“മീശ മുളച്ച വീട്”
ചിത്രകാരികൂടിയായ കവയിത്രി പ്രസന്ന ആര്യന്റെ ഏറ്റവും പുതിയ കവിതാസമാഹാരമാണ് “മീശ മുളച്ച വീട്”. വൈവിധ്യമാര്‍ന്ന 34 കവിതകളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മിക്ക കവിതകള്‍ക്കും പ്രസന്നതന്നെ വരച്ചുചേര്‍ത്ത രേഖാ ചിത്രങ്ങളുമുണ്ട്. കോഴിക്കോട്ടെ മറുവാക്ക് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 140/- രൂപയാണ്. കെട്ടിലും മട്ടിലും അത്യാകര്‍ഷകമായ ഈ സമാഹാരത്തിന്റെ ഉള്ളടക്കടവും കൗതുകമുണര്‍ത്തുന്നതാണ്.
സാധാരണ വായനക്കാര്‍ക്ക് എളുപ്പത്തില്‍ വഴങ്ങുന്നവയല്ല പ്രസന്നയുടെ കവിതകള്‍ പ്രത്യേകമായ കാവ്യാനുശീലനം ഈ കവിതകള്‍ ആസ്വദിക്കാന്‍ ആവശ്യമാണ്. ഭാവസ്പന്ദ ങ്ങളെ തൊട്ടറിയാന്‍ തെളിഞ്ഞ മനസ്സും നിറഞ്ഞ സംവേദനക്ഷമതയും ഈ കൃതി ആസ്വാദകപക്ഷത്തുനിന്നും പ്രതീക്ഷിക്കുന്നു.
പ്രസന്നയുടെ കവിതകളധികവും പോസ്റ്റ് മോഡേണ്‍ രചനകളാണ്. ഒപ്പം റൊമാന്റിക് ഫാന്റസിയുടേയും സര്‍റിയലിസത്തിന്റേയും മിന്നലാട്ടങ്ങളും കാണാം. വാങ്മയങ്ങളുടെ ശക്തിയും സൌന്ദര്യവും നമ്മെ ബോദ്ധ്യപ്പെടുത്തുന്ന, ജീവിതത്തോട് ഗൗരവത്തോടെ സംവദിക്കുന്ന, മൂലൃബോധത്തിനുമേല്‍ കാലം വരുത്തുന്ന തിരുത്തലുകള്‍ രേഖപ്പെടുത്തുന്ന, മറവിയുടെ ഓര്‍മ്മപ്പാടുകള്‍ തെരയുന്ന പ്രസന്നയുടെ കവിതകളുടെ ചാരുത ശ്രദ്ധേയമാണ്.

പെരുംകാലത്തിന്റെ കിതപ്പും മിടിപ്പും വരച്ചുകാട്ടുന്ന ആദ്യകവിത “അടുക്കളജനലരികിലപ്പുറം” സവിശേഷ പഠനമര്‍ഹിക്കുന്നു. ഇവിടെ കാലമെന്ന സങ്കല്പനത്തിലേക്ക് ജീവിതത്തെത്തന്നെ ഉരുക്കിയൊഴിക്കുകയാണ് പ്രസന്ന. ആത്മാവിന്റെ വിങ്ങലുകള്‍ വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു; നമ്മുടെ ഉള്ളുലയ്ക്കുന്നു.
അരമതിലിന്നുമപ്പുറം നടവഴിയിലെ മയില്‍പ്പീലിത്തിളക്കവും ചെറുപ്രാവിന്റെ കുറുകലും ചെറുപൂച്ചകിറുങ്ങലും നടത്തത്തിന്റെ ചെടിപ്പില്‍ അറിഞ്ഞാസ്വദിക്കാന്‍ കഴിയാത്ത സന്ത്രാസം. ഒന്നും അറിയാന്‍ കഴിയുന്നില്ല എന്ന പരിഭവം.
