭീകരതകളും വരച്ചുകാട്ടുന്നു.
“ജീവിക്കുന്നു എന്നത്
വെറുമൊരു തോന്നലായിരുന്നെന്ന്
വെറുതെയോര്‍ത്ത്
ഉറങ്ങിപ്പോകുമ്പോഴാണ്
ഒരു ഇല
മഞ്ഞയണിഞ്ഞു
പറന്നുപോകുന്നതുകണ്ട്
മിഴി നനയുന്നത്….”


“മറന്ന്! മറന്ന്!” എന്ന ശീര്‍ഷകത്തിന്‍ കീഴില്‍ ‘ചോര്‍ന്നുപോയ ഓര്‍മ്മകളില്‍ മുങ്ങിത്താണ് ഒരമ്മക്കിളി ശ്വാസംമുട്ടി പിടയുന്നതും’ “കളഞ്ഞുപോയൊരു മഞ്ചാടിക്കുരു പടുമുള മുളച്ച് പൊട്ടിച്ചിതറിയത് പിച്ചിച്ചീന്തിയെറിയപ്പെട്ട ഒരാത്മാവ് അരികുകള്‍ തുന്നിത്തുന്നി ചേര്‍ത്തെടുക്കുന്നതും പൊടുന്നനെ ഞെട്ടിയുണര്‍ന്ന മനസ്സ് അതിന്റെ പിറകെ ഓടാന്‍ തുടങ്ങുന്നതും അങ്ങിനെ ഓടിയോടി നടന്നുനടന്ന് വീണ്ടും ജീവിക്കാന്‍ തുടങ്ങുന്നതും കവയിത്രി വിവരിക്കുന്നു.
“ഇടയ്ക്കൊരു കവിത ഇറങ്ങി നടന്നത്” കവിതയുടെ വഴികളെക്കുറിച്ചാണ് സംവദിക്കുന്നത്.
“മനസ്സിനെ പരുഷമായി
ഒലുമ്പി പിഴിഞ്ഞുണക്കാനിട്ട്
ആയിടത്തൊരു കല്ല് നട്ട്
കരിമ്പച്ചയെന്ന്
നേരേക്കുതന്നെ നടന്നു തുടങ്ങും
കൂട്ടം തെറ്റിച്ചൊരു കവിത…”

ബോധാബോധങ്ങള്‍ക്കിടയില്‍

“ഒരു കുഞ്ഞ് കലുങ്കില്‍
ഒരു പുറത്തിരുന്ന് ഭൂതവും വര്‍ത്തമാനവും
കൂകി വിളിക്കുന്നുണ്ടാവണം.
മറുപുറത്ത് ഭാവിയുമപ്പോള്‍
ഒരു ഗൂഢസ്മിതവുമായി ഇരിക്കുന്നുണ്ടാവും
കലുങ്ക് കടന്നുപോകുമ്പോള്‍
ഓര്‍മ്മകളില്‍ തങ്ങിയതിന്റെ
പൊട്ടും പൊടിയുമാവണം
ജീവിതമെന്ന് ഉരുണ്ടുപിരണ്ട് നടന്നുപോകുന്നത്….”

ഉപബോധ മനസ്സില്‍ ആണ്ടുകിടക്കുന്ന സ്മൃതിപടലങ്ങളുടെ സാംഗത്യത്തിലേക്കാണ് ഈ വരികള്‍ വിരല്‍ ചൂണ്ടുന്നത്. ആഴങ്ങളിലെ ഈ അടയാളപ്പെടുത്തലുകള്‍ തേടിയാണല്ലോ ഒരോ ആത്മാവിന്റേയും യാത്ര.
“നമ്മളാരെന്ന് നമ്മളിടക്കത്ഭുതപ്പെടുന്നുണ്ടെങ്കിലും” ഒരു സഹയാത്രയുടെ സന്ദേഹങ്ങളാണ് പങ്കുവെക്കുന്നത്.
“ഓരോ സ്റ്റേഷനടുക്കുമ്പോഴും
ഇവിടെയാണിവിടെയാണെന്ന്
അന്യോന്യം നോക്കുന്നുണ്ട് നമ്മള്‍”.

കഴിഞ്ഞ സ്റ്റേഷനും വരാനിരിക്കുന്ന സ്റ്റേഷനുമിടയിലാണോ ഒരുമിച്ച് ഇറങ്ങാനുള്ള സ്റ്റേഷനെന്ന ആധി അലട്ടുമ്പോഴും ഇറങ്ങേണ്ട സ്ഥലം രേഖപ്പെടുത്തിയ ടിക്കറ്റെടുത്ത് ഒരിക്കലും നോക്കുന്നില്ലെന്നതാണ് കൌതുകം.
“ഒരിക്കലെങ്കിലും നമ്മള്‍ നമ്മളായതെന്നായിരുന്നു?” എന്ന കവിത ഭാവദീപ്തിയില്‍ വേറിട്ടു നില്‍ക്കുന്നു.
“നീയൊരു കടലിനെപ്പറ്റി പറയുംനേരം
ഞാന്‍ എന്നില്‍നിന്നും
കണ്ട കടലുകളെല്ലാമുടുത്ത്
കുളിക്കാനിറങ്ങും
ചിലയിടങ്ങളിലെ ആഴക്കൂടുതലിലേക്ക്
കരയെ ചെരിച്ചുവെയ്ക്കും”.
എന്ന് തുടങ്ങുന്ന കവിതയുടെ തുടക്കത്തിലെ ഉള്‍തുടിപ്പ് ഉടനീളം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നാം ആശിച്ചുപോകും. ഇടയ്ക്കുവെച്ച് ഭാവസാന്ദ്രതയ്ക്ക് ചെറിയ ഭംഗം സംഭവിക്കുന്നുവെങ്കിലും കവിതയുടെ സൌന്ദര്യത്തിന് വലിയ ക്ഷതം സംഭവിക്കുന്നില്ല.

