വിജയത്തിലേക്കുള്ള പ്രയാണം- മാറുന്നകളിക്കളങ്ങള്ക്ക് മാറുന്ന നൈപുണ്യങ്ങള്‍
വിജയം എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ ഈ ആഗ്രഹം സഫലമാകുന്നത് അല്പം ചിലര്‍ക്ക് മാത്രം. കാരണം വിജയം യാദൃശ്ചീകമായി സംഭവിക്കുന്ന ഒന്നല്ല. അത് സ്വയം നേടിയെടുക്കുന്നതാണ്. ആരും വിജയികളായി ജനിക്കുന്നില്ല. നിങ്ങളെ വിജയിയാക്കാന്‍ നിങ്ങള്‍ക്ക് മാത്രമെ കഴിയൂ. മറ്റാര്‍ക്കും ഇത് സാദ്ധ്യമല്ല.
എന്താണ് വിജയം ?
വിജയം എന്നത് പലര്‍ക്കും പലതാണ്. അത്കൊണ്ട് തന്നെ വിജയത്തിന് എല്ലാവര്ക്കും സ്വീകാര്യമായ ഒരു നിര്‍വ്വചനം കണ്ടെത്തുക എന്നത് സാദ്ധ്യമല്ല.
അതിവേഗമാറ്റങ്ങളുടെ കുത്തൊഴുക്കില്‍ ശാശ്വതം എന്ന് കരുതിയ പലതും പൊളിച്ചെഴുതപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ വിജയത്തിലേക്കുള്ള പ്രയാണം പ്രയാസമേറിയത് തന്നെയാണ്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പ്വരെ, അനുയോജ്യമായ വിദ്യാഭ്യാസം നേടുക, എന്തെങ്കിലും തൊഴിലിലൊ, ബിസിനസ്സിലോ ഏര്‍പ്പെടുക, അതില്‍ കഠിനാദ്ധ്വാനം ചെയ്യുക, ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ വിജയം ഏതാണ്ടുറ പ്പിക്കാമെന്ന അവസ്ഥയായിരുന്നു. ഇന്ന് ഈ സ്ഥിതി ആകെമാറി. നേടിയ വിജ്ഞാന ത്തിന്റെ മൂല്യം അതിവേഗം കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്നു. അതുപോലെ കഠിനാ ദ്ധ്വാനം കൊണ്ട് മാത്രം ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുന്നില്ല. ഇന്ന് ഹാര്‍ഡ് വര്‍ക്കി നെക്കാള്‍ പ്രാധാന്യം സ്മാര്‍ട്ട് വര്‍ക്കിനും, ഡീപ് വർക്കിനുമാണ് .
വേഗതയേറുന്ന മാറ്റങ്ങള്‍
മാറ്റങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും മാറ്റങ്ങള്‍ക്ക് ഇന്നത്തെവേഗതയുണ്ടായിരുന്നില്ല. അതിനാല്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള സമയവും, സാവകാശവും ലഭിച്ചിരുന്നു. ഇന്ന് അതില്ല. മാറ്റങ്ങള്‍ക്കനുയോജ്യമായ വിധത്തില്‍ സ്വന്തം വിജ്ഞാനത്തിലും നൈപുണ്യങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുമ്പോഴേക്കും പുതിയ മാറ്റങ്ങള്‍ കടന്ന് വരുന്നു. മാറ്റങ്ങള്‍ക്കൊപ്പം സ്വയം അപ്ഗ്രേഡ് ചെയ്യാന്‍ പറ്റാത്തവര്‍ ഏത് രംഗത്തായാലും പിന്തള്ളപ്പെടുകയും ചെയ്യുന്നു. ഇന്ന് സാങ്കേതികവിദ്യയും, ബയോടെക്നോളജിയും സംയുക്തമായുയര് ത്തുന്ന ദ്വന്ദവിപ്ലവം ലോകത്തെ ആകെ മാറ്റിമറിച്ചേക്കാം. ഇന്ന് വ്യക്തികള്‍ പരാജയപ്പെടുന്നത് ബുദ്ധിയുടെ അഭാവംകൊണ്ടല്ല. പക്ഷെ മാറ്റങ്ങളോട് പൊരുത്തപ്പെട്ട് പോകാനുള്ള ശ്രമങ്ങളില്‍ കാലതാമസം വരുന്നത്കൊണ്ടാണ്.