“ഉപ്പും മുളകും തേങ്ങയും വഴറ്റിമുപ്പിച്ച്, പകലു വേവിച്ചങ്ങുലര്‍ത്തി വറ്റിച്ചതിന്‍ മണ മൊട്ടും ചോരാതെടുത്തു വെയ്ക്കുന്നതിനിടയില്‍ വഴിയില്‍ നിന്നൊരാള്‍ വിശന്നു വന്ന് നിന്ന് കുഴഞ്ഞു വീണ മരിച്ചു പോകുമോ എന്ന ചിന്തയില്‍ അടുക്കള വാതില്‍ മുഴുക്കെ ചേര്‍ത്തടച്ചിടുന്നു ഞാന്‍” എന്ന വരികളില്‍ ജീവിതത്തെ പാകപ്പെടുത്തുന്ന പ്രക്രിയ ഗ്രാമ്യ വാങ്ങ്മയങ്ങളില്‍ സമര്‍ത്ഥമായി വിവരിക്കപ്പെട്ടിരിക്കുന്നു.
ഒരേ സമയം ആവശ്യകതയും ബാദ്ധ്യതയുമായ വീടിനെക്കുറിച്ചുള്ള പരിചിന്തനങ്ങള്‍ ഈ സമാഹാരത്തില്‍ പലയിടത്തുമുണ്ട്. ഒരേ വീട്ടില്‍ വര്‍ഷങ്ങളോളം തങ്ങുമ്പോഴത്തെ മടുപ്പ് “ഞാനും വീടും” എന്ന കവിതയില്‍ സൂചിപ്പിക്കപ്പെടുന്നുണ്ട്. ഇരുന്നിടത്തിരുന്ന്, കിടന്നിടത്തു കിടന്ന്, കണ്ടവരെ മാത്രം കണ്ട് കാലം കഴിക്കുന്ന വിരസമായ ജീവിത വ്യാ പാരം. മാറി മാറി ഉടുപ്പിക്കുന്ന ഉടുപ്പുകളും കിടപ്പറയും ഉമ്മറവും അടുക്കളയും ചായപ്പാത്രവുമെല്ലാം ഏതോപുരാതനകാലം മണക്കുന്നു.

വീടുറങ്ങുമ്പോള്‍ വീടിന്റെ വേരിലേക്ക് ഈര്‍ന്നിറങ്ങി അവയുടെ ചാഞ്ഞിറക്കങ്ങളില്‍ ബോധം കെട്ടുറങ്ങുന്ന ഒരാത്മാവിന്റെ നിസ്സഹായത ഈ കവിത നമ്മെ ഓര്‍മ്മിപ്പിക്കുന്നു. “ഒറ്റമുറി”, “മീശ മുളച്ച വീട് എന്ന അശ്ലീലം”, “വീണ്ടും വീടെന്ന് നീയും നീയുമൊരൊറ്റ ശ്വാസത്തില്‍ പറഞ്ഞിരിക്കണം”, “ഇപ്പോഴുണ്ടായിട്ടും നമ്മുടേതല്ലാത്ത വീടിന്” എന്നീ കവിതകള്‍ വീട്ടിലെ പ്രാരാബ്ധങ്ങളും പൊല്ലാപ്പുകളുമാണ് പറഞ്ഞു വെയ്ക്കുന്നത്. കവിതയുടെ വരികള്‍ക്കിടയിലെ ഇടയിടങ്ങളെക്കുറിച്ച് പ്രസന്നക്ക് നല്ല ധാരണയുണ്ട്. ഈ ഇടയിടങ്ങളെ കവിതയില്‍ ഒളിപ്പിച്ചുവെയ്ക്കാനുള്ള കയ്യടക്കവുമുണ്ട്. “എവിടന്നോ കയറി എവിടയോ ഇറങ്ങി” എന്ന കവിതയില്‍ നിരങ്ങി നീങ്ങുന്ന താക്കോല്‍വാക്കുകളെക്കുറിച്ച് പറയുന്നുണ്ട്. “കൂട്ടം” എന്ന കവിത അക്ഷരങ്ങളുടെ കുട്ടംചേരലിനെക്കുറിച്ചും കുത്തി ക്കെട്ടുകളെക്കുറിച്ചുമാണ് വിവരിക്കുന്നത്.
“മീശ മുളച്ച വീട് എന്ന അശ്ലീലം” എന്ന കവിതയുടെ കാമ്പുതേടുമ്പോള്‍ അവബോധത്തിന്റെ അപരിചിത ലോകങ്ങളിലാണ് നാം എത്തിപ്പെടുന്നത്. കാരൃകാരണപൊരുത്തങ്ങള്‍ക്കുമപ്പുറം അശ്ലീലത്തെ ആഭരണമാക്കുന്ന വിചിത്രമായ സമീപനം. കടലോളമുണ്ടായിരുന്നതെല്ലാമടങ്ങി, വേലിയിറങ്ങി, തിരയടങ്ങിയൊരു തടാകമായി മാറുന്നു. തുറന്നു കിടക്കുന്ന വാതിലുകളെല്ലാമടയുന്നു.
