കുഞ്ഞുണ്ണി മാഷുടെ രാഷ്ട്രീയ വിചാരം

“ആരോ പറഞ്ഞപോലെ,
ഏുറുപടക്കം തന്നെയാണ് ആ കവിത. എവിടെ വീണ് എപ്പോൾ, എത്ര ശക്തിയിൽ പൊട്ടുമെന്ന് നിശ്ചയിക്കാൻ പറ്റില്ല. ”
കുഞ്ഞുണ്ണിക്കവിതയുടെ ഊർജജസ്വലതയാണ് ശ്രീ. കെ.പി ശങ്കരൻ്റെ ഈ വരികൾ വ്യക്തമാക്കിത്തരുന്നത്.
ചാട്ടുളി പോലെ ഉള്ളിൽ തറയ്ക്കുന്ന ആ വരികൾക്ക് രാഷ്ട്രീയക്കാരെ വിമർശിക്കുമ്പോൾ മൂർച്ചയേറും; പ്രത്യേകിച്ചും സമകാലിക രാഷ്ട്രീയത്തിൻ്റെ അപചയത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ.
”രാക്ഷസനിൽ നിന്ന് ‘രാ’
ദുഷ്ടിൽ നിന്ന് ‘ഷ്ട് ‘
പീറയിൽ നിന്ന് ‘റ”
ഈച്ചയിൽ നിന്ന് ‘ഈ’
മായത്തിൽ നിന്ന് ‘യം’
രാഷ്ട്രീയം ”
എന്ന് നിർവ്വചിച്ച കവി
പട്ടി പെറുംപോലെ പിളർന്നു കൊണ്ടിരിക്കുന്ന
പാർട്ടികൾ ഒരു ശല്യമാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
പ്രത്യേകിച്ചൊരു രാഷ്ട്രീയ വിശ്വാസവും അദ്ദേഹം വെച്ചുപുലർത്തിയിരുന്നില്ല.”അനുകൂലിയാകാ ഞാൻ
പ്രതികൂലിയാകാ ഞാൻ
രണ്ടും വെറും കൂലിയാകയാലേ.. ”
എന്നതാണ് അതിന്നു കാരണം.
“മഞ്ഞച്ചെങ്കൊടി പാറുക കൊണ്ടീ നാടിനു മഞ്ഞപ്പിത്തം. ”
എന്ന് രാഷ്ട്രീയ പക്ഷപാതങ്ങൾ കണ്ട് പരിതപിക്കു മ്പോൾ തന്നെ,
“പൊളിറ്റിക് സിങ്ങനെയെന്നും പൊളിയാനെന്തു കാരണം പൊളിയാവുക കാരണം .” എന്ന സമാധാനം കണ്ടെത്തുവാനും കവിക്ക് കഴിയുന്നുണ്ട്.
രാഷ്ട്രീയ നേതാക്കളോടാണ് മാഷിന് ഏറെ ദേഷ്യമുണ്ടായിരുന്നത്.
” തുപ്പലിൽ കപ്പലോടിക്കുവാൻ
കെല്പുള്ളവർ ബഹുമന്ത്രിമാർ “എന്നും
നാവിനെല്ലില്ലാത്തവർക്കു
നട്ടെല്ലും കഷ്ടിയായിട്ടും” എന്നുംകവി തുറന്നടിക്കുന്നു.
ഇന്ത്യയിൽ രാഷ്ടീയക്കാർ
ധാരാളമുണ്ട്, പക്ഷെ രാഷ്ട്രീയമില്ല എന്നാണ്
മാഷുടെ നിരീക്ഷണം.
ഈ അവസ്ഥയിൽ ദുഃഖമുണ്ടങ്കിലും മാതൃരാ ജ്യത്തെ നന്നാക്കിയെടുക്കാൻ ശ്രമിക്കുന്നില്ല എന്നതിൽ നാണമൊന്നും തോന്നുന്നില്ലതാനും.
“ഇങ്കു ലാബിലും
സിന്ത ബാദിലും
ഇന്ത്യ തോട്ടിലും ” എന്ന വരികൾ തലതിരിഞ്ഞ
രാഷ്ട്രീയ പരീക്ഷണങ്ങളേയും ഭരണകർത്താക്കളുടെ
അവസരവാദത്തേയും
കപട രാഷ്ടീയ ബുദ്ധിജീവികളേയും കണക്കറ്റു പരിഹസിക്കുന്നു.
“രാഷ്ട്രം സ്വതന്ത്രമായിരിക്കണം
പക്ഷേ, സർക്കാരും ജനങ്ങളും
സ്വതന്ത്രരായിരിക്കരുത്.”
ഈ രാഷ്ട്രീയ ദർശനം പണിമുടക്കിയും ബന്ദു നടത്തിയും വിരാജിക്കുന്ന
ഇന്നത്തെ രാഷ്ട്രീയക്കാർക്ക്
സ്വീകാര്യമായെന്നു വരില്ല.
“തല മൊട്ടയായതിൽ പിന്നെ
ഗാന്ധി തൊപ്പിയിട്ടിട്ടില്ല.
ഗാന്ധി ഭക്തന്മാരാവട്ടെ
ചത്താലും തൊപ്പിയൂരില്ല.
എത്ര കാലം തൊപ്പിയിട്ടാലും മൊട്ടയാകുന്നതല്ലല്ലോ
അവരുടെ തല . ”
എന്നെഴുതിയപ്പോൾ തന്നെ,
“കേരളത്തിൽ മാർക്സ് മരിക്കില്ല.
മാർക്സിസം ജനിക്കയുമില്ല. “എന്നും
മാഷ് കുറിച്ചിട്ടു; കൂട്ടത്തിൽ ഓർമ്മിപ്പിക്കുകയും ചെയ്തു:
” ഇത്ര കാലവും നമ്മൾ മുഷ്ടി കൊണ്ടിടിച്ചിട്ടും ഇങ്കുലാബെന്ന വാക്ക് മലയാളമായില്ല ”
രാഷ്ട്രീയത്തിൻ്റെ ഭാവിയെക്കുറിച്ച്
കുഞ്ഞുണ്ണി മാഷ് ഉന്നയിച്ച ചോദ്യം പ്രസക്തമാണ്:
“മിനിയാന്ന് രാഷ്ട്രീയം,
ഇന്നലെ മായം ചേർത്ത രാഷ്ട്രീയം ,
ഇന്ന് രാഷ്ട്രീയം ചേർത്ത മായം,
നാളെയോ?
– എ.പി നളിനൻ
മലയാളദളം » Malayaladalam 