സ്വയം പുനര്‍നിര്‍മ്മാണം (Personal Reinvension)
പ്രതിസന്ധികളെ നേരിടാനായി രണ്ട് മാര്‍ഗ്ഗങ്ങളെയുള്ളൂ. ഒന്ന് പ്രതിസന്ധികളില്‍ മാറ്റം വരുത്തുക, അതല്ലെങ്കില്‍ പ്രതിസന്ധികളെ നേരിടാനായി സ്വയം മാറുക. ഇന്നത്തെ സാഹചര്യങ്ങളില്‍ മാറ്റങ്ങളെ ചെറുത്തത്കൊണ്ടോ, മാറ്റങ്ങള്‍ക്കെതിരെ പുറം തിരിഞ്ഞ് നിന്നത്കൊണ്ടോ കാര്യമില്ല. അവശേഷിക്കുന്ന ഏകപ്രതിവിധി സ്വയം മാറുക എന്നത് മാത്രമാണ്. ഇതിനുള്ള മാര്‍ഗ്ഗമാണ് സ്വയം നവീകരണം. നവീകരണം എന്നത്കൊണ്ടുദ്ദേശിക്കുന്നത് നിങ്ങളുടെ ഭൂതകാലത്തെ പാടെ ഉപേക്ഷിക്കുക എന്നല്ല, ഇപ്പോഴുള്ള നിങ്ങളെ ഭാവികാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി മാറ്റിയെടുക്കുക എന്നുള്ളത് മാത്രമാണ്.
ഇതെങ്ങനെ സാദ്ധ്യമാക്കാം ?
ഒന്നാമതായി ചെയ്യേണ്ടത് സ്വന്തം മാനസീകാവസ്ഥ (Mind set) മാറ്റിയെടുക്കുക എന്നതാണ്. മൈന്‍ഡ്സെറ്റ് മാറുമ്പോള്‍ വ്യക്തിയുടെ ജീവിതം തന്നെ മാറുന്നു. ഈ ലോകത്ത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരേ ഒരു കാര്യം നിങ്ങളുടെ ചിന്താഗതി കളാണ്. നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതിനെ ആസ്പദിച്ചായിരിക്കും നിങ്ങളുടെ ജീവിതം രൂപപ്പെടുന്നത്. അതിനാല്‍ എല്ലാഴ്പ്പോഴും, വളര്ച്ചാമനസ്ഥിതി (Growth Mind set) നിലനിര്‍ത്തേണ്ട തുണ്ട്. സ്വന്തം മാനസീകാവസ്ഥയെ നവീകരിക്കുവാനായി, 1990കളില്‍ കടന്ന്വന്ന പോസിറ്റീവ് സൈക്കോളജി, ഈയിടെ മാത്രം രൂപം പ്രാപിച്ച സൈക്കിടെക്ചര് (Psychitecture), തുടങ്ങിയ ആധുനിക മനഃശ്ശാസ്ത്രശാഖകളെ ഫല പ്രദമായി പ്രയോജനപ്പെടുത്താവുന്നതാണ്.
ആധുനികകാലം ആവശ്യപ്പെടുന്ന നൈപുണ്യങ്ങള്‍ (Skill set) സ്വായത്തമാക്കുക എന്നതാണ് നവീകരണത്തിന്റെ അടുത്തപടി. മാറുന്ന സാഹചര്യങ്ങളുമായി അതിവേഗം പൊരുത്തപ്പെടാനുള്ള കഴിവ്, വെല്ലുവിളികളെ നേരിടുമ്പോള്‍ കടുംപിടുത്തം (Rigidity) ഒഴിവാക്കി, അയവുള്ള സമീപനം (Flexibility) സ്വീകരിക്കുക എന്നീ നൈപുണ്യങ്ങള്‍, പുതിയകാലത്തിന്റെ ഒഴിവാക്കാനാവാത്ത ആവശ്യങ്ങളാണ്. ഇതോടൊപ്പം തന്നെ സര്ഗ്ഗാത്മശേഷി, വിമര്ശനാത്മകബുദ്ധി, വൈകാരികസന്തുലനം, ശക്തമായ ആശയ വിനിമയശേഷി തുടങ്ങിയ പലതും, പുതുയുഗ വെല്ലുവിളികളെ നേരിടാനുള്ള സുപ്രധാന നൈപുണ്യങ്ങളാണ്.