ഉള്ളിതൊലികുളയലിനെ ഉല്‍ഖനനവുമായി ചേര്‍ത്തുപിടിക്കുന്ന കവിത ഒരു നവ്യാനുഭവമാണ്. തൊലിക്കാനുള്ളതെല്ലാം കണ്ണിലൂടെയും മൂക്കിലൂടെയും ഒഴുക്കി. ചമ്മന്തിയ്ക്ക് എരിവിത്തികൂടിയെന്നും പുളിയിത്തിരി കുറഞ്ഞെന്നും കണ്ടെത്തലുകള്‍. കണ്ണെന്താ ചുവ ന്നിരിക്കുന്നതെന്ന കണ്ണാടിയുടെ ചോദ്യം – ഒരു ചെറിയ ഗൃഹപാഠത്തില്‍ നിന്നും ഏറെ കാര്യങ്ങള്‍ പ്രസന്ന കുഴിച്ചെടുക്കുന്നു.

“കളിപ്പാട്ടക്കളരി” സാമാനൃംനീണ്ട കവിതയാണ്, വൃതിരിക്തവുമാണ്. ക്ലബ്ഹൗസില്‍, ജനല്‍, കാലിഫോര്‍ണിയ, ഭയം, ഡിമന്‍ഷ്യ, ആക്രി, ഒരു ലോകം ഉരുണ്ടുരുണ്ട്, ഒരു നൂല്പാ ലത്തിലൂടെയൊരാള്‍, തുന്നലഴിഞ്ഞ തൊട്ടിയറ, എന്തിനാണാവോ ഈ മഴയിങ്ങനെ ? എന്നീ കവിതകളും അഴകും ആഴവുമുള്ളവയാണ്. ഈ സമാഹാരത്തിനു കവിതകള്‍ക്കെല്ലാം തന്നെ അപൂര്‍വ്വമായ ഒരു വശൃതയുണ്ട്. ജനല്‍ക്കൊളുത്തില്‍ തൂങ്ങിയാടി അകംപുറം ചാടി നടക്കുന്ന കാറ്റിനെക്കുറിച്ചും പൂത്തുലയുന്ന ഭ്രാന്തിനെക്കുറിച്ചും ഓന്തിനെപ്പോലെ നിറം മാറുന്ന ഭൂമിയെക്കുറിച്ചും കടലിലെ തിരത്തോറ്റങ്ങളെക്കുറിച്ചും പെണ്ണുടല്‍ പരീക്ഷകളുടെ ചിത്രത്തുന്നലിനെക്കുറിച്ചും പ്രസന്നക്ക് പറയുവാനുണ്ട്. ഇമോഷണല്‍ ബ്ലാക്ക് മെയിലുകളും സീബ്രാക്രോസിംഗും, സൈലന്‍സറും, വെര്‍ച്ചല്‍ ജാലകവും, സ്രെടസ്സ് ബസ്റ്ററും ഒപ്പം മഴത്തിടുക്കങ്ങളും ഒന്നിച്ചുവേവുന്ന വേനലടുപ്പുകളും മനസ്സില്‍ കാത്തുവെച്ച വീടുകളും ചര്‍ച്ചക്ക് വിധേയമാവുന്നുണ്ട്.
അനുവാചകന്റെ ശ്രദ്ധയോടെയുള്ള വായനയിലൂടെ അനുഭവിച്ചറിയേണ്ടവയാണ് പ്രസന്ന ആര്യന്റെ കവിതകള്‍. മുമ്പു പ്രസിദ്ധീകരിക്കപ്പെട്ട “ചിലനേരങ്ങളില്‍ ചിലത്” ,“അഴിച്ചു വെച്ചിടങ്ങളില്‍നിന്നും” എന്നീ സമാഹാരങ്ങള്‍ക്കൊപ്പം കവയിത്രിയുടെ നിലപാടുകളുടേയും സര്‍ഗ്ഗസപര്യയുടേയും വികാസം ഈ പുതിയ കവിതാസമാഹാരം – “മീശ മുളച്ച വീട്” – അനാവരണം ചെയ്യുന്നു.
—- എ .പി. നളിനന്‍.
മലയാളദളം » Malayaladalam 