“മൂളിയലങ്കാരി” എന്ന കവിതയും വ്യതിരിക്തമാണ്.
“മൂങ്ങകളെയിങ്ങിനെ
മൂളാന്‍ പഠിപ്പിച്ചതാരാണോ
എന്നു തോന്നുംപോലെ
നിയതമായ ഇടവേളകളില്‍
കൃത്യമായ തരംഗ ദൈര്‍ഘ്യത്തില്‍
കണ്ണുടക്കാത്ത മറവുകളിലിരുന്നവര്‍
മൂളിയുറപ്പിക്കുന്നതെന്താണാവോ?”

ചോദ്യങ്ങളും ഉത്തരങ്ങളും തമ്മില്‍ മൂളി തോല്‍പ്പിക്കുന്ന ഈ ജീവിതത്തില്‍ മൂങ്ങകള്‍ക്ക് കണ്ണേറു പറ്റിയെന്നാണ് നിരീക്ഷണം. “വീടൊരു കാവാവുമ്പോള്‍ അമ്മ മനസ്സില്‍ കൂടുകെട്ടിയിരുന്നൊരു സങ്കല്പ വെള്ളിമൂങ്ങ നീട്ടിമൂളുന്നു” എന്നാണ് ആശ്വാസം.

“ബോറടിക്കുന്നുണ്ടാവും വീടിന്”, “ഇപ്പോഴുണ്ടായിട്ടും നമ്മുടേതല്ലാത്ത വീടിന്” തുടങ്ങിയ കവിതകളില്‍ സ്വപ്നങ്ങളില്‍ വന്ന് വിതുമ്പുന്ന വീടിനെക്കുറിച്ചാണ് പ്രസന്ന ആര്യന്‍ ഓര്‍ത്തെടുക്കുന്നത്. ‘നമുക്കായി ഉറങ്ങാതെ കാത്തിരുന്ന വീടിനെ മറന്ന്, നാടിനെപ്പറ്റി നീട്ടിനീട്ടിയെഴുതുന്ന കവിതകളെ വിമര്‍ശിക്കാനും മടിക്കുന്നില്ല. ചൊറിഞ്ഞു തിണര്‍ക്കുന്ന പപ്പടപ്പൊള്ളങ്ങളുള്ള വീടിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട്. ചാനലുകളുടെ ഉച്ചഘോഷണങ്ങളില്‍ ബോറടിക്കുന്നുണ്ടാകും വീടിന് എന്ന് വിഷമിക്കുകയും ചെയ്യുന്നു.
‘ഊടിരമ്പം’, ‘കാടിളക്കം’, ‘വിരുന്നൊരുക്കം’ തുടങ്ങിയ രചനകളിലും സൂക്ഷ്മദര്‍ശനങ്ങളുണ്ട്. ‘കഥയാണെന്നോ… ഏയ്’ കവിതയക്കും കഥയ്ക്കുമിടയില്‍ സ്ഥാനമുറപ്പിക്കുന്നു. ‘അത്രയും അപകടകരമായ ഒന്ന്’ ഒരു യാത്രാവിവരണ കഥ/കവിതയാണ്.
ഈ പുസ്തകത്തിലെ വരകളെക്കുറിച്ചും രണ്ടുവാക്ക്. മുഖചിത്രമായി പ്രസന്ന ആര്യന്റെ വര്‍ണ്ണാഭമായ ഒരു രചനയാണ് ഉപയോഗിച്ചിട്ടുള്ളത്. വര്‍ണ്ണങ്ങളുടെ ചാരുതയിലും വരകളുടെ തെളിമയിലും മികച്ചുനില്‍ക്കുന്ന രചന. കവിതകളുടെ ഇടയില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ചിലത് ത്രിമാന സ്വഭാവമുള്ളവയാണ്.

നിശ്ചല ദൃശ്യത്തിന്റെ കൃത്യത ചില ചിത്രങ്ങള്‍ പുലര്‍ത്തുന്നു. സര്‍റിയലിസ്റ്റിക് എന്ന് വിശേഷിപ്പിക്കാവുന്നവയും കൂട്ടത്തില്‍ കാണാം. കവയിത്രിയും ചിത്രകാരിയും ഒന്നുചേരുമ്പോള്‍ വാങ്മയങ്ങള്‍ക്ക് പൊലിമയും ഭാവരേഖകള്‍ക്ക് തനിമയും കൈവരുന്നു എന്നതിന് തെളിവാണ് “അഴിച്ചുവെച്ചിടങ്ങളില്‍നിന്നും…” എന്ന പ്രസന്ന ആര്യന്റെ പുതിയ പുസ്തകം.

-എ.പി.എന്‍

Share Button