വിജ്ഞാനം അതിവേഗം കാലഹരണപ്പെട്ട് പോകുന്ന ഈ കാലത്ത് പഠനം തുടര്ന്ന്കൊണ്ടെയിരിക്കുവാനുള്ള കഴിവ് വിജയം നേടുവാനാവശ്യമായ മറ്റൊരു നൈപുണ്യമാണ്. ഒരു വ്യക്തി പഠനം നിര്‍ത്തുമ്പോള്‍ അയാള്‍ മരിക്കാന്‍ തുടങ്ങുന്നു എന്ന ഐന്‍സ്റ്റീന്റെ വാചകം ഇന്ന് ഏറെ പ്രസക്തമാണ്. എല്ലാം അറിയാം എന്ന മനോഭാവത്തില്‍ നിന്നും എല്ലാ പഠിച്ചെടുക്കാമെന്ന മനോഭാവത്തിലേക്ക് മാറുകയെ രക്ഷയുള്ളൂ.
പുതിയ കാലത്തിനാവശ്യമായ സ്കില്ലുകള്‍ നേടിയെടുത്താല്‍ മാത്രം പോര, അത് വിപണിയുടെ ശ്രദ്ധയില്‍ കൊണ്ട് വരികകൂടി ചെയ്യണം. ഇതിനാവശ്യമായ നൈപുണ്യമാണ് പേര്‍സണല്‍ ബ്രാന്‍ഡിങ്ങ്. ആള്‍കൂട്ടത്തില്‍നിന്ന് വേറിട്ട് നിന്നെങ്കില്‍ മാത്രമെ മുന്നോട്ടേക്ക് പോകാന്‍പറ്റൂ. ഇതിനായി സ്വന്തം വിജ്ഞാനവും നൈപുണ്യങ്ങളും ഏറ്റവും ആകര്‍ഷകമായരീതിയില്‍ സമൂഹത്തിന് മുന്പില് കാഴ്ച വെക്കുക എന്നതാണ് പേര്‍സണല്‍ ബ്രാന്‍ഡിങ്ങിന്റെ ലക്ഷ്യം. മറ്റേതൊരുല്പന്നവും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്പോലെ തന്നെ സ്വയം സമൂഹത്തില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നപ്രക്രിയയാണ് പേര്‍സണല്‍ ബ്രാന്‍ഡിങ്ങ്.
വിജയത്തിലേക്കുള്ള പ്രയാണം എല്ലായ്പ്പോഴും സുഗമമായിക്കൊള്ളണമെന്നില്ല. ഈ പ്രക്രിയയില്‍ ഉയര്‍ച്ചകളും, വീഴ്ചകളും സാധാരണമാണ്. ഏത്വിധതളര്ച്ചകളും തരണം ചെയ്ത് വളര്‍ച്ച തുടരുവാനുള്ള കഴിവാണ്, ഇന്ന് ഒഴിച്ച്കൂടാനാവാത്ത മറ്റൊരുനൈപുണ്യം. വിജയത്തിലേക്കുള്ള പാതയില്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് നേരെ ക്രിയാത്മകമായ സമീപനം പുലര്‍ത്തുമ്പോഴാണ് ഈ കഴിവ് സ്വായത്ത മാകുന്നത്.
മാറ്റങ്ങള്‍ക്കെതിരെ, അലസരും നിസ്സംഗരുമായിരിക്കുന്നവര്, മാറ്റങ്ങളുടെ കുത്തൊഴു ക്കില്‍ അപ്രസക്തരായി തീരുമെന്നത് തീര്‍ച്ചയാണ്. മാറ്റങ്ങളുടെ സമ്മര്‍ദ്ദം മൂലം, മാറാന്‍ നിര്‍ബന്ധിതരായി തീരുന്നതിന് മുന്‍പ്തന്നെ സ്വയം നവീകരണം എന്ന പാത സ്വീകരിക്കുന്നവരായിരിക്കും ഭാവിയിലെ സൂപ്പര്‍സ്റ്റാറുകള്‍.
—- എം. സുധാകരന്
മലയാളദളം » Malayaladalam 
